Web Desk

ന്യൂഡൽഹി

June 15, 2020, 2:12 pm

ഇന്ധന വിലവർധനവിൽ പ്രതിഷേധിക്കുക; സിപിഐ

Janayugom Online

ഇന്ധന വിലയിൽ തുടർച്ചയായി വർധന വരുത്തുന്ന നടപടിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. തുടർച്ചയായി ഒരാഴ്ചയിലധികമായി ഇന്ധന വിപണന കമ്പനികൾ വില ഉയർത്തിക്കൊണ്ടിരിക്കുകയാണ്.

ആഗോളതലത്തിൽ ഇന്ധന വില കുറഞ്ഞു നില്ക്കുമ്പോഴും വില ഉയർത്തിക്കൊണ്ടിരിക്കുന്നത് ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യമാണ്. ഈ ദിവസങ്ങൾക്കിടയിൽ പെട്രോളിന് 4.52 രൂപയും ഡീസലിന് 4.64 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം 62,64 പൈസ വീതമാണ് ഉയർത്തിയത്.

2017 ജൂണിൽ കമ്പനികൾക്ക് പ്രതിദിന വില നിർണ്ണയാധികാരം നൽകിയതിന് ശേഷം ഒരു ദിവസത്തെ ഏറ്റവും ഉയർന്ന വർധനയാണിത്. ഇന്ധന വിലയിലുണ്ടാകുന്ന വർധനവ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതിലും അവശ്യ വസ്തുക്കളുടെ വിലയിലും യാത്രാക്കൂലിയിലും വർധനവ് സൃഷ്ടിക്കുമെന്നതിലും സംശയമില്ലെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

ഇന്ധന വിതരണ കമ്പനികളുടെ കൊള്ളയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനായി ഔദ്യോഗിക നിയന്ത്രിത വില നിർണ്ണയസംവിധാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യം സെക്രട്ടേറിയറ്റ് ആവർത്തിച്ചു.

you may also like this video;