Web Desk

തിരുവനന്തപുരം

December 26, 2020, 10:31 pm

ദേശീയ പ്രസ്ഥാനത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പങ്കില്ലെന്ന് ആര്‍ക്കും പറയാനാവില്ല: കാനം

Janayugom Online

ഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തിൽ കമ്മ്യൂണിസ്റ്റുകാർക്ക് പങ്കില്ലെന്ന് ആർക്കും പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ രൂപീകരണ വാർഷികാഘോഷം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റുകാരുടെ ത്യാഗവും സമര പാരമ്പര്യവുമെല്ലാം നിരവധി സംഭവങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ സ്വാതന്ത്ര്യ സമരകാലഘട്ടത്തിന്റെ ചരിത്രം നിർമ്മിക്കുന്നതിനുള്ള പരിശ്രമം കേന്ദ്ര ഭരണാധികാരികൾ നടത്തിവരികയാണെന്നും കാനം അഭിപ്രായപ്പെട്ടു.

ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം ആർഎസ്എസിന് അവകാശപ്പെടാനില്ല. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ദൈർഘ്യമേറിയ ചരിത്രത്തിൽ ഒരു നിഴൽ പോലും വീഴാൻ അനുവദിക്കാത്ത സംഘടനയാണ് ആർഎസ്എസ്. സ്വാതന്ത്ര്യ സമരത്തിൽ നിന്ന് അകന്നു നിന്നു ഫാസിസ്റ്റ് ചുവടുപിടിച്ച് ഹിന്ദു രാഷ്ട്രമെന്ന ആശയമാണ് അവർ അന്നും മുന്നോട്ടുവച്ചത്. പതിയെ പതിയെ ഭൂരിപക്ഷം വരുന്ന മതവിശ്വാസികളെ ഇക്കിളിപ്പെടുത്തുന്ന നിലപാടുകൾ അവർ തുടർന്നു. ആർഎസ്എസിന്റെ പരിപൂർണ നിയന്ത്രണമുള്ള ബിജെപിയായി അവർ പരിവർത്തനം ചെയ്യപ്പെട്ടു. അതുകൊണ്ടാണ് ആർഎസ്എസിന്റെ പഴയ സ്വഭാവത്തിന് ഒരു മാറ്റവും ബിജെപിക്ക് ഉണ്ടാകാത്തതും അവർ അത് തെളിയിച്ചുകൊണ്ടിരിക്കുന്നതെന്നും കാനം പറഞ്ഞു.

പാർട്ടിക്കെതിരെയുള്ള സാമ്രാജ്യത്വ ശക്തികളുടെയും ഭരണകൂടങ്ങളുടെയും അക്രമങ്ങൾക്കെതിരെ ശക്തമായ ചെറുത്തു നിൽപ്പുകളിലൂടെ മുന്നോട്ട് പോകാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സാധിച്ചു. കമ്മ്യൂണിസ്റ്റുകാരായ ചെറുപ്പക്കാരാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം ഏത് തരത്തിലുള്ളതാകണം എന്ന് അഭിപ്രായം പറഞ്ഞത്. പൂർണസ്വരാജ് എന്ന ആശയം ദേശീയ പ്രസ്ഥാനത്തിൽ കൊണ്ടുവന്നത് തന്നെ കമ്മ്യൂണിസ്റ്റുകാരാണ്. കേവലം രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രം പോര, മൂലധന ശക്തികളിൽ നിന്ന് സ്വാതന്ത്യം നേടുന്ന ജനതയുള്ള രാജ്യത്തിനായി സാമ്പത്തിക സ്വാതന്ത്ര്യവും വേണമെന്ന ആശയവും ഉന്നയിക്കുകയുണ്ടായി. ഇന്ത്യയുടെ വൈവിധ്യങ്ങളെ സമന്വയിപ്പിച്ച് മുന്നോട്ട് പോകുക എന്ന നിലപാടാണ് കമ്മ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചിരുന്നത്. അപൂർവം സന്ദർഭങ്ങളിൽ ദേശീയ പ്രസ്ഥാനങ്ങളിൽ നിന്ന് അകന്നു പോകുന്ന നിലപാടുകൾ കമ്മ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചിട്ടുണ്ട്. അതിന്റെ തെറ്റും ശരിയുമെല്ലാം പാർട്ടി വിലയിരുത്തുകയും തിരുത്തുകയും ചെയ്തിട്ടുണ്ട്.

മതനിരപേക്ഷതയുടെ തത്വങ്ങൾക്കെതിരായി ഇന്ത്യൻ രാഷ്ട്രീയത്തിൽ ആർഎസ് എസ് നിലനിൽക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി മതനിരപേക്ഷതയെ ഉയർത്തിപ്പിടിക്കാനാണ് ശ്രമിക്കുന്നത്. മതനിരപേക്ഷതയുടെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിക്കൊണ്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി എപ്പോഴും ജനങ്ങൾക്കൊപ്പമാണെന്നും കാനം പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തിൽ പരിമിതമായ ആഘോഷങ്ങളോടെയാണ് 95-ാമത് സ്ഥാപകദിനം സമുചിതമായി ആചരിക്കുന്നത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്ര രേഖകൾ പരിശോധിച്ചാൽ കാൺപൂരിൽ നടന്ന സമ്മേളനമാണ് ഔദ്യോഗികമായ രേഖകളിലുള്ളത്. നിർഭാഗ്യകരമെന്ന് പറയട്ടെ ഇപ്പോൾ പാർട്ടിയുടെ പ്രായത്തെ സംബന്ധിച്ച് പോലും ചില തർക്കങ്ങളുണ്ടായിട്ടുണ്ട് എന്നത് കാലഘട്ടത്തിന്റെ പ്രത്യേകതയാണെന്ന് കാനം പറഞ്ഞു.

കമ്മ്യൂ ണിസ്റ്റ് പാർട്ടി പിളർപ്പിന് മുൻപ് അംഗീകരിച്ച രേഖകളിലും, പാർട്ടി ഔദ്യോഗികമായി തയ്യാറാക്കിയ ചരിത്രവുമെല്ലാം പറയുന്നത് കാൺപൂർ സമ്മേളനമാണ് പാർട്ടിയുടെ സ്ഥാപക സമ്മേളനമെന്നാണ്. അതിന് മുന്‍പുണ്ടായിരുന്ന ഏതെങ്കിലും ഗ്രൂപ്പുകളാണ് പാർട്ടിയെ സ്ഥാപിച്ചത് എന്ന് ഇന്നാരെങ്കിലും പറഞ്ഞാൽ അതിന് അടിസ്ഥാനമില്ലെന്ന് 1925‑ൽ തന്നെ തീരുമാനിച്ചിട്ടുണ്ടെന്നും കാനം പറഞ്ഞു.

എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്നത്തിൽ സജീവമായി ഇടപെട്ടതിനാലാണ് ഇടതു മുന്നണി തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയത്. കോൺഗ്രസ് ഉൾപ്പെടെ മതനിരപേക്ഷ നിലപാടുകളിൽ നിന്ന് വ്യതിചലിച്ചു. ജനങ്ങളെ മനസിലാക്കി സന്മനസുള്ളവരുടെ സംഘമായി പ്രവർത്തിക്കാൻ ജനപ്രതിനിധികളുടെ കൂട്ടായ്മയ്ക്ക് കഴിയണം, വ്യത്യസ്തരായ ജനപ്രതിനിധികളാകാന്‍ എല്ലാവർക്കും കഴിയണമെന്നും ചടങ്ങിൽ പങ്കെടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ച ജനപ്രതിനിധികളെ കാനം ആശംസിച്ചു.

ചടങ്ങിൽ പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച സി ദിവാകരൻ എംഎൽഎ രചിച്ച ‘ചിലി എന്ന പോരാട്ട ഭൂമി’, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു രചിച്ച ‘ഇന്ത്യ അന്നും ഇന്നും’ എന്നീ പുസ്തകങ്ങൾ കാനം രാജേന്ദ്രൻ പ്രകാശനം ചെയ്തു.

സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ജി ആർ അനിൽ അധ്യക്ഷനായി. ഗ്രന്ഥകര്‍ത്താക്കള്‍ക്കുപുറമെ ഡെപ്യൂട്ടി സ്പീക്കർ വി ശശി, വി പി ഉണ്ണികൃഷ്ണൻ, അഡ്വ. ജെ വേണുഗോപാലൻ നായർ, അരുൺ കെ എസ്, സോളമൻ വെട്ടുകാട്, മാങ്കോട് രാധാകൃഷ്ണൻ, പള്ളിച്ചൽ വിജയൻ, മീനാങ്കൽ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Eng­lish sum­ma­ry: CPI Foun­da­tion day speech by Kanam Rajendran

You may also like this video: