Web Desk

ഇംഫാൽ

January 15, 2020, 8:53 pm

സിപിഐ മണിപ്പൂർ സംസ്ഥാന സെക്രട്ടറി 23 ദിവസത്തിന് ശേഷം ജയിൽ മോചിതനായി

Janayugom Online

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സിപിഐ മണിപ്പൂർ സംസ്ഥാന സെക്രട്ടറി എൽ സോത്തിൻ കുമാർ ജയിൽ വിമോചിതനായി. 23 ദിവസത്തെ ജയിൽവാസത്തിന് ശേഷമായിരുന്നു മോചനം. ഡിസംബർ 19 ന് പൗരത്വഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് സിപിഐ ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതിന്റെ പേരിലാണ് സോത്തിൻ കുമാറിനെയും അമ്പതോളം പ്രവർത്തകരെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ സോത്തിനും പ്രവർത്തകർക്കും ജാമ്യമനുവദിച്ചുവെങ്കിലും ആയിരക്കണക്കിന് പേർ പങ്കെടുത്ത പ്രതിഷേധത്തിൽ വിറളിപൂണ്ട സംസ്ഥാന പൊലീസ് സോത്തിൻ കുമാറിനെ മറ്റ് രണ്ട് കേസുകളിൽ കൂടി പ്രതി ചേർത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിലും ജാമ്യം ലഭിച്ചു.

ഉടൻ ലിലോങ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടുമൊരു കേസ് ചാർജ്ജ് ചെയ്തു. തുടർച്ചയായി കേസെടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജാമ്യാപേക്ഷ നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയും മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി ജയിലിൽ അടക്കുകയുമായിരുന്നു. സോത്തിനെതിരായ കേസും അറസ്റ്റും മനുഷ്യാവകാശ പ്രശ്നമായി സംസ്ഥാനത്തുയർന്നു. മനുഷ്യാവകാശ കമ്മിഷൻ സംസ്ഥാന സർക്കാരിന്റെ നടപടിയെ വിമർശിക്കുകയും പുറത്തുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിയും സംഭവത്തെ കുറിച്ച് റിപ്പോർട്ട് തേടുകയുണ്ടായി. ഇതേതുടർന്നാണ് കഴിഞ്ഞ ദിവസം മോചിപ്പിച്ചത്. 23 ദിവസത്തെ ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ സോത്തിൻ കുമാറിന് പാർട്ടി സംസ്ഥാന ആസ്ഥാനമായ ഇറാവത്ത് ഭവനിൽ സ്വീകരണം നല്കി. ജയിലിൽ അടയ്ക്കപ്പെട്ടതിനെതിരെ നിരവധി സംഘടനകൾ രംഗത്തെത്തിയെന്നും വിദ്യാർത്ഥികൾ, യുവജനങ്ങൾ, മനുഷ്യാവകാശ പ്രവർത്തകർ എന്നിങ്ങനെ നിരവധി പേർ ഐക്യദാർഢ്യം അറിയിച്ചുവെന്നും ജയിൽ വിമോചിതനായ സോത്തിൻ കുമാർ ജനയുഗത്തോട് പറഞ്ഞു.

Eng­lish Sum­ma­ry: CPI Manipur state sec­re­tary released from jail after 23 days.