നാടെങ്ങും ചെങ്കൊടികള്‍ ഉയര്‍ന്നു

Web Desk
Posted on April 09, 2018, 10:52 pm

സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് പതാക ദിനം ആചരിച്ചു

തിരുവനന്തപുരം: കൊല്ലത്ത് ഏപ്രില്‍ 25 മുതല്‍ 29 വരെ നടക്കുന്ന സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് വിളംബരം ചെയ്ത് നാടെങ്ങും രക്തപതാകകള്‍ ഉയര്‍ന്നു. സിപിഐ സംസ്ഥാന ആസ്ഥാനമായ എം എന്‍ സ്മാരകത്തിനു മുന്നില്‍ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രനും കൊല്ലം ചിന്നക്കടയിലെ എംഎന്‍ സ്മാരകത്തിനു മുന്നില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കോഴിക്കോട് പി കൃഷ്ണപിള്ള സ്മാരകത്തിനു മുന്നില്‍ പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വവും പാലക്കാട് കിഴക്കഞ്ചേരിയില്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെഇ ഇസ്മായിലും പതാക ഉയര്‍ത്തി. സിപിഐ ജനറല്‍ സെക്രട്ടറിയായി ഏറ്റവും കൂടുതല്‍നാള്‍ പ്രവര്‍ത്തിച്ച സി രാജേശ്വര റാവുവിന്റെ ചരമദിനത്തില്‍ സഖാവിന്റെ സ്മരണകൂടി പുതുക്കിയാണ് പതാകദിനം ആചരിച്ചത്. രാജ്യത്തെ പാര്‍ട്ടിയുടെ എല്ലാ ബ്രാഞ്ച് അതിര്‍ത്തിയിലും പതാക ഉയര്‍ത്തി.
പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയാകുന്ന കൊല്ലം ജില്ലയിലെ എല്ലാ ബ്രാഞ്ച് അതിര്‍ത്തിയിലും അഞ്ച് കേന്ദ്രങ്ങളില്‍ വീതമാണ് പതാക ഉയര്‍ത്തിയത്. ജില്ലയിലെ പാര്‍ട്ടി മെമ്പര്‍മാരുടെയും ബഹുജന സംഘടന പ്രവര്‍ത്തകരുടെയും വീടുകളിലുമായി ഒരു ലക്ഷം രക്തപതാക ഉയര്‍ന്നു.
തിരുവനന്തപുരം എംഎന്‍ സ്മാരകത്തില്‍ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, അഡ്വ. കെ രാജു, ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, ജില്ലാ സെക്രട്ടറിമാരായ അഡ്വ. ജി ആര്‍ അനില്‍, ടിജെ ആഞ്ചലോസ്, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, പി പ്രസാദ്, പി കെ കൃഷ്ണന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സി രാജേശ്വര റാവുവിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
പാര്‍ട്ടി കോണ്‍ഗ്രസുകളുടെ ചരിത്രത്തില്‍ കൊല്ലം പാര്‍ട്ടികോണ്‍ഗ്രസ് പുതിയ അധ്യായം രചിക്കുമെന്ന് സിപിഐ കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം എംഎന്‍ സ്മാരകത്തില്‍ പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഭാവി രാഷ്ട്രീയം നിര്‍ണ്ണയിക്കുന്നതില്‍ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുള്ള പങ്ക് പാര്‍ട്ടി കോണ്‍ഗ്രസ് വ്യക്തമാക്കും. ബിജെപിയും സംഘപരിവാറും ഉയര്‍ത്തുന്ന വെല്ലുവിളിക്കെതിരെ ഇടതു-ജനാധിപത്യ‑മതേതര വിശാലവേദി എന്ന സിപിഐ മുന്നോട്ടുവെച്ച മുദ്രാവാക്യത്തിന് പ്രാധാന്യം ഏറിവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വഴിമുട്ടി നില്‍ക്കുന്ന ഇന്ത്യക്ക് വഴികാട്ടിയായി മാറുവാന്‍ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കഴിയുമെന്ന് ഉറപ്പിക്കാം. സംഘപരിവാറിന്റെ ജനവിരുദ്ധ ഭരണത്തെ താഴെയിറക്കാന്‍ വഴി അന്വേഷിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പുതിയ വെളിച്ചം നല്‍കാന്‍ കൊല്ലം പാര്‍ട്ടി കോണ്‍ഗ്രസിന് കഴിയും. നിസാര രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഭിന്നിച്ചുനില്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ കൂട്ടിയോജിപ്പിച്ച് മതനിരപേക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വേദി പടുത്തുയര്‍ത്താന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിക്കാന്‍ സിപിഐക്കു മാത്രമേ കഴിയൂ എന്ന് പന്ന്യന്‍ പറഞ്ഞു.