മതേതര ജനാധിപത്യ സഖ്യം രൂപപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: കെ ഇ ഇസ്മയില്‍

Web Desk
Posted on December 12, 2017, 10:48 pm

ചവറ: ഇന്ത്യയില്‍ മതേതര ജനാധിപത്യ സഖ്യം രൂപപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സിപിഐ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയില്‍ അഭിപ്രായപ്പെട്ടു. ചവറ ഈസ്റ്റ് ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി കൊട്ടുകാട് ഇ ചന്ദ്രശേഖരന്‍ നായര്‍ നഗറില്‍ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വത്തിന് പേരുകേട്ട ഇന്ത്യയില്‍ ഇന്ന് സമസ്ത മേഖലയിലും കാവി വല്‍ക്കരണം നടപ്പാക്കുകയാണ്. ഇന്ത്യയുടെ സംസ്‌ക്കാരത്തിന്റെ ശ്രീകോവിലുകളെ പോലും വര്‍ഗീയവല്‍ക്കരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അരവിന്ദബാബു അദ്ധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സ്വാഗതം പറഞ്ഞു. ജില്ലാ കൗണ്‍സില്‍ അംഗം എ അബ്ബാസ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ അഡ്വ.ഷാജി എസ് പള്ളിപ്പാടന്‍, വി ജ്യോതിഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഇതിനു മുന്നോടിയായി നടന്ന പ്രകടനം മടപ്പള്ളിയില്‍ നിന്നാരംഭിച്ച് സമ്മേളന നഗരിയില്‍ സമാപിച്ചു. ചവറ എം സഹദേവന്‍ നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ കൗണ്‍സില്‍ അംഗം ഐ ഷിഹാബ് ഉദ്ഘാടനം ചെയ്തു. കൊറ്റാടിയില്‍ സുരേഷ് കുമാര്‍, രാധികാ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ പ്രിസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സക്കീര്‍ ഹുസൈന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി ജ്യോതിഷ്‌കുമാര്‍, അഡ്വ.ഷാജി എസ് പള്ളിപ്പാടന്‍, പി ശിവശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. ടി ശശിധരന്‍ പിള്ളയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.