പോരാട്ടത്തിന്റെയും വികസനത്തിന്റെയും ഇന്നലെകള്‍ പിന്നിട്ട്

Web Desk
Posted on April 25, 2018, 9:00 pm

പന്ന്യന്‍ രവീന്ദ്രന്‍

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ജീവിതത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തേണ്ട പോരാട്ടത്തിന്റെയും നേട്ടങ്ങളുടെയും പാരമ്പര്യമുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഐ. 23-ാം പാര്‍ട്ടികോണ്‍ഗ്രസ് കൊല്ലം പട്ടണത്തില്‍ നടക്കുമ്പോള്‍ ഓര്‍മ്മകളുടെ ചുരുള്‍ നിവര്‍ത്തിക്കൊണ്ട് പിന്നിട്ട കാലഘട്ടത്തെ കുറിച്ചു പരിശോധിക്കുന്നത് പുതിയ തലമുറയ്ക്ക് പ്രചോദനമായിരിക്കും. 1925 ല്‍ ഭാരതത്തിന്റെ സമരഭൂമിയില്‍ രൂപംകൊണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ സംഘടനാരൂപത്തില്‍ വരുന്നത് 1939‑ലാണ്. നവോത്ഥാന പ്രസ്ഥാനത്തിന്റെയും ദേശീയ വിമോചനസമരങ്ങളുടെ ഇടയിലും കേരളത്തിലെ ജനങ്ങളുടെ മനസിലും അവശതകളുടെയും അസ്വാതന്ത്ര്യത്തിന്റെ ദുരിതമയമായ ചിന്തകളായിരുന്നു. നാട്ടുരാജാക്കന്മാരും ജന്മിമാരും മാടമ്പിമാരും ചൂഷകവര്‍ഗവുമെല്ലാം ചേര്‍ന്ന കൂട്ടുകെട്ടിനെ തകര്‍ക്കുകയെന്നത് ഏറെ പ്രയാസകരമായ ദൗത്യമായിരുന്നു. ശ്രീനാരായണഗുരുവും അയ്യങ്കാളിയും ചട്ടമ്പിസ്വാമികളും വാട്ഭടാനന്ദ സ്വാമികളും വക്കം അബ്ദുള്‍ഖാദര്‍ മൗലവിയും പൊയ്കയില്‍ യോഹന്നാനും ഉള്‍പ്പെടെ നവോത്ഥാന പ്രസ്ഥാനത്തിന്റെ ശക്തമായ സമരഭൂമികയിലാണ് കമ്മ്യൂണിസത്തിന്റെ ചുവപ്പ് രാശികള്‍ ഉദയം ചെയ്യുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്ന പോരാളിയായ പത്രപ്രവര്‍ത്തകന്‍ കാറല്‍ മാര്‍ക്‌സിനെ പരിചയപ്പെടുത്തുന്നത് ഈ കാലത്താണ്.
1917ല്‍ ലോകത്തില്‍ ആദ്യമായി വിപ്ലവത്തില്‍ക്കൂടി അധികാരത്തിലെത്തിയ മഹാനായ ലെനിനിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് ഗവണ്‍മെന്റ് പിറവിയോടെ ലോകമാകെയുള്ള കഷ്ടപ്പെടുന്നവരുടെ മനസില്‍ പ്രതീക്ഷയുടെ പുതുനാമ്പുകള്‍ രൂപപ്പെടുകയായിരുന്നു. കോണ്‍ഗ്രസിനകത്തെ ഉല്‍പതിഷ്ണുക്കളായ ചെറുപ്പക്കാര്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി (സിഎസ്പി) യെന്നപേരില്‍ ഒരു സമാന്തര പ്രവര്‍ത്തനം എന്നാല്‍ സംഘടനാ ചട്ടക്കൂടില്‍ നിന്നുകൊണ്ടുതന്നെ മുന്നോട്ടു നയിക്കുകയായിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വം ഇടതുപക്ഷ ചിന്താഗതിക്കാരുടെ കയ്യിലായിരുന്നു. പി കൃഷ്ണപിള്ളയും കെ ദാമോദരനും ഇഎംഎസും ഉള്‍പ്പെടെയുള്ളവരായിരുന്നു സിഎസ്പി സംഘാടകര്‍.
സിഎസ്പിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരായ ആളുകളുടെ ഒരു യോഗമാണ് 1939 ഡിസംബര്‍ മാസം അവസാനത്തില്‍ പഴയ ബ്രിട്ടീഷ് മലബാറില്‍ തലശേരിക്കടുത്ത് പിണറായിയിലെ പാറപ്പുറത്ത് ഒരു വായനശാലയില്‍ ചേര്‍ന്നത്. സഖാവ് പി കൃഷ്ണപിള്ളയെ സെക്രട്ടറിയാക്കിക്കൊണ്ട് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകം രൂപീകരിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിനുശേഷം തിരുവിതാംകൂറിലും മലബാറിലും കൊച്ചിയിലുമായി സാമൂഹിക പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് പാര്‍ട്ടിയുടെ പിന്‍ബലത്തില്‍ എണ്ണമറ്റ പോരാട്ടങ്ങള്‍ നടന്നു. വഴിനടക്കുവാനുള്ള സ്വാതന്ത്ര്യത്തിന്, മാറുമറയ്ക്കുവാനുള്ള സ്വാതന്ത്ര്യത്തിന്, അമ്പലത്തില്‍ പൂജ ചെയ്യുവാനുള്ള അര്‍ഹതക്കുവേണ്ടിയും സംഘടനാസ്വാതന്ത്ര്യത്തിനും ജന്മി-നാടുവാഴിത്തത്തിന്റെ കിരാത നടപടികള്‍ക്കെതിരെയും നടത്തിയ ബഹുജന സമരങ്ങള്‍ ജനമനസുകളില്‍ കമ്മ്യൂണിസ്റ്റുകാരെ കുറിച്ചുള്ള ചിന്തകള്‍ക്ക് അനുകൂലമായ പ്രതീതി ഉണ്ടാക്കി. 2018 ഏപ്രില്‍ മാസത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് കടന്നെത്തുമ്പോള്‍ ഈ കാലത്തിനിടയ്ക്ക് പാര്‍ട്ടി നടത്തിയ പോരാട്ടങ്ങളുടെയും നേട്ടങ്ങളുടെയും ചിത്രങ്ങള്‍ അഭ്രപാളിയില്‍ മിന്നിമറയുന്നതുപോലെ നമ്മുടെ മുന്നില്‍ മായാതെ നില്‍ക്കുന്നു. കയ്യൂര്‍ മുതല്‍ പുന്നപ്ര വയലാര്‍ വരെ നടന്ന ജനകീയ പോരാട്ടങ്ങള്‍ നൂറുകണക്കിന് പച്ചമനുഷ്യരുടെ ജീവിതമാണ് കവര്‍ന്നെടുത്തത്. വെടികൊണ്ട് മരിച്ചവര്‍, അടിയും ഇടിയും കൊണ്ട് മരിച്ചവര്‍ ലോക്കപ്പിലും ജയിലിലും വച്ച് പൊലീസുകാര്‍ കൊലപ്പെടുത്തിയവര്‍, തൂക്കിലേറ്റപ്പെട്ടവര്‍, കിരാത മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ജീവിതകാലം മുഴുവന്‍ രക്തം തുപ്പി ചുമച്ചുചുമച്ച് മരിച്ചവര്‍ അങ്ങനെ എണ്ണമറ്റ രക്തസാക്ഷികളുടെ ജീവത്യാഗം ചെങ്കൊടിയുടെ പ്രസ്ഥാനത്തെ നാട്ടിലാകെ വളര്‍ത്താന്‍ സഹായകമായി. ഇതിന് പുറമേയാണ് എത്രയോ പാര്‍ട്ടി കുടുംബങ്ങളുടെ ജീവിതമാകെ തളര്‍ന്നത്. അങ്ങനെ ത്യാഗത്തിന്റെ കഥ മാത്രം ഒസ്യത്താക്കിയ സിപിഐ കേരളത്തിന്റെ മുഖച്ഛായ മാറ്റി ഒരു നവകേരളം കെട്ടിപ്പടുത്ത പ്രസ്ഥാനംകൂടിയാണ്.
1957 ഏപ്രില്‍ മാസം 5നാണ് ലോക ചരിത്രത്തില്‍ ആദ്യമായി ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഒരു കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് രൂപം കൊള്ളുന്നത്. ഏറെ അനുഭവസമ്പത്തുള്ള കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ ദീര്‍ഘവീക്ഷണത്തോടെ കേരളത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമായ അടിത്തറ സൃഷ്ടിച്ചിരുന്നു. സി അച്യുതമേനോന്‍ സെക്രട്ടറിയായ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഐക്യകേരളത്തിന്റെ വികസന പരിപ്രേക്ഷ്യത്തെ കുറിച്ച് ഒരു പുസ്തകം തയ്യാറാക്കിയിരുന്നു. ആദ്യമായി സിപിഐക്ക് കേരളത്തില്‍ ഭരണം കിട്ടുമെന്ന് ദീര്‍ഘദര്‍ശിത്വത്തോടെ പ്രഖ്യാപിച്ചത് സഖാവ് എമ്മെനായിരുന്നു എന്നകാര്യം ഇത്തരുണത്തില്‍ എടുത്തുപറയേണ്ടതുണ്ട്.
തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഊന്നിപ്പറഞ്ഞത് മനുഷ്യന്റെ നല്ല ജീവിതത്തിന് വേണ്ടിയുള്ള നിര്‍ദേശങ്ങളായിരുന്നു. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയ്ക്കുപുറമെ വ്യാവസായിക വികസനവും അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പെടെ കേരളത്തിന്റെ വികസനത്തിന് വേണ്ട പ്രധാന അജന്‍ഡയാണ് മുന്നോട്ടുവച്ചത്. ഇത്തരമൊരു വളര്‍ച്ച കൈവരിക്കണമെങ്കില്‍ ഭൂവുടമ ബന്ധങ്ങളില്‍ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണെന്നാണ് ഉറപ്പിച്ച് പറഞ്ഞത്. കാരണം പാര്‍ട്ടി രൂപീകരണകാലത്തെ മുദ്രാവാക്യമായ കൃഷിഭൂമി കര്‍ഷകന് എന്ന അവകാശം നേടിയെടുക്കുവാന്‍ ജന്മിത്വം അവസാനിച്ചേ മതിയാകൂ. 1957 ല്‍ അധികാരത്തില്‍ വന്നതിനുശേഷം 11906 ദിവസം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ തുടരുകയാണ്. മറ്റൊരു പാര്‍ട്ടിക്കും ഇത്രയും കാലം അധികാരത്തില്‍ ഇരിക്കുവാന്‍ കഴിഞ്ഞില്ല. പാര്‍ട്ടി കഴിഞ്ഞാല്‍ 11900 ദിവസം അധികാരത്തിലിരുന്ന കോണ്‍ഗ്രസാണ് രണ്ടാംസ്ഥാനത്ത്. എന്നാല്‍ എത്രകാലം അധികാരത്തില്‍ ഇരുന്നു എന്നതിനേക്കാള്‍ ഈ നാടിനുവേണ്ടി എന്തൊക്കെ നല്ലകാര്യങ്ങള്‍ ചെയ്തു എന്നതാണ് പ്രസക്തമായ വിഷയം. ഭരണദൈര്‍ഘ്യത്തിന്റെ കാര്യത്തിലും കേരളത്തിന്റെ വികസനവളര്‍ച്ചയും ജനകീയ നിയമനിര്‍മാണങ്ങളും വികസനപദ്ധതികളും ഏര്‍പ്പെടുത്തിയതിനും സിപിഐയോട് കിടപിടിക്കാന്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും സാധ്യമല്ല. ഈ കാലയളവില്‍ നേടിയെടുത്ത നേട്ടങ്ങളെല്ലാം ഇവിടെ വിവരിക്കുവാന്‍ പ്രയാസമായിരിക്കും. എന്നാല്‍ പ്രധാനമായ ചില കാര്യങ്ങള്‍ രേഖപ്പെടുത്താതെ പോകുന്നത് ശരിയല്ല. ആദ്യ ഗവണ്‍മെന്റ് കാലത്തുതന്നെ കുടിയൊഴിപ്പിക്കല്‍ തടയുകയും വാരം, പാട്ടം നിര്‍ത്തലാക്കുകയും ചെയ്തു. വിദ്യാഭ്യാസവും ആരോഗ്യക്ഷേമപ്രവര്‍ത്തനവും സാര്‍വത്രികമാക്കി. 1970 മുതല്‍ 77 വരെയുള്ള സി അച്യുതമേനോന്‍ നേതൃത്വം നല്‍കിയ സിപിഐ ഗവണ്‍മെന്റാണ് കേരള ചരിത്രത്തിന്റെ ഗതി മാറ്റിയ ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കാര്‍ഷികബന്ധ നിയമം നടപ്പാക്കി. കൃഷിഭൂമി കൃഷിക്കാരന് നല്‍കി, ഗ്രാറ്റിവിറ്റി നിയമം നടപ്പിലാക്കി, തൊഴില്‍നിയമം നടപ്പിലാക്കി, പരമ്പരാഗത വ്യവസായങ്ങളെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനുള്ള നിയമനിര്‍മാണം നടപ്പിലാക്കി, കാട്ടുരാജാക്കന്മാരുടെ കൈവശം ഉണ്ടായിരുന്ന ലക്ഷക്കണക്കിന് ഏക്കര്‍ വനഭൂമി ഒരു പൈസപോലും പ്രതിഫലം നല്‍കാതെ പിടിച്ചെടുത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം ഏര്‍പ്പെടുത്തുവാനുള്ള നിയമവ്യവസ്ഥകള്‍ നടപ്പിലാക്കി. മുകളില്‍ ആകാശം താഴെ ഭൂമി എന്നനിലയില്‍ കഴിയുന്ന നിരാലംബരായ പട്ടികജാതിക്കാരായ മനുഷ്യര്‍ക്ക് സ്വന്തമായി വീട് നല്‍കുന്ന ലക്ഷംവീട് പദ്ധതി നടപ്പിലാക്കി. പൊതുവിതരണ ശൃംഖല വിപുലമാക്കുകയും മാവേലിസ്റ്റോറുകള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ ശ്രദ്ധയാകെ പിടിച്ചുപറ്റിയ പൊതുവിതരണ സമ്പ്രദായം നടപ്പില്‍വരുത്തി. ഇലക്‌ട്രോണിക്‌സ് മേഖലയില്‍ കെല്‍ട്രോണ്‍ ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ കൊണ്ടുവന്ന് വികസനത്തിന്റെ ഭാഗമാക്കി മാറ്റി. കേരളത്തിന്റെ അഭിമാനമായി ആരോഗ്യരംഗത്ത് തലയുയര്‍ത്തിനില്‍ക്കുന്ന ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെയുള്ള നിരവധി പൊതുമേഖലാസ്ഥാപനങ്ങള്‍ സ്ഥാപിക്കപ്പെട്ടു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടെ അതിക്രമങ്ങളുടെ ഘോഷയാത്രയും പീഡനങ്ങളും നിയമലംഘനങ്ങളും നടന്നപ്പോള്‍ അതില്‍ നിന്ന് മാറിനിന്ന സംസ്ഥാനമെന്നതിലൂടെയും വികസന പ്രവര്‍ത്തനത്തിലൂടെയും ജനകീയ പദ്ധതികളിലൂടെയും നേടിയെടുത്ത നന്മയുടെ സ്വീകാര്യത എന്ന നിലയിലാണ് 77ലെ തെരഞ്ഞെടുപ്പില്‍ അച്യുതമേനോന്റെ നേതൃത്വത്തില്‍ സിപിഐ നയിച്ച മുന്നണി 117 സീറ്റിന്റെ പിന്തുണയോടെ കേരളത്തില്‍ വീണ്ടും അധികാരത്തില്‍ വന്നത്.
സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് ശപിച്ച ഈ കൊച്ചു കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് ലോകമാകെ വിശേഷിപ്പിക്കുവാന്‍ വാര്‍ത്താമാധ്യമങ്ങള്‍ പോലും നീണ്ട വാര്‍ത്താകുറിപ്പുകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അവരൊക്കെ തമസ്‌കരിക്കുന്ന ഒരു യാഥാര്‍ത്ഥ്യം സിപിഐ വഹിച്ച പങ്കിനെ കുറിച്ച് മാത്രമാണ്. ചരിത്ര ഗവേഷകര്‍ എത്രമാത്രം ഒളിച്ചുവച്ചാലും ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ ഇല്ലാതാക്കുവാനാകില്ല. പരിഷ്‌കൃത രാജ്യങ്ങളിലെ ജീവിതരീതികളോട് കിടപിടിക്കുന്ന സാമൂഹിക ഘടന കേരളത്തില്‍ നടപ്പാക്കുന്നതിന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ചെയ്ത സേവനങ്ങള്‍ അതുല്യമാണ്.
സിപിഐയുടെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് മുതല്‍ ആരംഭിക്കുമ്പോള്‍ രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമുള്ള 900-ലധികം പാര്‍ട്ടി നേതാക്കള്‍ കൊല്ലത്തെ വിപ്ലവഭൂമിയില്‍ എത്തിച്ചേരും. 1954ല്‍ പാലക്കാട് നടന്ന നാലാം പാര്‍ട്ടി കോണ്‍ഗ്രസും 1971 കൊച്ചിയില്‍ നടന്ന ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസും 2002 ല്‍ തിരുവനന്തപുരത്ത് നടന്ന 18-ാം പാര്‍ട്ടി കോണ്‍ഗ്രസും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായകമായ ഒട്ടേറെ തീരുമാനങ്ങള്‍ക്ക് നാന്ദി കുറിച്ചു. ഇന്ന് ആരംഭിക്കുന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ മറക്കാനാവാത്ത ഒരു സംഭവമാകുമെന്നകാര്യത്തില്‍ സംശയമില്ല. 1946ലാണ് തിരുവിതാംകൂറിലെ സാമൂഹികഘടനയെ മാറ്റിമറിക്കുവാനുള്ള ഉജ്ജ്വലമായ പോരാട്ടത്തിന് സാക്ഷ്യംവഹിച്ച പുന്നപ്ര — വയലാര്‍ സമരം. സമരഭൂമിയില്‍ ചെന്ന് വിപ്ലവകവി എഴുതിവച്ച വരികള്‍ അന്നും ഇന്നും എന്നും കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആവേശമാണ്.
”ഉയരും ഞാന്‍ നാടാകെ
പടരും ഞാന്‍ ഒരു പുത്തന്‍ ഉയിര്‍
നാടിനേകിക്കൊണ്ടുയരും വീണ്ടും”
വയലാറിലെ ചുടല പറമ്പില്‍ നിന്നും ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയര്‍ന്ന കമ്മ്യൂണിസ്റ്റ് വിപ്ലവ വീര്യം പാവപ്പെട്ടവന്റെ സമരാവേശമായി പടര്‍ന്നുവളര്‍ന്നു പൊങ്ങുകയാണ്.