ഫെഡറല്‍ സംവിധാനത്തെ തകര്‍ത്ത് അധികാരം കവരുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിയ്ക്കുന്നത് : സത്യന്‍ മൊകേരി

Web Desk
Posted on December 01, 2019, 8:53 pm

ദമ്മാം:  ഫെഡറല്‍ സംവിധാനത്തെ തകര്‍ത്ത് സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുന്ന നിലപാടുകളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിയ്ക്കുന്നതെന്ന്  സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും, മുന്‍ എംഎല്‍എ യുമായ സത്യന്‍ മൊകേരി ആരോപിച്ചു. നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച ശിശിരോത്സവം — 2019ന്റെ ഭാഗമായി നടന്ന സാംസ്ക്കാരിക സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ്‌ ബെൻമോഹൻ അധ്യക്ഷനായി. നവയുഗം ഉപദേശക സമിതി ചെയര്‍മാന്‍ ജമാല്‍ വില്യാപ്പള്ളി ഇ ചന്ദ്രശേഖരന്‍ നായര്‍ അനുസ്മരണം നടത്തി. നവയുഗം ജനറല്‍ സെക്രട്ടറി എം എ വാഹിദ് കാര്യറ, നവയുഗം നടത്തുന്ന പ്രവാസി പുനരധിവാസ പദ്ധതിയെക്കുറിച്ച് വിശദീകരണം നല്‍കി. നവയുഗം രക്ഷാധികാരി ഷാജി മതിലകം സ്വാഗതവും ദമ്മാം മേഖല സെക്രട്ടറി ശ്രീകുമാര്‍ വെള്ളല്ലൂര്‍ നന്ദിയും പറഞ്ഞു.


കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികള്ക്ക് ആഘോഷരാവ് സമ്മാനിച്ച് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച   ശിശിരോത്സവം — 2019, വന്‍പൊതുജന പങ്കാളിത്തത്തോടെയാ  ദമ്മാമില്‍ അരങ്ങേറിയത്. ദമ്മാം ഫൈസലിയയിലെ പാരീസ് പാർട്ടി ഹാളിൽ ഉച്ചയ്ക്ക് രണ്ടു മണി മുതൽ അരങ്ങേറിയ വിവിധ മത്സര പരിപാടികളോടെയാണ് ശിശിരോത്സവത്തിന് തുടക്കമായത്. സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങളും നടന്നു. ഫുഡ് ഫെസ്റ്റിവൽ, പ്രവാസി ചിത്രകാരുടെ ചിത്രപ്രദർശനം, പ്രവാസി എഴുത്തുകാരുടെ പുസ്തകപ്രദർശനവും വില്പനയും, മെഡിക്കൽ ക്യാമ്പ്, നോർക്ക, പ്രവാസി ക്ഷേമനിധി, പ്രവാസി പുനഃരധിവാസം എന്നിവയുമായി ബന്ധപ്പെട്ട ഹെല്‍പ്പ് ഡെസ്ക്ക് എന്നിവയും സംഘടിപ്പിച്ചിരുന്നു.

തുടര്‍ന്ന്  പ്രവാസി കലാകാരന്മാരുടെ സംഗീത, നൃത്ത, ഹാസ്യ, അഭിനയ കലാപ്രകടനങ്ങൾ അടങ്ങിയ കലാസന്ധ്യ ആരംഭിച്ചു. കിഴക്കൻ പ്രവിശ്യയിലെ നൂറോളം കലാകാരന്മാർ ശിശിരോത്സവ വേദിയിൽ കലാപ്രകടനങ്ങൾ അവതരിപ്പിച്ചു.  വൈകുന്നേരം നടന്ന സാംസ്ക്കാരിക സദസ്സില്‍  സൗദി അറേബ്യയിലെ സാമൂഹിക, സാംസ്ക്കാരിക, ജീവകാരുണ്യ, സാഹിത്യ, കല, മാധ്യമ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.

you may also like this video

ഇ.ചന്ദ്രശേഖരൻ നായർ സ്മാരക സാമൂഹ്യ പ്രതിബദ്ധതാ പുരസ്കാരം  സത്യന്‍ മൊകേരിയും ക്യാഷ് പ്രൈസ് നവയുഗം നേതാവ് ശ്രീകുമാറും സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാംസ്ക്കാരികരംഗത്തെ ശ്രദ്ധേയവ്യക്തിത്വമായ ടി സി ഷാജിയ്ക്ക്  സമ്മാനിച്ചു. തുടര്‍ന്ന് വിവിധ മേഖലകളിൽ വ്യക്തിമുദ്ര മമ്മു മാസ്റ്റർ (വിദ്യാഭ്യാസം), നിഹാൽ മുഹമ്മദ് (ആതുരസേവനം), ജോളി ലോനപ്പൻ (ചലച്ചിത്രം), സതീഷ് കുമാർ (കലാസാംസ്ക്കാരികം), ഹമീദ് വടകര (നിയമസഹായം), അഹമ്മദ് യാസിൻ (ജീവകാരുണ്യം) എന്നിവര്‍ക്ക് സത്യന്‍ മൊകേരി നവയുഗത്തിന്റെ ആദരവ് കൈമാറി.  നവയുഗം സീനിയര്‍ നേതാക്കളായ ഉണ്ണി പൂചെടിയല്‍, സാജന്‍ കണിയാപുരം, അരുണ്‍ ചാത്തന്നൂര്‍ എന്നിവര്‍ക്കും, നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരായ ഷാജി മതിലകം, മഞ്ചു മണിക്കുട്ടന്‍, ഷിബുകുമാര്‍, പദ്മനാഭന്‍ മണിക്കുട്ടന്‍, അബ്ദുള്‍ലത്തീഫ് മൈനാഗപ്പള്ളി എന്നിവര്‍ക്കും സത്യന്‍ മൊകേരി നവയുഗത്തിന്റെ ആദരവ് സമ്മാനിച്ചു.