June 6, 2023 Tuesday

സിപിഐ അഭിവാദ്യം ചെയ്തു

Janayugom Webdesk
January 8, 2020 8:54 pm

ഡൽഹി: ദേശീയ പണിമുടക്കും ഗ്രാമീണ ബന്ദും ചരിത്ര വിജയമാക്കിയ തൊഴിലാളികളെയും കർഷകർ, കർഷകത്തൊഴിലാളികൾ, സർക്കാർജീവനക്കാർ, അധ്യാപകർ, ബാങ്കിംഗ് മേഖലയിലെ ജീവനക്കാർ എന്നിവരെയും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അഭിവാദ്യം ചെയ്തു. ജനവിരുദ്ധ, തൊഴിലാളി — കർഷക ദ്രോഹ നയങ്ങൾ പിന്തുടരുന്ന ആർഎസ്എസ് നിയന്ത്രണത്തിലുള്ള ബിജെപി സർക്കാരിനെതിരായ ശക്തമായ താക്കീതാണ് ഏകദിന പണിമുടക്കെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.

കോടിക്കണക്കിന് തൊഴിലാളികളും ജീവനക്കാരും കർഷകരും കർഷകത്തൊഴിലാളികളും ഗ്രാമീണ ജനവിഭാഗങ്ങളും പണിമുടക്കിൽ അണിചേർന്നു. മോഡി സർക്കാരിന്റെ നയങ്ങൾക്കെതിരെ കച്ചവടക്കാരും വ്യാപാരികളും പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിനാൽ രാജ്യത്താകമാനമുള്ള നഗരങ്ങളിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിലും യോഗി ആദിത്യനാഥിന്റെ ഗോരക്പൂരിൽ പോലും ബന്ദിനെ പിന്തുണച്ചുകൊണ്ട് കടകമ്പോളങ്ങൾ അടച്ചിട്ടു.

ബാങ്കിംഗ്, ധനകാര്യം, പ്രതിരോധം, കാർഷിക മേഖല എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലെയും ജീവനക്കാരിൽ നിന്നും തൊഴിലാളികളിൽ നിന്നും തന്റെ സർക്കാരിന്റെ നവലിബറൽ നയങ്ങൾക്കെതിരായുയർന്ന ശക്തമായ എതിർപ്പാണ് പണിമുടക്കിൽ പ്രകടിപ്പിക്കപ്പെട്ടത്. ഈ ചുവരെഴുത്ത് വായിക്കാൻ ഇനിയെങ്കിലും നരേന്ദ്ര മോഡി തയ്യാറാകണം. ഇതിന്റെ അടിസ്ഥാനത്തിൽ തൊഴിലാളി വിരുദ്ധ, നവലിബറൽ സാമ്പത്തിക നയങ്ങളുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് പിന്തിരിയണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
വ്യാവസായിക മേഖലയിലെ സമാധാനം, ഗ്രാമീണ വളർച്ച തുടങ്ങിയവ പുനഃസ്ഥാപിക്കുന്നതിനായി തൊഴിലാളിവർഗവും കർഷകരും ഉന്നയിച്ചിരിക്കുന്ന ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട സിപിഐ സെക്രട്ടേറിയറ്റ് രാജ്യത്തിന്റെ നഗര‑ഗ്രാമ പ്രദേശങ്ങളിൽ നിന്നുള്ള തൊഴിലാളികളും മറ്റ് ജനവിഭാഗങ്ങളും മോഡി സർക്കാരിനെതിരായ പോരാട്ടം തുടരുന്നതിന് എല്ലാവിധ ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.

Eng­lish Sum­ma­ry: CPI greet­ed The nation­al strike supporters

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.