Web Desk

തിരുവനന്തപുരം:

March 18, 2020, 10:02 pm

സിപിഐ പൊതുപരിപാടികൾ മാറ്റിവെച്ചു

Janayugom Online

കൊറോണ വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് മാർച്ച് 31 വരെ സിപിഐയുടെ സംസ്ഥാനത്തെ പൊതുപരിപാടികൾ മാറ്റിവെക്കാൻ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു.കോവിഡ് 19 നെ നേരിടുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ബ്രേക്ക് ദി ചെയിൻ പരിപാടി വിജയിപ്പിക്കാൻ പാർട്ടി ഘടകങ്ങളോടും പ്രവർത്തകരോടും എക്സിക്യൂട്ടീവ് അഭ്യർത്ഥിച്ചു. ഈ മാസം 20, 21 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന സി കെ ചന്ദ്രപ്പൻ സ്മാരക മന്ദിര നിർമ്മാണ ഫണ്ട് പിരിവ് ഏപ്രിൽ 22,23 തിയതികകളിലേക്ക് മാറ്റി.

തിരുവനന്തപുരം എം എൻ സ്മാരകത്തിൽ അഡ്വ. എൻ രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയിൽ എന്നിവർ സംബന്ധിച്ചു.
ഡോ.പുതുശേരി രാമചന്ദ്രൻ, ദേവകി പണിക്കർ, അഡ്വ. പ്രദീപ് പുതുക്കുടി, പി എസ് രാധാകൃഷ്ണൻ (തൃശൂർ), ശ്രീധരൻപിള്ള (അടൂർ), മുൻ മന്ത്രി അഡ്വ. പി ശങ്കരൻ, മുൻ കേരള ഗവർണർ എച്ച് ആർ ഭരദ്വാജ് എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

ENGLISH SUMMARY: CPI post­pond­ed their programmes

YOU MAY ALSO LIKE THIS VIDEO