Web Desk

ന്യൂഡൽഹി:

September 08, 2020, 10:25 pm

സെപ്റ്റംബർ 14 ന് സിപിഐ ദേശീയ പ്രതിഷേധ ദിനം

Janayugom Online

പാർലമെന്റ് സമ്മേളനം ആരംഭിക്കുന്ന സെപ്റ്റംബർ 14 ന് ദേശീയ പ്രതിഷേധ ദിനമായി ആചരിക്കാൻ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് തീരുമാനിച്ചു. എല്ലാവർക്കും ഉപജീവനത്തിനും സമത്വത്തിനും നീതിക്കുംവേണ്ടി ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് ദേശീയ പ്രതിഷേധം. സമ്പദ്ഘടന തകർച്ചയിലാണെന്നും ജനാധിപത്യം അപകടത്തിലാണെന്നും വിർച്ച്വലായി ചേർന്ന കേന്ദ്ര സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. ഈ സാഹചര്യത്തിൽ വൻതോതിലുള്ള തൊഴിലില്ലായ്മ, ദാരിദ്ര്യം, ജീവിതോപാധി നഷ്ടം എന്നിവയ്ക്ക് കാരണമായ മോഡി സർക്കാരിന്റെ വിനാശകരമായ നയങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തുന്നതിനാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

സമ്പദ്‌വ്യവസ്ഥയെ കുറിച്ച് തെറ്റായ അവകാശവാദങ്ങളും കള്ളങ്ങളും നിരത്തുന്ന ധനമന്ത്രിക്ക് തുടരാൻ അവകാശമില്ലെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് യോഗങ്ങളും മറ്റ് പരിപാടികളും നടത്തുന്നതിനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ആർഎസ്എസ്-ബിജെപി കൂട്ടുകെട്ട് അവരുടെ ഹിന്ദു രാഷ്ട്ര അജണ്ട ശക്തിപ്പെടുത്തുന്ന ഘട്ടത്തിൽ മതേതരത്വവും ബഹുസ്വര ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതിന് ഗാന്ധി സ്മരണ അനിവാര്യമാണ്. വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടത്തിൽ മുഴുവൻ മതേതര ജനാധിപത്യ ശക്തികളും ഒരുമിച്ച് ചേരേണ്ടതുണ്ടെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.

ENGLISH SUMMARY: cpi nation­al protest day in sep­tem­ber 14

YOU MAY ALSO LIKE THIS VIDEO