മുതിര്‍ന്ന സിപിഐ നേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറും സിഎ കുര്യന് (88)അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് പുലർച്ചെ മൂന്നാറി ൽ ടാറ്റ ടി ജനറൽ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. മൂന്ന് തവണ പീരുമേട് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. പത്താം കേരള നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കർ ആയിരുന്നു. കോട്ടയം പുതുപ്പള്ളിയില്‍ ആയിരുന്നു ജനനം. പിതാവ് എബ്രഹാം. അഞ്ച് തവണ കേരള നിയമസഭയിലേയ്ക്ക് പീരുമേട് മണ്ഡലത്തിൽ നിന്നും മത്സരിച്ചു. ഇതിൽ മൂന്നു തവണ വിജയിച്ചു. 1977 ൽ പീരുമേട് നിയോജകമണ്ഡലത്തിൽ നിന്ന് അഞ്ചാമത്തെ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980–82 കാലഘട്ടത്തിൽ ആറാമത് കേരള നിയമസഭയിലും 1996–2001 കാലഘട്ടത്തിൽ പത്താം കേരള നിയമസഭയിലും ഇതേ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു.
പത്താം കേരളാ നിയസഭയുടെ ഡെപ്യുട്ടി സ്പീക്കറായിരുന്ന സി എ കുര്യൻ 2001 മെയ് 16 വരെ ഈ സ്ഥാനത്ത് തുടർന്നു. 1984ൽ ഇടുക്കിയിൽ നിന്നും പാർലമെന്റിലേക്ക് മത്സരിച്ചിരുന്നു. നിലവിൽ സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ അംഗമാണ്. എ ഐ ടി യു സിയുടെ സ്റ്റേറ്റ് സെക്രട്ടറി, ഓൾ ഇന്ത്യ പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി, സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ദേവികുളം എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ്, ഹൈറേഞ്ച് എസ്റ്റേറ്റ് ലേബർ യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. മുന്നാറിലെ തേയില തോട്ടം മേഖലയിലെ ഇടതു പക്ഷപ്രസ്ഥാനം കെട്ടിപ്പെടുത്താൻ മുന്നിട്ടിറങ്ങിയ ഏറ്റവും പ്രധാന നേതാക്കളിൽ ഒരാളായിരുന്നു സി എ കുര്യൻ.
ഡിഗ്രി കോഴ്സിൽ പഠിക്കുമ്പോൾ ബാങ്കിൽ ജോലി നേടി. 1960 ൽ ബാങ്കിലെ ജോലി രാജിവച്ചതിനുശേഷം അദ്ദേഹം ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. യൂണിയൻ പ്രവർത്തനങ്ങൾക്കിടെ കേസ്സുകളിൽ പെട്ട് വിവിധ ജയിലുകളിൽ 27 മാസം കിടന്ന ഇദ്ദേഹം 1965–66 കാലഘട്ടത്തിൽ 17 മാസം വിയൂർ ജയിലിൽ തടവിലായിരുന്നു. സിപി യുടെ ദേശിയ കൗൺസിൽ അംഗം തുടങ്ങി നിരവധി സ്ഥാനമാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. എ ഐ ടി യു സി യുടെ മുന്നാറിലെ അവസാന വാക്കായിരുന്നു സി എ കുര്യൻ. ഭാര്യ പരേതയായ തങ്കമ്മ. മക്കൾ: ഷിബു, ഷെറിൻ,ഷാജി.
ENGLISH SUMMARY:CPI leader CA Kurian passed away
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.