Saturday
19 Oct 2019

തെരഞ്ഞെടുപ്പ് സംപ്രേക്ഷണത്തിന് സെന്‍സര്‍ഷിപ്പ്

By: Web Desk | Thursday 18 April 2019 11:02 PM IST


ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംപ്രേക്ഷണം ചെയ്യേണ്ട പ്രസംഗത്തിന് ദൂരദര്‍ശനില്‍ സെന്‍സര്‍ഷിപ്പ്. എന്‍ഡിഎ സര്‍ക്കാരിന്റെ നയങ്ങള്‍ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന നിലപാടിനെ തുടര്‍ന്ന് സിപിഐ നേതാക്കള്‍ പ്രസംഗം റെക്കോഡ് ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചു.

സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ബിനോയ് വിശ്വത്തിന്റെയും ബാല്‍ചന്ദ്ര കാന്‍ഗോയുടെയും പ്രസംഗങ്ങളിലെ പല ഭാഗങ്ങളും മാറ്റണമെന്നായിരുന്നു ദൂരദര്‍ശന്‍ നിലപാട്. ഈ മാസം 25 ന് സംപ്രേക്ഷണം നടത്തേണ്ടിയിരുന്ന ബിനോയ് വിശ്വത്തിന്റെ പ്രസംഗം ഇന്ന് റെക്കോഡ് ചെയ്യുന്നതിനാണ് തീരുമാനിച്ചിരുന്നത്. നേരത്തേ തയ്യാറാക്കി നല്‍കിയ പ്രസംഗത്തില്‍ നിന്ന് പല ഭാഗങ്ങളും നീക്കണമെന്ന് ഇന്നലെ റെക്കോഡിങിനെത്തിയപ്പോള്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. അതിന് തയ്യാറല്ലെന്ന് അറിയിച്ചപ്പോള്‍ റെക്കോഡിങ് സാധ്യമല്ലെന്ന നിലപാട് സ്വീകരിക്കുകയും വേണ്ടെന്ന് വച്ച് ബിനോയ് വിശ്വം മടങ്ങുകയുമായിരുന്നു.

കഴിഞ്ഞയാഴ്ചയാണ് കാന്‍ഗോയുടെ പ്രസംഗത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. വിദഗ്ധസമിതിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് ഒഴിവാക്കലെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. അതേസമയം ഇതേ പ്രസംഗം ആകാശവാണി പ്രക്ഷേപണത്തിനായി റെക്കോഡ് ചെയ്യുകയുമുണ്ടായി.

ദൂര്‍ദര്‍ശന്‍ നടപടിക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി, ബിനോയ് വിശ്വം എന്നിവര്‍ അറിയിച്ചു.
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെയും ആര്‍എസ്എസ്സിനെയും ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തോട് ഉപമിച്ച പരാമര്‍ശം ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടതെന്ന് ബിനോയ് വിശ്വം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മറ്റു പാര്‍ട്ടിക്കാരെയോ അവയുടെ പ്രവര്‍ത്തകരെയോ വിമര്‍ശിക്കുന്നതും അതുകൊണ്ട് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നുമായിരുന്നു ദൂരദര്‍ശന്‍ നിലപാട്.

പ്രസംഗത്തിന്റെ പകര്‍പ്പ് നേരത്തേ തന്നെ ദൂര്‍ദര്‍ശന് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ റെക്കോഡിങിനായി എത്തിയപ്പോഴാണ് ചില ഭാഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടതെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ അവരുടെ ആശയങ്ങള്‍ വോട്ടര്‍മാര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിനുള്ള ബോധപൂര്‍വമായ നീക്കത്തിന്റെ ഭാഗമാണിതെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

ഒരുരാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധിയെന്ന നിലയില്‍ നേരത്തേതന്നെ പൊതുമണ്ഡലത്തില്‍ അവതരിപ്പിച്ചിരിക്കുന്ന കാഴ്ചപ്പാടുകള്‍ പറയുകയാണ് തന്റെ ദൗത്യമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. അതുകൊണ്ടാണ് പ്രസംഗത്തില്‍ ഒരു മാറ്റവും വരുത്താന്‍ തയ്യാറാകാതിരുന്നത്. തന്റെ പ്രസംഗം സ്വീകരിക്കാന്‍ തയ്യാറാകാതിരുന്നപ്പോള്‍ രേഖാമൂലം അക്കാര്യം നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ ഉടന്‍തന്നെ അതിന് തയ്യാറായെന്നും ബിനോയ് വിശ്വം അറിയിച്ചു.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അവരുടെനിലപാടുകള്‍ വോട്ടര്‍മാരെ അറിയിക്കുകയെന്ന അവകാശത്തിന്മേലുള്ള കടന്നുകയറ്റത്തിന്റെയും മാധ്യമങ്ങള്‍ക്കുമേല്‍ ഫാസിസ്റ്റ് സമീപനങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള മോഡി സര്‍ക്കാരിന്റെ പ്രവണതയുടെയും ഭാഗമാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഒഴിവാക്കണമെന്നാവശ്യപ്പെട്ട ഭാഗങ്ങള്‍

‘ആര്‍എസ്എസ് മുന്നോട്ടുവച്ച വംശീയ മേധാവിത്വ പ്രത്യയശാസ്ത്രം അംഗീകരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് കീഴില്‍ ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ പീഡനങ്ങള്‍ക്കിരയാവുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്തു. മുസോളിനിയുടെയും ഹിറ്റ്‌ലറുടെയും വിദ്യാലയങ്ങളില്‍ നിന്നാണ് ഇത് അവര്‍ കടംകൊണ്ടത്. സമ്പന്നരുടെയും ജാതി – മത ശക്തികളുടെയും പാദസേവ മാത്രമാണ് അവരുടെ പ്രമാണം. അതേ ശക്തികള്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തിന്റെ അന്ത്യമായിരിക്കുമത്. കാരണം ഒരു രാഷ്ട്രം, ഒരു സംസ്‌കാരം, ഒരു ഭാഷ എന്ന ബ്രാഹ്മണ പൗരോഹിത്യത്തെ അടിസ്ഥാനമാക്കിയാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രവര്‍ത്തിക്കുന്നത്. മോഡി സര്‍ക്കാരിന് കീഴില്‍ അവര്‍ ഒരു നേതാവ് എന്നുകൂടി പറയാന്‍ തുടങ്ങിയിരിക്കുന്നു.’ എന്ന ഭാഗവും രണ്ടാമത്തെ ഖണ്ഡികയിലെ ‘ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്താല്‍ നയിക്കപ്പെടുന്ന’ എന്ന പരാമര്‍ശവും ഒഴിവാക്കണമെന്നായിരുന്നു സമിതി നിര്‍ദ്ദേശിച്ചത്.

Related News