December 1, 2023 Friday

Related news

November 27, 2023
November 19, 2023
November 6, 2023
November 5, 2023
November 3, 2023
November 2, 2023
November 2, 2023
October 27, 2023
October 25, 2023
October 20, 2023

പാര്‍ട്ടി പ്രവര്‍ത്തകരുടെ പിശാചുപേടിയും ചീട്ടുകളി ഭ്രാന്തും

Janayugom Webdesk
September 14, 2022 5:45 am

പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ച ആദ്യകാലത്ത് കമ്മ്യൂണിസത്തെപ്പറ്റിയും കമ്മ്യൂണിസ്റ്റുകാരെപ്പറ്റിയും വർഗശത്രുക്കൾ നിരവധി അപവാദങ്ങളാണ് അന്ന് പറഞ്ഞ് പരത്തിയിരുന്നത്! എന്നാൽ ഒറ്റ ഒരു കമ്മ്യൂണിസ്റ്റുകാരനെപ്പറ്റിയും വ്യക്തിപരമായി അവർക്ക് ഒന്നും പറയാൻ കഴിഞ്ഞിരുന്നില്ല. അന്നത്തെ ദുഷ്പ്രചരണങ്ങൾക്കെല്ലാം മറുപടി നൽകിയത് കമ്മ്യൂണിസ്റ്റുപാർട്ടി മെമ്പറന്മാരുടെ ജീവിതം മാത്രമായിരുന്നു എന്നുള്ളത് ഒരു പരമാർത്ഥം മാത്രമാണ്. കമ്മ്യൂണിസ്റ്റുകാർ മറ്റുള്ളവരെക്കാൾ നല്ലവരാണെന്നു ധൈര്യമായി പറയാനും അതിൽ അഭിമാനിക്കാനും അന്നു കഴിഞ്ഞിരുന്നു. 1942 കാലത്ത് കോട്ടയം വൈഎംസിഎ ഹാളിൽ കൂടിയ ഒരു പൊതുയോഗത്തിൽവച്ച് കമ്മ്യൂണിസ്റ്റുകാർക്കെതിരായ കള്ളപ്രചരണങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ട് ഇഎംഎസും കെ സി ജോര്‍ജും സംസാരിച്ചു. അതിൽവച്ച് ഏതെങ്കിലും ഒരു കമ്മ്യൂണിസ്റ്റുകാരൻ മറ്റു പൊതുപ്രവർത്തകന്മാരെക്കാൾ മോശമാണെന്നു തെളിയിക്കാൻ ഒരു വെല്ലുവിളി നടത്തി. ഹാൾ നിശബ്ദമായിരുന്നതല്ലാതെ അത് സ്വീകരിക്കാൻ ആരും തയാറായില്ലായെന്നു പറയുമ്പോൾ അന്നത്തെ പാർട്ടി മെമ്പറന്മാരുടെ ജീവിതരീതിയെപ്പറ്റി കൂടുതൽ പറയേണ്ടതില്ലല്ലോ.
ഓരോ സഖാവിന്റെയും വളർച്ചയിൽ അവരുടെ കുറവുകൾ പരിഹരിക്കുന്നതിന് എങ്ങനെയാണ് ശ്രദ്ധിച്ചിരുന്നതെന്നു കാണിക്കുന്ന അനവധി സംഭവങ്ങളുണ്ട്. അന്ന്, പതിനെട്ടുവയസു മാത്രമുള്ള കാട്ടായിക്കോണം സദാനന്ദന് പാർട്ടിയായിരുന്നു സർവസ്വവും.

പാർട്ടി നിയമവിരുദ്ധമായിരുന്നതുകൊണ്ട് സിഐഡി-കളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ രാത്രികാലങ്ങളിൽ പ്രവർത്തിക്കേണ്ടതുണ്ടായിരുന്നു. പക്ഷേ, പകൽ വലിയ ധീരനായിരുന്ന സദാനന്ദന് ഒരാളെ മാത്രം ഭയമായിരുന്നു, പിശാചിനെ. മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ ഭൂതപ്രേതാദികള്‍ക്ക് യാതൊരു സ്ഥാനവും ഇല്ലെന്നുള്ളത് താത്വകമായി സമ്മതിക്കുന്ന സദാനന്ദന് രാത്രിയായാല്‍ മാര്‍ക്സിസം പിശാചിനു വഴിമാറിക്കൊടുക്കും. ആവര്‍ത്തിച്ചാവര്‍ത്തിച്ചു സംസാരിച്ചുനോക്കി. ഫലമില്ല. രാത്രിയായാല്‍ ഭയംതന്നെ. കൃഷിക്കാരുടെ വീടുകളില്‍ പകല്‍ ചെല്ലുന്നത് അവര്‍ക്കും ഭയമാണ്. അതുകൊണ്ട് രാത്രിയിലെ പണി ചെയ്തേ തീരു. കാട്ടായിക്കോണം ശ്രീധരനാണ് അവിടത്തെ നേതാവ്. കെ സി ജോര്‍ജ് ശ്രീധരനെ വിളിച്ച് സംസാരിച്ച് ഒരു പരിപാടി തയാറാക്കി, അവിടെ ഒരു അമ്പലത്തിന്റെ സമീപം ഒരു പാലയും അതില്‍ യക്ഷികളും ഉണ്ടെന്നുള്ള കഥ സദാനന്ദനില്‍ നിന്നും കെ സി ജോര്‍ജ് മനസിലാക്കിയിരുന്നു. ഒരു രാത്രിയില്‍ സദാനന്ദനെയും കൂട്ടിക്കൊണ്ട് നാലഞ്ച് പേര്‍ കൂട്ടായി പ്രവര്‍ത്തനത്തിനിറങ്ങണമെന്നും മടങ്ങിവന്ന് ആ അമ്പലത്തിന്റെ അടുത്തെത്തുമ്പോള്‍ പെട്ടെന്നു നാലുവഴിക്കും ഓടി സദാനന്ദനെ ഒറ്റപ്പെടുത്തണമെന്നുമായിരുന്നു പരിപാടി. വലിയ ധീരനായിരുന്നതുകൊണ്ടും ഏതു സ്ഥിതിയെയും നേരിടാനുള്ള കഴിവുണ്ടായിരുന്നതുകൊണ്ടും അതില്‍ തകരുകയില്ലെന്ന് നിശ്ചയമുണ്ടായിരുന്നതുകൊണ്ടാണ് ആ പരിപാടിക്ക് കെ സി ജോര്‍ജ് സന്നദ്ധനായത്. അടുത്തൊരു ദിവസംതന്നെ പരിപാടി നടപ്പാക്കുകയും ചെയ്തു.


ഇതുകൂടി വായിക്കൂ: വൈവിധ്യങ്ങളില്‍ നിന്നുണ്ടാവേണ്ട ഏകത്വം


പല കഥകളും മറ്റും പറഞ്ഞ് രസിച്ചുവന്നവര്‍ ഞൊടിയിടയില്‍ പാലയുടെ അടുത്തെത്തിയപ്പോള്‍ നാലുവഴിക്കും ഓടി മറഞ്ഞു. സദാനന്ദന്‍ സ്തംഭിച്ചുപോയി. പേടിച്ചുവിറച്ച് ആ കൂരിരുട്ടത്ത് അല്പനേരം നിന്നുപോയി. നൂല്‍ബന്ധമില്ലാത്ത സ്ഥിതിയില്‍ യക്ഷികള്‍ അടുക്കുകയില്ലെന്ന് മനസിലാക്കിയിരുന്നതുകൊണ്ട് മുണ്ടും ഷര്‍ട്ടും ചുരുട്ടി കക്ഷത്തിലിടുക്കിക്കൊണ്ട് എങ്ങോട്ടോ നടന്നു. കുറെ നടന്നപ്പോല്‍ ഒരു ചെറിയ വീടുകണ്ടു. നേരം വെളുക്കട്ടെയെന്നു കരുതി അതിന്റെ ചുവരരുകില്‍ പതുങ്ങി ഇരിപ്പായി. സമയം കടന്നുപോയി. സര്‍വത്ര ഇരുട്ട്. കുറെ കഴിഞ്ഞപ്പോള്‍ ആ വീട്ടുകാരന്‍ എവിടെയോ പോയി മടങ്ങിവന്നു. നോക്കിയപ്പോള്‍ ഒരു തടിച്ച ചെറുപ്പക്കാരന്‍ നൂല്‍ബന്ധില്ലാതെ ചുവരിനടുത്തു പതുങ്ങിയിരിക്കുന്നതാണ് കണ്ടത്. ആരെടാ എന്ന് അട്ടഹസിച്ചുകൊണ്ട് അയാള്‍ അടുത്തപ്പോള്‍ സദാനന്ദന്‍ പ്രാണനും കൊണ്ട് എങ്ങോട്ടെന്നറിയാതെ ഓടി. ആള്‍ പിന്നാലെയും. ഒരു ചെറിയ പൊട്ടക്കിണറ്റില്‍ വീണ സദാനന്ദന്‍ എങ്ങോട്ടു പോയെന്നറിയാതെ അയാള്‍ മടങ്ങിപ്പോയി. കുറേക്കഴിഞ്ഞ് കിണറ്റില്‍ നിന്നും കയറി സദാനന്ദന്‍ രക്ഷപ്പെട്ടു.

ഈ ചികിത്സ സദാനന്ദന്റെ സുഖക്കേടിനു ശരിയായി ഫലിച്ചു. പൂഞ്ഞാറിലെ നേതാവായിരുന്ന തെള്ളി ജോസഫ് ഒരു അഡ്വക്കേറ്റ് ഗോപാലപിള്ളയുമായിച്ചേർന്നു മദ്യപിക്കുന്നുണ്ടെന്നുള്ള ഒരു പരാതിയുണ്ടായി. അന്ന് വളരെ ഗൗരവമുള്ള കാര്യമായിരുന്നു അത്. തെള്ളിയാണെങ്കില്‍ പഴയ വലിയ നേതാവും. അതുകൊണ്ട് കെ സി ജോര്‍ജ് നേരിട്ടു പോയി അന്വേഷിക്കാൻ തീരുമാനിച്ചു. പാർട്ടി സഖാക്കളേയും മറ്റുള്ളവരേയും കണ്ടു സംസാരിച്ചു. ആ പ്രദേശത്തുള്ളവര്‍ മദ്യപാനം ഒരു തെറ്റായി കരുതുന്നില്ലെന്നും വീടുകളില്‍ എല്ലാവര്‍ക്കും ഒന്നിച്ചിരുന്ന് കുടിക്കാമെന്നും മനസിലാക്കാന്‍ കഴിഞ്ഞു. അതുകൊണ്ടു തെള്ളി ഒരു പാർട്ടിവിരുദ്ധ പ്രവൃത്തി ചെയ്തതായി കെ സിക്കു തോന്നിയില്ലെങ്കിലും അതേപ്പറ്റി പൊതുവായി ആ സഖാവിനോടു സംസാരിച്ച് മടങ്ങി. പാർട്ടി ഓരോ കാര്യത്തിലും സ്വീകരിച്ചിരുന്ന മാനദണ്ഡങ്ങളെപറ്റി സൂചിപ്പിക്കാന്‍ ഈ കഥ സഹായകമാകും. അതുപോലെതന്നെ ഓരോ കാര്യത്തിലും എങ്ങനെ ശ്രദ്ധിച്ചിരുന്നു എന്നു കാണിക്കുന്നതിനും.


ഇതുകൂടി വായിക്കൂ: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം: ഭാവിയിലേക്കുള്ള വഴികൾ


ഒരവസരത്തിൽ ചെറുവയ്ക്കൽ പരമേശ്വരൻനായർ ചീട്ടുകളിച്ചു സമയം കളയുന്നെന്നുള്ള ഒരു പരാതി മറ്റു സഖാക്കളില്‍ നിന്നും രാവിലെ വീട്ടിൽ നിന്നും വല്ലതും കഴിക്കുന്നതിനുപകരം ഹോട്ടലിൽ നിന്നു കാപ്പി കുടിക്കുകയാണെന്നുള്ള പരാതി പരമേശ്വരൻ നായരുടെ അമ്മയിൽ നിന്നും പാര്‍ട്ടിക്കു ലഭിച്ചു. നേതാക്കള്‍ വീട്ടിൽ പോയി. പരമേശ്വരൻ നായരുടെ സാന്നിധ്യത്തിൽ അമ്മയുമായി സംസാരിച്ചു. രാവിലത്തെ കഞ്ഞിയും പഴംകഞ്ഞിയും മാറ്റി രണ്ടാൾക്കും കൂടി കാപ്പിയുണ്ടാക്കിയാൽ ഹോട്ടലിൽ ചെലവാക്കുന്നതു കൊണ്ടുമാത്രം മുഴുവൻ ചെലവും സാധിക്കുമെന്ന് കണക്കുകൂട്ടി ബോധ്യപ്പെടുത്തിയതിന്റെ ഫലമായി പരമേശ്വരൻ നായരുടെ ഹോട്ടല്‍ പരിപാടി അവസാനിപ്പിക്കാന്‍ നേതാക്കള്‍ക്ക് കഴിഞ്ഞു.
ചീട്ടുകളിയെപ്പറ്റിയുള്ള പരാതിയെപ്പറ്റി ഓഫീസിൽ വെച്ചാണ് അന്വേഷണം നടത്തിയത്. പരാതി ശരിയാണെന്ന് പരമേശ്വരൻ നായർ സമ്മതിച്ചു. അതൊരു കുറ്റബോധത്തോടുകൂടിത്തന്നെ ചീട്ടുകളിയില്‍ അയാള്‍ക്ക് എന്തോ ഒരു ഭ്രമമുണ്ടെന്ന് നേതാക്കള്‍ മനസിലാക്കി. അതുകൊണ്ട് മേലില്‍ മാസത്തില്‍ രണ്ടു ദിവസം ചീട്ടുകളിക്കാന്‍ അനുവദിച്ചു. അടുത്ത മാസം വന്നപ്പോള്‍‍ ഇനിയും മാസത്തില്‍ ഒരു ദിവസം കളിക്കു മാറ്റിവച്ച് അതു കഴിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ആ അവധിയും കഴിഞ്ഞു വന്നപ്പോള്‍ ഇനിയും കളിക്കണോ എന്നു ചോദിച്ചപ്പോള്‍ വേണ്ട എന്നാണ് പരമേശ്വരന്‍ നായര്‍ പറഞ്ഞത്. അങ്ങനെ ചീട്ടുകളിച്ചു കളഞ്ഞ സമയം പിന്നീട് പാര്‍ട്ടി പ്രവര്‍ത്തനത്തിനുവേണ്ടി ഉപയോഗപ്പെടുത്തി. (സിപിഐ 70-ാം വാര്‍ഷിക സ്മരണികയില്‍ നിന്ന്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.