25 April 2024, Thursday

Related news

April 20, 2024
April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024
March 29, 2024
March 25, 2024
March 24, 2024

കുരുമുളകു കൊടികളേ കൊണ്ടുപോകാനാകൂ; ഞാറ്റുവേല തിരമുറിയാതെ പെയ്തുകൊണ്ടിരിക്കുമെന്ന് മുല്ലക്കര

Janayugom Webdesk
September 29, 2021 4:59 pm

കുരുമുളകു കൊടികളേ കൊണ്ടുപോകാനാകൂ, ഞാറ്റുവേല തിരമുറിയാതെ പെയ്തുകൊണ്ടിരിക്കുമെന്ന് സിപിഐ നേതാവ് മുല്ലക്കര രത്നാകരൻ. കനയ്യകുമാറിന്റെ കോൺഗ്രസ് പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് പേജിലായിരുന്നു സാഹചര്യമോ പേരുകളോ വിവരിക്കാതെയുള്ള ലഘുകുറിപ്പ്.

 

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

 

പണ്ട് പറങ്കികൾ കുരുമുളക് തൈകൾ പോർച്ചുഗലിലേക്ക് കൊണ്ടുപോയതിനെക്കുറിച്ച് സാമൂതിരി മങ്ങാട്ടച്ചനോട് പറഞ്ഞത് ഓർത്തുപോകുകയാണ്:
“അവർ കുരുമുളക് കൊടികളേ കൊണ്ട് പോകൂ, നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ട് പോകില്ലല്ലോ”
തിരമുറിയാതെ പെയ്യുന്ന തിരുവാതിര ഞാറ്റുവേലയാണ് ഇടതുപക്ഷ രാഷ്ട്രീയം. അതിൻ്റെ നന്മകൾ ഒരു കുരുമുളക് കൊടിയോടൊപ്പം ആർക്കും കൊണ്ടുപോകാൻ കഴിയില്ല.

എഐഎസ്എഫിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായി ജെഎൻയു വിദ്യാർത്ഥി യൂണിയൻ അധ്യക്ഷപദവിയിലെത്തുകയും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവുമായി വളർന്ന കനയ്യകുമാർ ചൊവ്വാഴ്ചയാണ് കോൺഗ്രസിൽ ചേർന്നത്. ജിഗ്നേഷ് മേവാനി എംഎൽഎയും കനയ്യക്കൊപ്പം കോൺഗ്രസിൽ ചേർന്നിട്ടുണ്ട്.
സ്ഥാനങ്ങൾ സ്വയം ഒഴിയുന്നുവെന്ന് കനയ്യ കുമാർ ചൊവ്വാഴ്ച ഉച്ചയ്ക്ക് 01.10നാണ് പാർട്ടിക്ക് കത്ത് നൽകിയത്. സംഘടനാപരമായും ആശയപരമായും ഉത്തരവാദിത്തം നിർവഹിക്കാൻ കഴിയില്ലെന്ന് കനയ്യ കുമാർ കത്തിൽ വ്യക്തമാക്കിയിരുന്നു. കനയ്യ കുമാർ പാർട്ടിയോട് സത്യസന്ധത കാണിച്ചില്ലെന്നും കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചനയാണെന്നും ആരും പാർട്ടിക്ക് മുകളിൽ അല്ലെന്നും പാർട്ടി ജനറൽ സെക്രട്ടറി ഡി രാജ പ്രതികരിച്ചത്.

പാർട്ടിയുടെ തണലിലാണ് വിദ്യാർത്ഥി നേതാവായിരുന്ന കാലം മുതൽ കനയ്യകുമാർ വളർന്നുവന്നതെന്നും അദ്ദേഹം പാർട്ടിയിൽ നിന്നും സ്വയം പുറത്താകുകയാണ് ചെയ്തതെന്നും രാജ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞാണ് വ്യക്തിപരമായ കാരണങ്ങളാൽ പാർട്ടി ചുമതലകളിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കനയ്യ കത്തു നൽകിയത്. രാജ്യത്തെ മുന്നോട്ടു നയിക്കാൻ ക്രിയാത്മകമായും ശക്തമായും പ്രവർത്തിച്ച് മുന്നോട്ടു പോകാൻ സിപിഐക്കു കഴിയുമെന്നും കനയ്യയുടെ രാജിക്കത്തിൽ വ്യക്തമാക്കുന്നു.

 


ഇതുകൂടി വായിക്കൂ: കനയ്യക്കെതിരെയുള്ള സംഘപരിവാര്‍ ആക്രമണം ഇനി കുറഞ്ഞേക്കാം


 

വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടിയാണ് കനയ്യ സ്വയം പാർട്ടിയിൽ നിന്നും പുറത്തു പോയത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് അദ്ദേഹത്തിന് വിശ്വാസമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. പാർട്ടിയുടെ സംവിധാനത്തിനുള്ളിൽ നിന്നും വേണം എല്ലാവരും പ്രവർത്തിക്കാൻ. നിസ്വാർത്ഥമായ സേവനവും ആത്മാർപ്പണവുമാണ് പാർട്ടി പ്രവർത്തകരുടെയും പാർട്ടിയുടെയും മുഖമുദ്ര. പാർട്ടിയാണ് കനയ്യയെ വളർത്തിയതും സംരക്ഷിച്ചതും നേതാവായി ഉയർത്തിക്കാട്ടിയതും. ബിജെപിയും ആർഎസ്എസും കനയ്യയെ വേട്ടയാടിയപ്പോൾ അദ്ദേഹത്തിനുവേണ്ടി പാർലമെന്റിനകത്തും പുറത്തും ശക്തമായ പോരാട്ടം നടത്തിയത് സിപിഐയാണെന്ന് ഓർക്കണമെന്നും രാജ പറഞ്ഞു.

 


ഇതുകൂടി വായിക്കൂ: ആസാദിയില്‍ നിന്ന് ആസ് ആകാനുള്ള യാത്ര


 

പാർട്ടി കനയ്യക്ക് അർഹമായ അംഗീകാരം നൽകിയിട്ടുണ്ട്. പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു കനയ്യ. പാർട്ടി വിടുന്നതിനെക്കുറിച്ച് അദ്ദേഹമായി നേരിട്ട് സംസാരിച്ചപ്പോൾ പോലും ഇക്കാര്യത്തിൽ ഉയർന്നു വരുന്ന വാർത്തകളെല്ലാം അഭ്യൂഹങ്ങളാണ് എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഈ മാസം നടന്ന ദേശീയ കൗൺസിൽ യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. യോഗത്തിൽ ഇത്തരത്തിലുള്ള യാതൊരു സൂചനയും അദ്ദേഹം മുന്നോട്ടുവച്ചില്ല. അടുത്തമാസം ചേരുന്ന ദേശീയ കൗൺസിൽ യോഗത്തിൽ കനയ്യയുടെ വിഷയവും പാർട്ടി ചർച്ചചെയ്യുമെന്നും രാജ പറഞ്ഞു.

 

Eng­lish Sum­ma­ry: CPI leader Mul­lakkara Rat­nakaran on Kan­ha­iah kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.