25 April 2024, Thursday

സിപിഐ സംസ്ഥാന സമ്മേളനത്തിന് ചെങ്കൊടി ഉയര്‍ന്നു

ബൂര്‍ഷ്വാമാധ്യമ ദുഷ്പ്രചാരണങ്ങളെ നേരിടാനുള്ള കരുത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ട്: കാനം രാജേന്ദ്രന്‍
web desk
തിരുവനന്തപുരം
September 30, 2022 7:01 pm

ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിനുമുന്നോടിയായുള്ള സിപിഐ സംസ്ഥാന സമ്മേളനത്തിന് തലസ്ഥാന നഗരിയില്‍ ചെങ്കൊടി ഉയര്‍ന്നു. കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, പുത്തരിക്കണ്ടം മൈതാനിയിലെ പികെവി നഗറില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനവുമായി ബന്ധപ്പെട്ട് വളരെയധികം വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുവാന്‍ വേണ്ടി ബൂര്‍ഷ്വാമാധ്യമങ്ങള്‍ നടത്തുന്ന അത്തരം പ്രചാരണങ്ങളെ അതിജീവിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും തന്റേടവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ട്. കേരളത്തിലെ സഖാക്കള്‍ അത് പ്രകടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വളരുന്ന പ്രസ്ഥാനമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നത് ആവേശം പകരുന്നു. നമ്മുടെ സംഘടനാ രേഖകകള്‍ പരിശോധിച്ചാല്‍ അക്കാര്യം ബോധ്യമാകും.
1971ല്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് താനും കെ ഇ ഇസ്‌മായിലും വി ചാമുണ്ണിയുമെല്ലാം സംസ്ഥാന കൗണ്‍സിലില്‍ വന്നത്. രേഖകള്‍ പരശോധിച്ചതില്‍ നിന്ന് മനസിലാക്കിയത് ആന്നത്തെ പാര്‍ട്ടി അംഗസംഖ്യ 34,600 ആണ്. 1971 നുശേഷം വീണ്ടും തിരുവനന്തപുരത്ത് സമ്മേളനങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനുമുന്നോടിയായിട്ടുള്ള ഈ സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍, 1,77,600 ആയി വര്‍ധിച്ചു. അതില്‍ ഗണ്യമായ വര്‍ധനവ് കഴിഞ്ഞ മലപ്പുറം സമ്മേളനത്തിനുശേഷം ഉണ്ടായ ജില്ലയാണ് തിരുവനന്തപുരം. ഇവിടത്തെ സഖാക്കള്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമാണ്, ഇന്ന് 24,000 അംഗസംഖ്യയുള്ള ഒരു പ്രസ്ഥാനമായി തിരുവനന്തപുരം ജില്ലയ്ക്ക് മാറാന്‍ കഴിഞ്ഞത്.

ജനങ്ങളോടൊപ്പം നില്‍ക്കുകയും അവരുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ജനപക്ഷ നിലപാടുകളില്‍ നിന്ന് അല്പംപോലും വ്യതിചലിക്കാതെ, കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനശൈലി കൈവിടാതെ മുന്നോട്ടുപോകാന്‍, കഴി‌ഞ്ഞ നാളുകളില്‍ നാം നടത്തിയ കൂട്ടായ യജ്ഞമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ട് ഈ നേട്ടങ്ങള്‍ നല്‍കിയത്. ആ പാര്‍ട്ടിയുടെ ഐക്യവും സംഘടാനാശക്തിയും ഊട്ടിയുറപ്പിച്ച് ശക്തമായി മുന്നോട്ടുപോകാന്‍ തീരുമാനം എടുക്കുന്ന ഒരു സമ്മേളനമായിരിക്കും തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

രാജ്യം നേരിടുന്ന നിരവധി പ്രശ്നങ്ങളേക്കാല്‍ പ്രധാനമല്ല സമ്മേളനത്തില്‍ മറ്റുകാര്യങ്ങള്‍. വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ സാഹചര്യത്തില്‍ക്കൂടിയാണ് രാജ്യം കടന്നുപോകുന്നത്. നരേന്ദ്രമോഡിയുടെ സര്‍ക്കാര്‍ അനുദിനം വലത്തോട്ടുമാറിമാറി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ആഗോളീകരണ സാമ്പത്തിക നയങ്ങള്‍ ലോകത്ത് നടപ്പിലാക്കാന്‍ തുടങ്ങിയ ശേഷം, ലോകത്തെ സമ്പന്ന രാജ്യങ്ങളിലെയും ദരിദ്രരാജ്യങ്ങളിലെയും സാധാരണക്കാരുടെ സമരങ്ങളും പ്രക്ഷോഭങ്ങളും വളര്‍ന്നുവരികയാണ്. മൂലധനത്തിന്റെ കേന്ദ്രീകരണവും ജനങ്ങളെ പാപ്പരീകരിക്കുന്ന സാമ്പത്തിക നയങ്ങളും അവരുടെ നിത്യജീവിതത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളാണ് പ്രക്ഷോഭങ്ങളും സമരങ്ങളുമായി പൊട്ടിപ്പുറപ്പെടുന്നത്. പല രാജ്യങ്ങളിലെയും ജനങ്ങളുടെ അസംതൃപ്തി ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ വളക്കൂറ് നല്‍കുന്നുണ്ടെങ്കിലും ആ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ അധികാരത്തിലും വരുന്നുണ്ട്. ഈ ആഴ്ചയില്‍ ഇറ്റലിയില്‍ അങ്ങനെയൊരു അധികാരമേല്‍ക്കല്‍ നടന്നു.

ദൂരയുള്ള കഥകള്‍ പറയുന്നില്ല, ഇന്ത്യയില്‍ ഈ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ ഉണ്ടാക്കിയ ജനങ്ങളുടെ അസംതൃപ്തി മുതലെടുത്താണ് 2014ല്‍ ദേശീയജനാധിപത്യ സഖ്യം അധികാരത്തില്‍ വന്നത്. 2019ല്‍ വീണ്ടും നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തില്‍ വരികയും ഭൂരിപക്ഷം നേടുകയും ചെയ്തു. കഴിഞ്ഞ എട്ടുവര്‍ഷക്കാലം നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്ക് എത്രമാത്രം ദുരിതം അനുഭവിക്കേണ്ടിവന്നു. അതിന്റെ ഉത്തരവാദിത്തം നരേന്ദ്രമോഡി സര്‍ക്കാരിനും അവരുടെ സാമ്പത്തികനയങ്ങള്‍ക്കുമാണ്. ആ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പ്രക്ഷോഭങ്ങളും സമരങ്ങളും വിജയിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം നിറവേറ്റുകയാണ് ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ മുഖ്യചുമതലയെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.