ജനങ്ങളെ നിരാശരാക്കാതിരിക്കാന്‍ ഇടതുപക്ഷത്തിന് സാധിക്കണം: കാനം

Web Desk
Posted on March 02, 2018, 9:02 pm

മലപ്പുറം: പ്രതീക്ഷയോടെ നോക്കുന്ന ജനങ്ങളെ നിരാശരാക്കാതിരിക്കാനും പ്രായോഗികമായി കടന്നുകയറാനും ഇടതുപക്ഷപാര്‍ട്ടികള്‍ക്ക് കഴിയണമെന്ന് കാനം. ആഗോളീകരണം, വര്‍ഗ്ഗീയത, ഫാസിസം എന്നിവയ്‌ക്കെതിരായുള്ള പോരാട്ടത്തില്‍ പ്രതീക്ഷ ഇടതുപക്ഷമെ യാഥാര്‍ത്ഥ്യം സിപിഐ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള സെമിനാര്‍ അടിവരയിട്ടുവെന്ന് അധ്യക്ഷ പ്രസംഗത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ലോകചരിത്രത്തില്‍ ഫാസിസത്തിനെതിരായ പോരാട്ടങ്ങളില്‍ പതിനായിരക്കണക്കിന് കമ്മ്യൂണിസ്റ്റുകാരാണ് ജീവത്യാഗം ചെയ്തത്. കപട ദേശീയത ഉയര്‍ത്തി വ്യത്യസ്ത ജനവിഭാഗങ്ങളെ സ്വാധീനിച്ച് തെറ്റായ വഴികളില്‍ നയിച്ച് അധികാരത്തിലേറിയ കേന്ദ്ര സര്‍ക്കാര്‍ താക്കോല്‍ സ്ഥാനങ്ങളില്‍ ഫാസിസത്തെ പ്രതിഷ്ഠിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇടതുപക്ഷം ശരിപക്ഷവും ജനപക്ഷവുമാണ്. ശരിയോരം ചേര്‍ന്നുള്ള യാത്രയില്‍, ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ മുഖ്യശത്രുവിനെ നിര്‍വചിക്കുന്നത് പ്രധാനമാണ്. ലോകചരിത്രത്തിലൊരിടത്തും ഇടതുപക്ഷം ഏകപക്ഷീയമായി ഫാസിസത്തിനെതിരായ പോരാട്ടം നയിച്ചിട്ടില്ല. വിശാലമായ ഐക്യമുന്നണി രൂപപ്പെട്ടിരുന്നു. 1930ല്‍ ജോര്‍ജ് ഡി മിത്രൂസ് ഇത്തരം മുന്നേറ്റം രൂപപ്പെടുത്തിയിരുന്നു. ഇടപെടുന്ന ദേശത്തിന്‍റെ രാഷ്ട്രീയ സാഹചര്യത്തിലും എതിര്‍ക്കപ്പെടേണ്ട കക്ഷിയുടെ ശക്തിയ്ക്കുമനുസരിച്ചാണ് ചെറുത്തുനില്‍പ്പ് രൂപപ്പെടുത്തേണ്ടത്. ഇന്ത്യ വ്യത്യസ്ത ചിന്താധാരയുടെ അടിത്തറയില്‍ രൂപപ്പെടുത്തിയ വലിയ രാജ്യമാണ്. സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അന്തരം തിരിച്ചറിയേണ്ടത് കമ്മ്യൂണിസ്റ്റുകാരുടെ ഉത്തരവാദിത്തമാണ്. ഭരണഘടനയും ഭരണഘടനാസ്ഥാപനങ്ങളും രാജ്യത്തിന്‍റെ മൂല്യങ്ങളും സംരക്ഷിക്കണം. ആരാണ് മുഖ്യശത്രു എന്ന് നോക്കുമ്പോള്‍ സംഘപരിവാര്‍ നിയന്ത്രിക്കുന്ന ബിജെപി എന്നത് ബോദ്ധ്യപ്പെടും. സിപിഐയുടെയും സിപിഐഎമ്മിന്‍റെയും രാഷ്ട്രീയ കരട് പ്രമേയം ഇക്കാര്യത്തില്‍ പൂര്‍ണ്ണയോജിപ്പാണ്. ബാക്കിയുള്ള കാര്യങ്ങള്‍ പാര്‍ട്ടികോണ്‍ഗ്രസ് ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.