പാര്‍ട്ടികോണ്‍ഗ്രസിന് തേന്‍മധുരവും

Web Desk
Posted on March 11, 2018, 10:48 pm

കടയ്ക്കല്‍(കൊല്ലം): പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് കടയ്ക്കലിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കുന്ന തേനിന്റെ വിളവെടുപ്പ് ഉത്സവം സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. ചരിപ്പറമ്പില്‍ നടന്ന സമ്മേളനത്തില്‍ പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗം എസ് ബുഹാരി അധ്യക്ഷത വഹിച്ചു.
ഏപ്രില്‍ 24 മുതല്‍ 29 വരെ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്ന ആയിരത്തോളം വരുന്ന പ്രതിനിധികള്‍ക്ക് നല്‍കുന്നതിനു വേണ്ടി ഇരുന്നൂറ്റി അന്‍പതു കിലോ തേനാണ് ശേഖരിക്കുന്നത്. പ്രതിനിധികള്‍ക്കുളള തേന്‍ കിറ്റ് മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ ഏറ്റുവാങ്ങി.
പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്ന നൂറോളം പ്രവര്‍ത്തകരെ ജില്ലാ സെക്രട്ടറി അഡ്വ: എന്‍ അനിരുദ്ധന്‍ രക്ത ഹാരമണിയിച്ച് സ്വീകരിച്ചു.
സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ഡോ. ആര്‍ ലതാദേവി, ജില്ലാ കൗണ്‍സില്‍ അംഗം അഡ്വ. സാം കെ ഡാനിയേല്‍, മണ്ഡലം സെക്രട്ടറി ജെ സി അനില്‍, ജനയുഗം ജനറല്‍ മാനേജര്‍ സി ആര്‍ ജോസ് പ്രകാശ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ നൗഷാദ്, ജി എസ് പ്രിജിലാല്‍, എം ബാലകൃഷ്ണപിളള, അഡ്വ. കെ അനില്‍കുമാര്‍, പി ജി ഹരിലാല്‍, ജി രാമാനുജന്‍ പിളള, സി ബിന്ദു, വി ഷീബ, ടി എസ് നിധീഷ്, ബി അഭിലാഷ് തുടങ്ങിയവര്‍ സംസാരിച്ചു.