എം സുജനപ്രിയന്‍ അന്തരിച്ചു

Web Desk
Posted on July 06, 2018, 11:43 am

തിരുവനന്തപുരം: തലമുതിര്‍ന്ന  കമ്മ്യൂണിസ്റ്റ് നേതാവും പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവുമായ എം സുജനപ്രിയന്‍ അന്തരിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ  അംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹം അസംഘടിത തൊഴിലാളി വിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിലും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിലും  വീറുറ്റ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. അസംഘടിത തൊഴിലാളി വിഭാഗമായ കെട്ടിടനിര്‍മാണ തൊഴിലാളികളെ കേരളത്തില്‍ ആദ്യമായി സംഘടിപ്പിച്ചതും അവരുടേതായ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം രൂപീകരിച്ചതും എം സുജനപ്രിയന്റെ നേതൃത്വത്തിലായിരുന്നു.

കെട്ടിട  നിര്‍മാണ തൊഴിലാളി യൂണിയന്‍ (എഐടിയുസി) രൂപീകരിക്കപ്പെട്ട  കാലം മുതല്‍ അദ്ദേഹം ആ സംഘടനയുടെ ജനറല്‍സെക്രട്ടറിയായി  തുടർന്നു. കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ടി നിരവധി പ്രക്ഷോഭങ്ങള്‍ നയിച്ച എം സുജനപ്രിയന്റെ പരിശ്രമത്തിന്റെ ഫലമായാണ് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കപ്പെട്ടതും ക്ഷേമപെന്‍ഷന്‍ യാഥാര്‍ഥ്യമായതും. മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരുടെ ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്നതിലും എം സുജനപ്രിയന്‍ നിരവധി പ്രക്ഷോഭങ്ങള്‍ നയിച്ചു.

മത്സ്യത്തൊഴിലാളികളെ സംഘടിത തൊഴിലാളി പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ അദ്ദേഹം നിസ്തുലമായ പങ്കുവഹിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സിറ്റി കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി, ജില്ലാ കൗൺസിൽ  അംഗം, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എഐടിയുസി ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് സംസ്ഥാന സെക്രട്ടറി, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തെങ്ങ്, തയ്യല്‍, സപ്ലൈകോ താല്‍ക്കാലിക ജീവനക്കാര്‍ എന്നീ  സംഘടനകളുടെ സംസ്ഥാന പ്രസിഡന്റ്/സെക്രട്ടറി  എന്നീ  നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി ബഹുജന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും പൊലീസ് കേസുകളില്‍ പ്രതിയാക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇന്ന്  (ജൂലൈ 6) 3 മണിക്ക് തിരുവനന്തപുരം നഗരസഭയിലും 3.30ന് സിപിഐ ജില്ലാ കൗൺസിൽ  ആസ്ഥാനമായ പികെവി സ്മാരകത്തിലും  പൊതുദര്‍ശനത്തിന് വയ്ക്കും. തുടർന്ന് നേമത്തുള്ള അദ്ദേഹത്തിന്റെ വസതിയിലേയ്ക്ക് കൊണ്ടുപോകും. നാളെ (ജൂലൈ 7) രാവിലെ 9 മുതല്‍ 10.30 മണിവരെ കെട്ടിട നിര്‍മാണ തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. രാവിലെ 11ന് ശാന്തികവാടത്തില്‍ സംസ്‌കരിക്കും. ഭാര്യ സി വിജയകുമാരി.