27 March 2024, Wednesday

Related news

March 25, 2024
March 24, 2024
March 24, 2024
March 23, 2024
March 23, 2024
March 22, 2024
March 21, 2024
March 21, 2024
March 20, 2024
March 20, 2024

നേരിന്റെ പാതയിൽ കരുത്തുറ്റ സംഘടനയുമായി മുന്നോട്ട്

Janayugom Webdesk
September 29, 2022 4:05 pm

സിപിഐയുടെ കേരള സംസ്ഥാന സമ്മേളനം തലസ്ഥാന നഗരിയിൽ നാളെ മുതൽ ആരംഭിക്കുകയാണ്. 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന സമ്മേളനം ഈ കാലഘട്ടത്തിന്റെ രാഷ്ട്രീയ പരിതസ്ഥിതിയിൽ പ്രത്യേക പ്രാധാന്യമർഹിക്കുന്നുണ്ട്. കഴിഞ്ഞ പാർട്ടി കോൺഗ്രസ് കാലയളവിലുണ്ടായ സാഹചര്യത്തിൽ നിന്നും മിക്ക ലോകരാജ്യങ്ങളിലും കൂടുതൽ വലത് വ്യതിയാനം സംഭവിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലവും വ്യത്യസ്തമല്ല ഇന്ത്യയിലെ സാമാന്യ ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ജീവിതം അതിദുസ്സഹമായിരിക്കുന്നു. നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ എല്ലാ സാധനങ്ങളുടെയും വില ക്രമാതീതമായി കുതിച്ചുയരുന്നു. പെട്രോളിയം ഉല്പന്നങ്ങളുടെ വില നിർണയാവകാശം കോർപറേറ്റ് കമ്പനികൾ നിർണയിക്കുന്ന കാലത്ത് സ്ഥിതിഗതികൾ നിയന്ത്രണാതീതമായിരിക്കുന്നു. ഓരോ ബജറ്റ് അവതരണങ്ങൾക്ക് ശേഷവും ജീവിത ചെലവ് വർധിക്കുന്നതും, സർക്കാർ ക്ഷേമ പദ്ധതികളിൽ നിന്നും പിൻവാങ്ങുന്നതും ഗൗരവമായ വിഷയങ്ങളാണ്. നിത്യോപയോഗ സാധനങ്ങളുടെ വില വർധനവ് പിടിച്ചു നിർത്തുന്നതിനാവശ്യമായ ഒരു നടപടിയും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ അനുദിനം ദുർബലപ്പെടുന്ന കാഴ്ചയാണ്. തീവ്ര വലതു ശക്തികളുടെ ഭരണവും ചങ്ങാത്ത മുതലാളിത്തവും നമ്മുടെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മേഖലകളിൽ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
നരേന്ദ്ര മോഡിയുടെ കീഴിൽ 2014 മുതൽ രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ രാജ്യത്തിന്റെ ജനാധിപത്യ മതനിരപേക്ഷ, ഫെഡറൽ ഘടനയ്ക്ക് ഏല്പിച്ച ആഘാതം ചെറുതൊന്നുമല്ല. ദളിത്, മത ന്യൂനപക്ഷങ്ങൾ രാജ്യത്ത് അനുഭവിക്കുന്ന വേട്ടയാടൽ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്തതാണ്. കർഷകസമരത്തിലെന്നപോലെ അഗ്നിപഥിനെതിരെയും കടുത്ത ജനരോഷമാണ് ഉയർന്നത്. തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. കറൻസി പിൻവലിക്കലും ജിഎസ്‌ടിയും സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും നട്ടെല്ലൊടിച്ചപ്പോൾ സമ്പന്നവർഗം കുതിച്ചുമുന്നേറി. സമൂഹത്തിൽ വിദ്വേഷവും കലാപവും സൃഷ്ടിക്കാൻ ശ്രമം നടത്തുന്ന ഭരണകൂടം തേടുന്ന വഴികളെല്ലാം തന്നെ ആപൽക്കരമാണ്. ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോഡി കുറ്റ വിമുക്തനാക്കപ്പെട്ട വിധിക്ക് പിന്നാലെ സാമൂഹ്യ പ്രവർത്തകരായ ടീസ്ത സെതൽവാദ്, ആർ ബി ശ്രീകുമാർ എന്നിവരെ തടങ്കലിലാക്കുകയാണ് സർക്കാർ ചെയ്തത്. ഇതൊക്കെ പൗരാവകാശ ധ്വംസനമാണ്. ആർഎസ്എസിന്റെ മുഖ്യ അജണ്ടയായ ഭരണഘടന പരിഷ്കരണത്തിലേക്കുള്ള പടിപടിയായുള്ള ആശയ പ്രചാരണമാണ് വിവിധ പരിപാടികളിലൂടെ ബിജെപി ആസൂത്രണം ചെയ്യുന്നത്. ഹിന്ദുത്വ രാഷ്ട്ര സ്ഥാപനത്തിനായി ഇവിടുത്തെ മതേതര സോഷ്യലിസ്റ്റ് സങ്കല്പങ്ങൾ അവർക്ക് ഉടച്ചു വാർക്കേണ്ടതുണ്ട്. രാജ്യത്ത് കഴിഞ്ഞ എട്ട് വർഷമായി ദളിതർ അനുഭവിക്കുന്നത് കൊടിയ പീഡനങ്ങളാണ്. രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളായ പൊതുമേഖലാ സ്ഥാപനങ്ങൾ ഓരോന്നായി കോർപറേറ്റുകൾക്ക് തീറെഴുതപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയിൽ നിലവിലുള്ള ഏക ഇടതുപക്ഷ സർക്കാരാണ് 2016 മുതൽ കേരളത്തിലുള്ളത്. വർഗീയ ചേരിതിരിവുകൾക്കും അതിസമ്പന്നർക്കനുകൂലമായ സാമ്പത്തിക പരിഷ്കാരങ്ങൾക്കും ശക്തമായ ബദൽ സൃഷ്ടിച്ചാണ് ഈ പ്രതിസന്ധി കാലത്തും അന്താരാഷ്ട്ര തലത്തിൽ കേരളം മാതൃകയായത്. മെച്ചപ്പെട്ട ആരോഗ്യ സംവിധാനം, പൊതുവിതരണ മേഖല, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയും ജനകീയ പങ്കാളിത്തവും സാധ്യമാക്കിയതാണ് ഈ ഇടതു ബദൽ.

സിപിഐ സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കമാകും

കേന്ദ്ര ഭരണകൂടം പ്രളയവും കോവിഡും സൃഷ്ടിച്ച ദുരിത കാലം ജനകീയ പങ്കാളിത്തത്തോടെ മറികടക്കാൻ ഇടതുപക്ഷ സർക്കാരിന് സാധിച്ചു. ദുരിതങ്ങൾ വരുമ്പോൾ ജനങ്ങൾക്ക് വേണ്ടി സ്ഥിതിസമത്വ ആശയങ്ങളിൽ അധിഷ്ഠിതമായി നിലകൊണ്ടതാണ് കേരളത്തിലെ സർക്കാരിനെ കേന്ദ്ര, ഇതര സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. രാജ്യത്തിന്റെയും പാവപ്പെട്ട ജനങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഇടത് ഐക്യം പ്രധാനമാണ്. ആർഎസ്എസിന്റെ നയങ്ങളെ ചെറുത്ത് തോല്പിക്കാനും ഒരു മതേതര ഇന്ത്യ കെട്ടിപ്പടുക്കാനും ഇടതുപക്ഷ ഐക്യം പരമ പ്രധാനമാണ്. മതനിരപേക്ഷതയിലും സാമൂഹ്യ നീതിയിലും അടിയുറച്ച വിശാലമായ ഇടതുപക്ഷ ജനാധിപത്യ മതേതര ഐക്യനിര വളർത്തിയെടുക്കാൻ പാർട്ടി കോൺഗ്രസ് രാഷ്ട്രീയ പ്രമേയം ആവശ്യപ്പെടുന്നുണ്ട്. 2024‑ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവിക്കും നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങൾക്കും നിർണായകമാണ്. ആർഎസ്എസ്-ബിജെപി സഖ്യത്തെ ഭരണത്തിൽ നിന്നും തൂത്തെറിയുക എന്നതായിരിക്കണം നമ്മുടെ പ്രാഥമിക ലക്ഷ്യം. ഇത്തരം പോരാട്ടങ്ങളുടെ ഭാഗമായി കേന്ദ്ര ഭരണത്തിന്റെ ജനവിരുദ്ധ നയങ്ങളെ പൊതുമധ്യത്തിൽ തുറന്നു കാണിക്കുകയും സ്വതന്ത്രമായും മതേതര ജനാധിപത്യ പാർട്ടികളുമായി ചേർന്നും പ്രചാരണ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും ഇക്കാലയളവിൽ പാർട്ടിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സമ്മേളന കാലയളവിനു ശേഷം സംസ്ഥാനത്തൊട്ടാകെ രാഷ്ട്രീയമായും സംഘടനാപരമായും അഭിമാന നേട്ടങ്ങൾ കൊയ്യാൻ പാർട്ടിക്ക് സാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പാർട്ടി മെമ്പർമാരുടെ എണ്ണത്തിലും പാർട്ടി കീഴ്ഘടകങ്ങളുടെ എണ്ണത്തിലും ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. സഹോദര പാർട്ടിയിൽ നിന്നും ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും ഇടത് മൂല്യങ്ങളിൽ ആകൃഷ്ടരായി നിരവധി ആളുകളാണ് ഓരോ ദിനവും ഈ പ്രസ്ഥാനത്തിന്റെ ചെങ്കൊടി തണലിലേക്ക് എത്തുന്നത്. പാർട്ടിയുടെ ജനസ്വാധീനത്തിലുള്ള പുരോഗതിയാണ് പാർട്ടി അംഗങ്ങളുടെ വർധനവിനെ അടയാളപ്പെടുത്തുന്നത്. 2017‑ൽ പാർട്ടി അംഗസംഖ്യ 133410, ബ്രാഞ്ചുകളുടെ എണ്ണം 9167, 2018‑ൽ പാർട്ടി അംഗസംഖ്യ 157264 ബ്രാഞ്ചുകളുടെ എണ്ണം 9968, 2022 ആകുമ്പോൾ 177122 ബ്രാഞ്ചുകൾ 11325. ഇതു പരിശോധിക്കുമ്പോൾ മനസിലാകുന്നത് നമ്മുടെ പാർട്ടിയുടെ രാഷ്ട്രീയ അടിത്തറ വികസിക്കുന്നു എന്നാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് അഭിമാനകരമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 2021 ‑ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 17 സീറ്റുകളിൽ വിജയിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിക്കാൻ പാർട്ടിക്ക് സാധിച്ചു. അച്യുതമേനോൻ സർക്കാരിന് ശേഷം കേരള ചരിത്രത്തിലെ രണ്ടാം തുടർഭരണം എന്ന ചരിത്ര നേട്ടമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 2016- ലും 2021 ലെയും കണക്കുകൾ പരിശോധിക്കുമ്പോൾ 2016 ൽ പാർട്ടി 27 സീറ്റുകളിൽ മത്സരിക്കുകയും 19 സീറ്റുകൾ നേടുകയും ചെയ്തു. 2021ൽ അത് 25 സീറ്റുകളിൽ മത്സരിക്കുകയും 17 സീറ്റുകളിൽ വിജയിക്കാനുമായി. ആനുപാതികമായി ഈ കണക്കുകളെ വിലയിരുത്തുമ്പോൾ പാർട്ടിയുടെ ജനകീയാടിത്തറയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് മനസിലാക്കാം. 2020ൽ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 14 ജില്ലകളിലും കഴിഞ്ഞ കാലങ്ങളിൽ നിന്നു വ്യത്യസ്തമായി മുന്നേറ്റം നേടാൻ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. കൂടുതൽ സീറ്റുകളിൽ മത്സരിക്കാനും വിജയിക്കാനും സാധിച്ചു. വർഗ ബഹുജന സംഘടനകളുടെ പ്രവർത്തനങ്ങളിൽ വലിയൊരളവിൽ പുരോഗതിയുണ്ടായിട്ടുണ്ട്. ആധുനിക കേരളത്തിന്റെ ശില്പികളിൽ ഒരാളായ അച്യുതമേനോന്റെ പ്രതിമ സ്ഥാപിക്കുന്നതിനായി സംസ്ഥാന സർക്കാർ തലസ്ഥാന നഗരത്തിൽ സ്ഥലം അനുവദിച്ചിട്ടുണ്ട്. ഇതിനായി 50 ലക്ഷം രൂപ ചെലവിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രിയങ്കരനായ സ. സി കെ ചന്ദ്രപ്പന്റെ നാമധേയത്തിലുള്ള സി കെ ചന്ദ്രപ്പൻ സ്മാരകം(ബിൽഡിങ്) നമുക്ക് യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞതിൽ അത്യധികം ചാരിതാർത്ഥ്യം ഉണ്ട്. ജനകീയ പ്രശ്നങ്ങളിലും നിർണായക രാഷ്ട്രീയ വിഷയങ്ങളിലും പാർട്ടി സ്വീകരിച്ച സ്വതന്ത്രവും ജനാധിപത്യപരവും ധീരവുമായ രാഷ്ട്രീയ നിലപാടുകളും അഭിപ്രായങ്ങളും പാർട്ടിയുടെ ജനസ്വീകാര്യത വർധിപ്പിക്കുന്നതിന് അടിസ്ഥാന കാരണമായി. തെരഞ്ഞെടുപ്പ് വിജയങ്ങളിലും സംഘടനാ വളർച്ചയിലും കൈവരിച്ച നേട്ടങ്ങൾക്ക് പിന്നിൽ പാർട്ടി പ്രവർത്തകരുടെയും ബഹുജനസംഘടനകളുടെയും കഠിനാധ്വാനവും അർപ്പണ ബോധത്തോടെയുള്ള പ്രവർത്തനവുമാണ്. ഏതൊരു നിർണായക രാഷ്ട്രീയ വിഷയങ്ങളിലും ജനപക്ഷത്തു നിന്നുകൊണ്ട് സ്വതന്ത്രവും കൃത്യവുമായ രാഷ്ട്രീയ നിലപാടെടുക്കുന്ന പാർട്ടിയാണ് സിപിഐ. ജനാധിപത്യത്തിന്റെ അന്തഃസത്തയെ മാനിച്ചു കൊണ്ട് മാത്രമെ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിലനിൽക്കാൻ കഴിയൂ എന്ന രാഷ്ട്രീയമായ തിരിച്ചറിവിൽ നിന്നാണ് പാർട്ടി നയങ്ങളും സംഘടനാ തത്വങ്ങളും രൂപീകരിക്കുന്നതും നടപ്പിലാക്കുന്നതും. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബഹുജനാടിത്തറ വിപുലമാക്കുക. ഇടതുപക്ഷ ജനാധിപത്യ ഐക്യം ശക്തിപ്പെടുത്തുക.
മോഡി സർക്കാരിന്റെ ജനദ്രോഹ നയങ്ങളെ ചെറുത്തുതോല്പിക്കുക. വർഗീയ ശക്തികളെ വിട്ടുവീഴ്ചയില്ലാതെ എതിർക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ നേടാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാൻ സഹായകവുമാകുന്ന ചർച്ചകളും തീരുമാനങ്ങളും പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ തീർച്ചയായും ഉണ്ടാകുന്നതാണ്. അധ്വാനിക്കുന്ന ജനതയുടെ, പട്ടിണിപാവങ്ങളുടെ ആശാകേന്ദ്രമായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈ സമ്മേളനം വിജയിപ്പിക്കാൻ വിപുലമായ തയാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്. കടുത്ത അഗ്നിപരീക്ഷണങ്ങളെ അതിജീവിച്ച് വളർന്നു വന്നതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. അതിന്റെ വേര് ഈ മണ്ണിൽ എത്രയോ ആഴത്തിൽ പതിഞ്ഞതാണ്. ആർക്കും ഈ പ്രസ്ഥാനത്തെ തകർക്കാനാകില്ല. രക്തസാക്ഷികൾ വെട്ടിത്തെളിച്ച പാതയിലൂടെ മുന്നോട്ടുപോകാൻ, ചെങ്കൊടി കൂടുതൽ ഉയരത്തിൽ പിടിക്കാൻ, വരുംനാളുകളിലെ കടമ നിറവേറ്റാൻ പ്രതിജ്ഞാബദ്ധമായി തിരുവനന്തപുരം സമ്മേളനനഗരിയിൽ എത്തുന്ന എല്ലാ സഖാക്കൾക്കും അഭിവാദ്യങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.