തോളിലിരുന്ന് ചെവി കടിക്കുന്നുവെന്ന് ആക്ഷേപിച്ചവര്‍ ഒക്കത്തിരുത്തി ഓമനിക്കുന്ന കാലം വരും: കാനം

Web Desk
Posted on February 19, 2018, 11:02 pm

മണ്ണാര്‍ക്കാട്: തോളിലിരുന്ന് ചെവി കടിക്കുന്നുവെന്ന് ആക്ഷേപിച്ചവര്‍ ഒക്കത്തിരുത്തി ഓമനിക്കുന്ന കാലമാണ് ഇനി വരുന്നതെന്നും അതിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിശ്രമിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു. പാലക്കാട് ജില്ല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കുടുംബത്തിലുള്ളവരും ഒരേ പാര്‍ട്ടിയിലുള്ളവരും തമ്മില്‍ അഭിപ്രായ വ്യത്യാസം സാധാരണയാണ്. അതുപോലെയേ എല്‍ഡിഎഫ് മുന്നണിയില്‍ സിപിഐഎമ്മും സിപിഐയും തമ്മിലുള്ളൂ. എല്‍ഡിഎഫിന്റെ ജനപക്ഷ നിലപാടുകള്‍ക്ക് ശക്തമായ പിന്തുണ നല്‍കുക എന്നതാണ് സിപിഐ ചെയ്തുവരുന്നത്. കുറവുകള്‍ ഉണ്ടായാല്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. സിപിഐയും സിപിഐഎമ്മും തമ്മില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തും പരസ്പരം തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും സഹകരിച്ചുമാണ് ഇതുവരെ പ്രവര്‍ത്തിച്ചത്. ഇനിയും ആ നിലയില്‍ തന്നെ മുന്നോട്ടു പോകും. ഇത് എല്‍ഡിഎഫ് കുടുംബമാണെന്നും കാനം ഓര്‍മ്മിപ്പിച്ചു.
ബിജെപിക്ക് എതിരെ ദേശീയതലത്തില്‍ ശക്തമായ ബദല്‍ വേണം. ഇടതുപക്ഷത്തെ ഒരുമിപ്പിച്ച് നിര്‍ത്തേണ്ട ലെഫ്റ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി ഇന്ന് നിര്‍ജ്ജീവമാണ്. ആര്‍എസ്പിയും ഫോര്‍വേഡ് ബ്ലോക്കും കമ്മ്യൂണിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കേണ്ടവരാണ്. ചെറുതും വലുതുമായി ഇന്ത്യയില്‍ ഇന്ന് അമ്പത്തിയാറ് ഇടതു പാര്‍ട്ടികളുണ്ട്. മഹാരാഷ്ട്രയിലും ഇത്തരത്തില്‍ പ്രാദേശിക കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുണ്ട്. അവരെ ഒന്നിച്ചുനിര്‍ത്തണം. ഇത്തരത്തില്‍ ഒരു വിശാലമായ പൊതുവേദി വളര്‍ത്തിക്കൊണ്ടുവന്നാല്‍ മാത്രമെ ആര്‍എസ്എസിനെയും സംഘപരിവാറിനെയും നേരിടാന്‍ ഇടതുപക്ഷത്തിന് കഴിയൂ എന്നും കാനം അഭിപ്രായപ്പെട്ടു.
മുതിര്‍ന്ന അംഗവും ബികെഎംയു ദേശീയ വൈസ് പ്രസിഡന്റുമായ കെ ഇ ഹനീഫ പതാക ഉയര്‍ത്തിയതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. എന്‍ ജി മുരളീധരന്‍ നായര്‍ കണ്‍വീനറായി, ഒ കെ സെയ്തലവി, സുമലതാ മോഹന്‍ദാസ്, വാസുദേവന്‍ തെന്നിലാപുരം, കെ ഷാജഹാന്‍, പി കബീര്‍ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനനടപടികള്‍ നിയന്ത്രിക്കുന്നത്. സ്വാഗത സംഘം കണ്‍വീനര്‍ പി ശിവദാസന്‍ സ്വാഗതം പറഞ്ഞു. ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായില്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ പ്രകാശ്ബാബു, സത്യന്‍ മൊകേരി, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ കെ പി രാജേന്ദ്രന്‍, ടി പുരുഷോത്തമന്‍, വി ചാമുണ്ണി, റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, പി മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ എന്നിവര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനം ഇന്നും തുടരും.