സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റുമായ കനയ്യകുമാറിനും അദ്ദേഹം നയിക്കുന്ന ജനഗണമന യാത്രയ്ക്കും ആവശ്യമായ സുരക്ഷയൊരുക്കണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിനയച്ച കത്തിൽ ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമം അംഗീകരിച്ച കേന്ദ്ര സർക്കാർ നടപടി രാജ്യത്തെയാകെ പ്രക്ഷുബ്ധാവസ്ഥയിലെത്തിച്ചിരിക്കുകയാണ്. രാജ്യത്താകെയുള്ള ജനങ്ങൾ മതങ്ങൾക്കും പ്രദേശങ്ങൾക്കും ഭാഷകൾക്കും ജാതിബന്ധങ്ങൾക്കും അതീതമായി ആസേതുഹിമാചലം പ്രതിഷേധത്തിലും പ്രക്ഷോഭത്തിലുമാണ്.
ബിഹാറിലും ജനങ്ങൾ പ്രക്ഷോഭത്തിലാണ്. സിഎഎ, എൻആർസി, എൻപിആർ എന്നിവയ്ക്കെതിരെ ജനുവരി 30 മുതൽ ബിഹാറിലെ ചമ്പാരനിൽ നിന്ന് ആരംഭിച്ച ജനഗണമന യാത്ര കനയ്യകുമാർ നയിച്ചുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 27 ന് പട്നയിൽ സമാപിക്കുന്നവിധത്തിലാണ് യാത്ര മുന്നേറുന്നത്. എന്നാൽ ഈ പ്രചാരണത്തെ എതിർക്കുന്ന ചില ശക്തികളും അക്രമികളും കനയ്യകുമാറിനെ ലക്ഷ്യമിട്ട് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ അക്രമം അഴിച്ചുവിടുകയാണ്. കഴിഞ്ഞ ദിവസം ആരയ്ക്ക് സമീപത്തുവച്ച് മാരകമായ അക്രമമാണുണ്ടായതെങ്കിലും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഈ സാഹചര്യത്തിൽ ബോംബെ ഹൈക്കോടതി നടത്തിയ നിരീക്ഷണം കത്തിൽ രാജ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഒരു നിയമത്തെ എതിര്ക്കുന്നുവെന്നതുകൊണ്ട് മാത്രം അവരെ ദേശദ്രോഹികളെന്നോ ദേശവിരുദ്ധരെന്നോ വിളിക്കരുതെന്നായിരുന്നു അത്. അതുകൊണ്ട് കനയ്യകുമാറിനും ജനഗണമന യാത്രയ്ക്കും ആവശ്യമായ സുരക്ഷയൊരുക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കത്തിൽ രാജ ആവശ്യപ്പെട്ടു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.