ത്രിശൂർ ചുവന്നു ;സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഔദ്യോഗിക തുടക്കം

Web Desk
Posted on February 22, 2018, 11:03 am

തൃശൂര്‍: ചെങ്കരുത്തിന്റെ കോട്ട ഉയര്‍ത്തി സിപിഐ(എം)സംസ്ഥാന സമ്മേളനത്തിന് പ്രൗഡമായ തുടക്കം. വിഎസ് പതാക ഉയര്‍ത്തിയതോടെ ഇരുപത്തിരണ്ടാം സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഔദ്യോഗിക തുടക്കം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്.

പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനത്തിന് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്നാണ് ഗ്രൂപ്പ് ചര്‍ച്ചയും പൊതുചര്‍ച്ചയും. 25വരെയാണ് പ്രതിനിധി സമ്മേളനം.

പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍, എംഎ ബേബി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 475 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും 87 സംസ്ഥാന കമ്മറ്റി അംഗങ്ങളും സംസ്ഥാന കമ്മറ്റിയിലെ നാല് ക്ഷണിതാക്കളും 16 നിരീക്ഷകരും ഉള്‍പ്പെടെ 582 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.