Web Desk

തിരുവനന്തപുരം

February 21, 2020, 10:37 pm

കർഷക ഇൻഷുറൻസ് പദ്ധതിക്ക് കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കരുത്; സിപിഐ

Janayugom Online

പ്രധാനമന്ത്രി ഫസൽ ഭീമാ യോജന (കർഷക ഇൻഷുറൻസ്) പദ്ധതിയുടെ കേന്ദ്ര സർക്കാർ വിഹിതം പകുതിയായി വെട്ടിക്കുറച്ച കർഷക ദ്രോഹ നടപടിയിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ശക്തിയായി പ്രതിഷേധിച്ചു. കർഷകർ പദ്ധതിയിൽ അടക്കേണ്ട വിഹിതം രണ്ട് ശതമാനത്തിൽ നിന്നും 27 ശതമാനമായി വർദ്ധിപ്പിച്ചു. കർഷകർക്ക് താൽപ്പര്യമുണ്ടെങ്കിൽ മാത്രം അംഗമായാൽ മതിയെന്ന നിർദ്ദേശവും ഇപ്പോൾ മുന്നോട്ടുവെച്ചിട്ടുണ്ട്.

കർഷകരുടെ ഉന്നമനം ലക്ഷ്യംവെച്ചാണ് കർഷക ഇൻഷുറൻസ് പദ്ധതിയായ പ്രധാനമന്ത്രി ഫസൽ ഭീമാ യോജന 2016–17 ൽ കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ചിരുന്നത്. പുതിയ പ്രഖ്യാപനത്തോടെ പ്രസ്തുത പദ്ധതിയുടെ പ്രയോജനം കർഷകർക്ക് നഷ്ടപ്പെടുകയാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 10.6 ലക്ഷം കർഷകരിൽ നിന്നും സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ പിരിച്ചെടുത്തത് 49,000 കോടി രൂപയാണ്. കർഷകർക്ക് നഷ്ടപരിഹാരമായി നൽകിയത് 33,000 കോടി രൂപ മാത്രമാണ്. 16,000 കോടി രൂപ ഇൻഷുറൻസ് കമ്പനികൾ തട്ടിയെടുക്കുകയായിരുന്നു.

കർഷക ഇൻഷുറൻസ് പദ്ധതി ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ ശക്തമായ പ്രതിഷേധം വളർന്നുവരണമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് പ്രമേയത്തിൽ അഭ്യർത്ഥിച്ചു. കെ പി രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി, കേന്ദ്ര കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.

you may also like this video;