സിപിഐ പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഓഫീസ്: ആരോപണങ്ങള്‍ വസ്തുതാവിരുദ്ധം

Web Desk
Posted on April 27, 2018, 10:45 pm

പേരാമ്പ്ര: സിപിഐ പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഓഫീസിന് വേണ്ടി നിര്‍മ്മിക്കുന്ന എം കുമാരന്‍ മാസ്റ്റര്‍, ആവള നാരായണന്‍ സ്മാരക മന്ദിരവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണം തികച്ചും വസ്തുതാ വിരുദ്ധമാണെന്നും ഓഫീസിനെ സംബന്ധിച്ച രേഖകള്‍ പരിശോധിക്കുന്ന ആര്‍ക്കും ഇതു ബോധ്യമാവുമെന്നും ഭാരവാഹികള്‍ പേരാമ്പ്രയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.


പാര്‍ട്ടി ഓഫീസിന് മന്ദിരം പണിയാന്‍ 2013 ല്‍ 3.25 സെന്റ് സ്ഥലം പേരാമ്പ്ര പൈതോത്ത് റോഡില്‍ വില കൊടുത്ത് വാങ്ങിയതാണ്. പ്രസ്തുത സ്ഥലത്ത് കെട്ടിടം പണിയാന്‍ 2014 ജൂലായ് 15 ന് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അനുമതിയും നല്‍കി. എ 2/257/2017 പ്രകാരം 11/01/2017 മുതല്‍ 11/1/2020 വരെ കെട്ടിടം പണി അനുമതി പുതുക്കി നല്‍കിയതുമാണ്. കെട്ടിടം പണി അവസാന മിനുക്കു പണികളൊഴികെ പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് നെല്‍വയല്‍ സ്ഥലത്താണ് സിപിഐ ഓഫീസ് കെട്ടിടം പണി നടക്കുന്നത് എന്ന് രാഷ്ട്രീയ പ്രേരിതമായി ഇപ്പോള്‍ ചിലര്‍ ആരോപണം ഉന്നയിക്കുന്നത്. എന്നാല്‍ ഗ്രാമപഞ്ചായത്ത് കെട്ടിട നിര്‍മ്മാണ അനുമതി നല്‍കുന്നതിന് കണക്കിലെടുത്ത് മേഞ്ഞാണ്യം വില്ലേജ് ഓഫീസറുടെ 2017 മെയ് എട്ടിലെ 50/13 റിപ്പോര്‍ട്ട് പ്രകാരം നിലമാണെങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പെ നികത്തിയതും ഇപ്പോള്‍ നെല്‍കൃഷിയ്ക്ക് അനുയോജ്യമല്ലാത്തതും തണ്ണീര്‍ത്തട ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്തതുമാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.


പ്രസ്തുത ഭൂമിയുടെ തെക്കുകിഴക്ക് എടപ്പാറയില്‍ പുരയിടവും തെക്ക് പടിഞ്ഞാറ് വടക്ക് അതിര് കായ്ഫലമുള്ള തെങ്ങുകള്‍ ഉള്ളതും പ്രസ്തുത ഭൂമിയില്‍ ഉദ്ദേശം ഇരുപത് വര്‍ഷം പ്രായമുള്ള ഒരു മാവും ഉണ്ട് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ 2018 ഏപ്രില്‍ നാലിന് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പാര്‍ട്ടിക്ക് നല്‍കിയ നോട്ടീസില്‍ 2017 ലെ കേരള തണ്ണീര്‍ത്തട സംരക്ഷണ ഓര്‍ഡിനന്‍സ് പ്രകാരം ഭൂമിയുടെ തരം മാറ്റിയ രേഖകള്‍ ഹാജരാക്കിയതിന് ശേഷമെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ പാടുള്ളുവെന്ന് അറിയിച്ചു.പണി ഏറെക്കുറേ പൂര്‍ത്തീകരിച്ചതിന് ശേഷം ലഭിച്ച ഈ നോട്ടീസിന് പാര്‍ട്ടി പഞ്ചായത്തിന് മറുപടിയും നല്‍കിയിട്ടുണ്ട്.
പണി പൂര്‍ത്തീകരിച്ചതിന് ശേഷം നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ പറയുന്നത് നിയമത്തിനും യുക്തിയ്ക്ക് നിരക്കാത്തതാണ്. പാര്‍ട്ടി വിലയ്ക്ക് വാങ്ങിയ ഭൂമിയുടെ ആധാരത്തിലും (2012–2013) അടിയാധാരത്തിലും
(2689/2009) ഭൂമിയുടെ തരം ജന്മം തോട്ടമാണ്. ഒരു ഭരണ സംവിധാനവുമായി ബന്ധപ്പെട്ടും അവിഹിതമായ ഒരു ഇടപെടലും പാര്‍ട്ടി നടത്തിയിട്ടില്ല. വില്ലേജ് ഓഫീസറുടെ ഭൂമി സംബന്ധമായ റിപ്പോര്‍ട്ടും പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ അനുമതി നല്‍കിയതും യുഡിഎഫ് കേരളം ഭരിക്കുമ്പോഴാണ് .അന്ന് ഗ്രാമ പഞ്ചായത്തില്‍ സി പി ഐ ക്ക് പ്രാതിനിധ്യവുമുണ്ടായിരുന്നില്ല. കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ച സ്ഥിതിക്ക് ആവശ്യമായ എല്ലാ രേഖകളും സഹിതം കെട്ടിട നമ്പര്‍ അനുവദിച്ചു കിട്ടുന്നതിന് ഉടനെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കുന്നതാണെന്നും നേതാക്കള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ കെട്ടിട നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ ശശി, എ കെ ചന്ദ്രന്‍ മാസ്റ്റര്‍, കണ്‍വീനര്‍ പി കെ സുരേഷ്, സി പി ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി യൂസഫ് കോറോത്ത്, ടി ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.കഴിഞ്ഞ ദിവസമാണ് ചിലരുടെ താത്പര്യപ്രകാരം ഒരു ചാനല്‍ പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തെക്കുറിച്ച് തെറ്റിദ്ധാരണജനകമായ വാര്‍ത്ത പുറത്തുവിട്ടത്. ഇതിന് പിന്നാലെ ചില പത്രങ്ങളും ഇതേ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.