Web Desk

ന്യൂഡൽഹി

October 26, 2020, 10:31 pm

വിദേശ, പ്രതിരോധ നയങ്ങളിൽ യുഎസ് സമ്മർദത്തിന് വഴങ്ങരുത്: സിപിഐ

Janayugom Online

വിദേശ, പ്രതിരോധ നയങ്ങളിൽ യുഎസ് സമ്മർദത്തിന് വഴങ്ങരുതെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പ്രതിരോധ ഉടമ്പടികൾക്കൊപ്പം രാജ്യത്തിന്റെ സ്ഥലസംബന്ധിയായ തന്ത്രപ്രധാന വിവരങ്ങൾ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച കരാറിനായി (ബിഇസിഎ) ഇന്ത്യ‑യുഎസ് വിദേശ, പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച നടത്തുകയാണ്. 2002 ൽ സൈനി­ക വിവരങ്ങളുടെ പൊതുസുരക്ഷ (ജിഎസ്ഒഎംഐഎ), 2016 ൽ സൈനിക വിന്യാസ കുറിപ്പുകളുടെ കൈമാറ്റം (എൽഇഎംഒ), 2018ൽ ആശയവിനിമയ അനുയോജ്യതയും സുരക്ഷാ ക്രമീകരണവും (സിഒഎംസിഎഎസ്എ) എന്നിവ സംബന്ധിച്ച കരാറുകളിൽ നേരത്തേതന്നെ ഇന്ത്യ ഒപ്പു വച്ചിട്ടുള്ളതാണ്. ഇവയെല്ലാം തന്നെ ബിജെപി ഭരണകാലത്തായിരുന്നു.

ഈ കരാറുകൾ ഇന്ത്യയുടെ സൈനിക നിഷ്പക്ഷതയെ ദുർബലപ്പെടുത്തിക്കൊണ്ട് അമേരിക്കയും ഏഷ്യ‑പസഫിക് മേഖലയിലെ സഖ്യകക്ഷികളുമായി ഇന്ത്യയുടെ സൈനിക സഖ്യത്തിനുള്ള വ്യവസ്ഥകൾ ഉണ്ടാക്കുന്നതിന് ഇതിനകം തന്നെ യുഎസ് ഭരണകൂടത്തെ സഹായിച്ചിട്ടുണ്ട്. ബിഇസിഎ കൂടി ഒപ്പുവയ്ക്കുന്നത് നമ്മുടെ സൈനിക നടപടികൾ യുഎസുമായി സമന്വയിക്കുന്നതിന് ഇടയാക്കുകയും നമ്മുടെ സ്വന്തം സൈന്യത്തിന്റെ സ്വതന്ത്ര മുന്നേറ്റത്തിനുള്ള അവസരങ്ങൾ കുറയ്ക്കുകയും ചെയ്യും. ഇന്ത്യയ്ക്ക് സഹായകമല്ലാത്തതും സ്വതന്ത്ര വിദേശനയത്തിൽ നിന്ന് അകലുന്നതുമായ ഇത്തരം ധാരണകളെ സിപിഐ എതിർക്കുന്നതായി സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യ ഇതുവരെ ഏതെങ്കിലും സൈനിക സഖ്യത്തിന്റെ ഭാഗമായിരുന്നില്ല. ഇനി ആകുകയുമരുത്. നമ്മുടെ വിദേശനയം സഹകരണത്തിന്റേതും സമാധാനത്തിന്റേതുമായിരുന്നു. യുഎസ് സാമ്രാജ്യത്വവുമായി സഖ്യമുണ്ടാക്കുന്നതിലൂടെ അത് ആക്രമണം, ഏറ്റുമുട്ടൽ, സംഘർഷം എന്നിവയുടെ നയത്തിലേക്ക് മാറാൻ ഇടയായിക്കൂടാ. ഇന്ത്യ അതിന്റെ സ്വതന്ത്ര വിദേശനയം പിന്തുടരണമെന്നും പ്രസ്തുതനയം രാജ്യത്തിനോ ദക്ഷിണേഷ്യൻ പ്രദേശത്തിനോ മാത്രമല്ല, ലോകത്തിലെ പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കുകൂടി അനിവാര്യമാണെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

Eng­lish sum­ma­ry: CPI on defense policies

You may also like this video: