27 March 2024, Wednesday

Related news

March 25, 2024
March 24, 2024
March 24, 2024
March 23, 2024
March 23, 2024
March 22, 2024
March 21, 2024
March 21, 2024
March 20, 2024
March 20, 2024

ഭരണഘടനയുടെ വലിയ വെല്ലുവിളി കേന്ദ്ര ഭരണകൂടം: കാനം രാജേന്ദ്രന്‍

Janayugom Webdesk
September 15, 2022 8:52 pm

ഭരണഘടനയെയും ദേശീയ പതാകയെയും അംഗീകരിക്കാത്ത, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമല്ലാതിരുന്ന ആളുകള്‍ അധികാരത്തില്‍ ഇരിക്കുന്നു എന്നതാണ് ഭരണഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന ‘ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.

 

 

സ്വാതന്ത്ര്യവും ജനാധിപത്യവും പൗരാവകാശവും തുടങ്ങിയവയെല്ലാം നിയമനിര്‍മ്മാണ സഭ തലനാരിഴ കീറി പരിശോധിച്ചും ചര്‍ച്ച ചെയ്ത ശേഷമാണ് ഭരണഘടനയ്ക്ക് രൂപം നല്‍കിയത്. പല ആശയങ്ങള്‍ സ്വീകരിക്കുകയും ചിലത് സ്വീകരിക്കാതിരിക്കുകയും ചെയ്തു. അംബേദ്കറും നെഹ്രുവും വല്ലഭായ് പട്ടേലുമെല്ലാം ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1925ല്‍ രൂപീകരിച്ച ശേഷം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെയും ഭരണഘടനാ നിര്‍മ്മാണ സഭയിലും പങ്കാളിയായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് സോമനാഥ് ലാഹരി ആ സഭയുടെ എക്സിക്യൂട്ടീവ് അംഗമായിരുന്നു. എസ് എ ഡാങ്കെ പ്രവിശ്യാതെരഞ്ഞെടുപ്പിലൂടെ മത്സരിച്ച് ജയിച്ച് ഈ സഭയിലെത്തിയ കമ്മ്യൂണിസ്റ്റ് നേതാവാണ്.

ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കും ശേഷം ഔദ്യോഗികമായി അംഗീകരിച്ച ഭരണഘടന, സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വര്‍ഷം പിന്നിടുമ്പോഴേക്കും പലസന്ദര്‍ഭങ്ങളിലായി നൂറിലധികം ഭേദഗതികള്‍ വരുത്തി. എന്നിട്ടും അതിന്റെ അടിസ്ഥാനലക്ഷ്യം നിലകൊണ്ടു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ ഭരണഘടന പല വെല്ലുവിളികളെയും നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന പറയുന്നതും ഭരണകൂടം പ്രവര്‍ത്തിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ വളരെ അധികം ചൂണ്ടിക്കാണിക്കാനുണ്ട്. ഭരണഘടനയെയും ദേശീയ പതാകയെയും അംഗീകരിക്കാത്ത, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമല്ലാതിരുന്ന ആളുകള്‍ അധികാരത്തില്‍ ഇരിക്കുന്നു എന്നതാണ് ഭരണഘടന നേരിടുന്ന ആദ്യത്തെ വെല്ലുവിളി. ത്രിവര്‍ണ പതാക ഇന്ത്യയുടെ ദേശീയ പതാകയായി അംഗീകരിച്ചപ്പോള്‍ അതിനെതിരെ സംസാരിക്കുകയും കാവിക്കൊടി പോരെ ഇന്ത്യക്ക് എന്ന് ചോദിക്കുകയും ചെയ്ത ആര്‍എസ്എസ് ആണ്, സംഘ്പരിവാര്‍ പ്രസ്ഥാനമാണ് ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. ആ ദേശീയ പതാകയെ അപമാനിച്ചവര്‍ കോടിക്കണക്കിന് ദേശീയ പതാക തയ്യാറാക്കി വിതരണം ചെയ്തുവെന്നത് വിരോധാഭാസവുമാണ്. അവര്‍ക്ക് ദേശീയ താല്പര്യങ്ങളുണ്ട്. അവരുടെ ദേശീയ താല്പര്യങ്ങളില്‍ മനുഷ്യന്റെ ആവശ്യങ്ങളില്ല. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ സാധിക്കുന്നില്ല എന്നതാണ് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം. ഭരണഘടനയുടെ സംരക്ഷണം ജനാധിപത്യത്തിന് ആവശ്യമാണ് എന്ന തിരിച്ചറിവില്‍ നിന്ന് മതേതരത്വം, പൗരസ്വാതന്ത്ര്യം, ഫെഡറല്‍ സംവിധാനം എന്നിവ നിലനിര്‍ത്താനാവശ്യമായ ജനകീയ പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ടുവരിക എന്നതാണ് അതിനുള്ള പരിഹാരം.

 

 

ജനാധിപത്യ സംവിധാനത്തിന്റെ നിലവിലെ സമ്പ്രദായം അനുസരിച്ച് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടുന്നവര്‍ അധികാരത്തിന്റെ ശ്രേണിയില്‍ ഇരിക്കാം എന്നതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി ഭരണം നിര്‍വഹിക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് 37 ശതമാനം വോട്ടുമാത്രമാണ് ലഭിച്ചത്. ഭൂരിപക്ഷം ആളുകളും അവരുടെ ആശയങ്ങളോടും ഭരണരീതികളോടും എതിര്‍ത്തുനില്‍ക്കുന്നവര്‍ ആണെന്നതാണ് യാഥാര്‍ത്ഥ്യം.

മതനിരപേക്ഷ രാഷ്ട്ര സങ്കല്പത്തെ മതരാഷ്ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിലാണ് ബിജെപി ശ്രമിക്കുന്നത്. മതത്തിന്റെ ആധിപത്യത്തിനാണ് അവര്‍ നിലകൊള്ളുന്നത്. മതേതരത്വത്തിനായി വാദിക്കുന്നവരെ ആക്രമിക്കുന്നു. ന്യൂനപക്ഷങ്ങളും കമ്മ്യൂണിസ്റ്റുകാരും രാജ്യത്തിന്റെ ശത്രുക്കളാണെന്ന് ആവരുടെ ആശയങ്ങള്‍ പറയുന്നു. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള ചുമതല ഓരോ പൗരനുമുണ്ട്. അതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും മുഖ്യപങ്കുവഹിക്കാനുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയ കക്ഷികള്‍ വളരെ യോജിപ്പോട് കൂടി ഇത്തരം പ്രശ്നങ്ങളെ നോക്കിക്കാണുകയും അതിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടമാണിത്. ആ പോരാട്ടത്തില്‍ വിജയം നമ്മുടേതാണ് എന്ന് ഉറപ്പിച്ചുകൊണ്ട് മുന്നിട്ടിറങ്ങാന്‍ എല്ലാ കമ്മ്യൂണിസ്റ്റുകാരും തയാറാകണം. ജനാധിപത്യ വിശ്വാസികള്‍ അവരോടൊപ്പം സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ അന്തഃസത്ത സംരക്ഷിക്കുക എന്നത് പരമപ്രധാനമാണെന്ന് സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തിയ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളാകെ അട്ടിമറിക്കപ്പെടുകയാണ്. ജനാധിപത്യ സ്ഥാപനങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയാണ്. അധികാരം എക്സിക്യുട്ടീവിൽ കൂടുതലായി കേന്ദ്രീകരിക്കുകയാണ്. ദോശ ചുട്ടെടുക്കുന്ന ലാഘവത്തിലാണ് പാർലമെൻറിൽ നിയമങ്ങൾ നിർമ്മിക്കുന്നത് എന്നും രാജേഷ് കൂട്ടിച്ചേർത്തു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ, മാധ്യമ പ്രവർത്തകൻ ഡോ. കെ അരുൺകുമാർ എന്നിവർ പ്രസംഗിച്ചു. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധകൃഷ്ണൻ അധ്യക്ഷനായി. അരുൺ കെ എസ് സ്വാഗതവും വി ശശി എംഎൽഎ നന്ദിയും പറഞ്ഞു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.