ഇസ്രയേല്‍ അനുകൂല നിലപാട്: സിപിഐ പ്രതിഷേധിച്ചു

Web Desk
Posted on June 15, 2019, 10:03 pm

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയില്‍ ഇസ്രയേലിന് അനുകൂലമായ നിലപാട് സ്വീകരിച്ച മോഡി സര്‍ക്കാറിന്റെ നടപടിയെ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് വിമര്‍ശിച്ചു.
പലസ്തീനിലെ സര്‍ക്കാരിതര സംഘടനയ്ക്കുള്ള നിരീക്ഷക പദവി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഎന്‍ ഇക്കണോമിക് ആന്റ് സോഷ്യല്‍ കൗണ്‍സിലില്‍ ഇസ്രയേല്‍ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ചാണ് ഇന്ത്യ വോട്ട് ചെയ്തത്. ഇത് പലസ്തീനിനെ പിന്തുണയ്ക്കണമെന്ന ദേശീയ സമവായത്തിനെതിരായതും ഇസ്രയേലിനോട് കൂടുതല്‍ അടുക്കുന്നതുമായ നരേന്ദ്രമോഡി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിന്റെ വ്യക്തമായ സൂചനയാണ്.

ജൂണ്‍ ആറിന് നടന്ന വോട്ടെടുപ്പില്‍ ഇസ്രയേലിന് അനുകൂലമായി വോട്ട് ചെയ്തതോടെ യുഎസ്, ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ സംഘത്തില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ചൈന, റഷ്യ, സൗദി അറേബ്യ, പാകിസ്ഥാന്‍ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ പലസ്തീന്‍ സംഘടനയ്ക്ക് അനുകൂലമായാണ് വോട്ട് ചെയ്തത്. സ്വാതന്ത്ര്യത്തിനായുള്ള അഭിവാഞ്ഛയുടെയും ചെറുത്തുനില്‍പ്പിന്റെയും നീതിക്കുവേണ്ടിയുള്ള സമരങ്ങളുടെയും അടയാളമാണ് പലസ്തീന്‍. അതേസമയം പലസ്തീന്‍ ഭൂപ്രദേശം അധാര്‍മ്മികമായി പിടിച്ചടക്കിയ ഇസ്രയേല്‍ നിഷ്ഠൂര രാജ്യമായാണ് പരിഗണിക്കപ്പെടുന്നതെന്നും സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് വിദേശ നയത്തില്‍ മാറ്റം വരുത്തരുതെന്നും സെക്രട്ടേറിയറ്റ് ഓര്‍മ്മിപ്പിച്ചു.