മുതിർന്ന സി പി ഐ നേതാവ് കെ സി പ്രഭാകരൻ വിടവാങ്ങി

Web Desk
Posted on April 18, 2019, 5:59 pm

പറവൂർ: സ്വാതന്ത്ര്യ സമര സേനാനിയും മുതിർന്ന സി പി ഐ നേതാവുമായ കെ സി പ്രഭാകരൻ അന്തരിച്ചു. 96 വയസ്സായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ 10.30 വരെ ആലുവ ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും തുടർന്ന് 11.30 ന് പറവൂർ ഘണ്ടകർണവെളിയിലുള്ള വീട്ടുവളപ്പിൽ സംസ്‌കരിക്കും. സി പി ഐ യുടെയും എ ഐ ടി യു സി യൂണിയൻറെയും സംസ്ഥാന നേതൃത്വത്തിലെ മുൻനിര പ്രവർത്തകനായിരുന്ന കെ സി പ്രഭാകരൻ പത്തുവർഷത്തിലേറെയായി വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

തൊഴിലാളി വർഗ്ഗത്തെ ചെങ്കൊടിക്ക് കീഴിൽ അണിനിരത്തി പോരാട്ട വീഥിക്ക് പുതുശോഭ പകർന്ന വിപ്ലവ നക്ഷത്രമായ കെ സി പ്രഭാകരൻ പുന്നപ്രയും കയ്യൂരുംപോലെ കമ്മ്യുണിസ്റ്റ് പ്രക്ഷോഭത്തിൻറെ തീ നാമ്പായിമാറിയ പാലിയം സമര ഭൂമിയിൽ രക്ത പതാക നെഞ്ചോട് ചേർത്ത തലമുതിർന്ന നേതാവാണ് കെ സി എന്നറിയപ്പെടുന്ന കെ സി പ്രഭാകരൻ. വിദ്യാർഥി ആയിരിക്കെയാണ് കെ സി പൊതുപ്രവർത്തനത്തിൽ ആകൃഷ്ടനാകുന്നത്.

1925 സെപ്റ്റംബറിൽ വൈക്കം താലൂക്കിൽ കുലശേഖര മംഗലം ചേന്നോട് പുത്തൻപുരയിൽ പരമേശ്വരൻ പിള്ളയുടെയും ലക്ഷ്മി കുട്ടിയമ്മയുടെയും മകനായി ജനിച്ച പ്രഭാകാരൻ കുലശേഖരമംഗലം ഹൈസ്‌കൂൾ, മുവാറ്റുപുഴ എൻ എസ് എസ് സ്‌കൂൾ, വൈക്കം ഗവൺമെൻറ് ഹൈസ്‌കൂൾ, ചേന്ദമംഗലം പാലിയം ഹൈസ്‌കൂൾ, ആലുവ യു സി കോളേജ് എന്നിവിടങ്ങളിലായിട്ടാണ് വിദ്യാഭ്യാസം നേടിയത്. 1949 മുതൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടുപോലും തിരുവിതാം കൂറിന് സ്വതന്ത്രമായ പദവി ലഭിച്ചിരുന്നില്ലാത്ത കാലം. അന്നത്തെ സ്റ്റേറ്റ് കോൺഗ്രസ്സ് നേതൃത്വം സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം ആരംഭിക്കുന്നതിനുള്ള മാർഗങ്ങളെ കുറിച്ച് തിരുവിതാംകൂറിലെ കമ്മ്യുണിസ്റ്റ് പാർട്ടിയുമായി ആലോചനയുണ്ടായി. ഈ കാലഘട്ടത്തിൽ ആലുവ യു സി കോളേജിലെ വിദ്യാർഥിയായിരുന്നു പ്രഭാകരൻ.

1947 കാലഘട്ടത്തിൽ അന്നത്തെ വിദ്യാർഥി ഫെഡറേഷൻ പ്രവർത്തകരായിരുന്ന ജെ ചിത്തരഞ്ജൻ, ഐസക്ക് തോമസ് എന്നിവരുടെ നേതൃത്വത്തിൽ തിരുവിതാംകൂറിൻറെ അതിർത്തിയായിരുന്ന കാലടിക്ക് സമീപം മാണിക്യമംഗലം ഹൈസ്‌കൂളിൽ നിന്നും പിരിച്ചുവിട്ട ഒരു വിദ്യാർഥിയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ആ സ്‌കൂളിലെ വിദ്യാർഥികളെ അണിനിരത്തികൊണ്ട് ഒരു സമരം സംഘടിപ്പിച്ചു. അതിനു ശേഷമാണ് പറവൂർ ടി കെ നാരായണപിള്ളയെയും എൻ ശിവൻ പിള്ളയെയും കണ്ടുമുട്ടുന്നത്. ഇവരോടൊപ്പം സ്റ്റേറ്റ്

കോൺഗ്രസ്സിൻറെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതോടെ പോലീസ് പിടികൂടുകയും എൻ ശിവൻപിള്ളയോടൊപ്പം ഒൻപത് മാസം ആലുവ സബ് ജയിലിലും കിടക്കേണ്ടി വന്നു. പിന്നീട് പാലിയം സമര രക്തസാക്ഷി എ ഐ ജലീലിനെ കണ്ടുമുട്ടിയതാണ് രാഷ്ട്രീയ രംഗത്ത് വഴിത്തിരിവായത്.വിദ്യാർഥി ആയിരിക്കെത്തന്നെ സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന പാലിയം സമരത്തിൽ എ ഐ ജലീൽ, പി ഗംഗാധരൻ എന്നിവരോടൊപ്പം പങ്കെടുത്തു.

കമ്മ്യുണിസ്റ്റ് പാർട്ടിക്ക് നിരോധനം ഏർപ്പെടുത്തിയ കാലം. ജലീലിനോടൊപ്പം എളന്തിക്കരയിൽ വച്ച് പോലീസ് അറസ്റ്റു ചെയ്യുകയും പതിനൊന്ന് മാസക്കാലം പറവൂർ ലോക്കപ്പിൽ ക്രൂരമായ പോലീസ് മർദ്ദനങ്ങൾക്കും വിധേയനായി. പിന്നീട് പൂജപ്പുര സെൻറർ ജയിലിലും ഒന്നര വർഷക്കാലം കഠിന തടവും അനുഭവിക്കേണ്ടി വന്നു.

ഭാര്യ: കമല ആദ്യകാല കേരള മഹിളാസംഘം ജില്ലാ സെക്രട്ടറിയായിരുന്നു. മക്കൾ രമ ശിവശങ്കരൻ ( പറവൂർ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, സി.പി.ഐ ജില്ലാ കമ്മിറ്റിംഗം) പ്രേമചന്ദ്രൻ, ശ്രീലത, മായമേനോൻ (സിയാൽ, കൊച്ചി) പരേതരായ ബാലചന്ദ്രൻ, പ്രതാപചന്ദ്രൻ. മരുമക്കൾ: പത്മജ, ശിവശങ്കരൻ (മാനേജർ ചിന്മയ ഇൻ്റനാഷണൽ ഫൗണ്ടേഷൻ) ശ്രീകല, സോമസുന്ദ്രൻ നായർ(റ്റാറ്റാ ടീ) സുരേഷ് മേനോൻ ( ലുലു ഇൻ്റർനാഷണൽ) ഇന്ന് (19–04) രാവിലെ 9.30 മുതൽ 10.30 വരെ ആലുവ ടൗൺഹാളിൽ പൊതുദർശനത്തിനു ശേഷം 11.30 വീട്ടുവളപ്പിൽ സംസ്കരിക്കും.