പൗരത്വനിയമ ഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ അസം കരാർ അട്ടിമറിച്ചു: കാനം രാജേന്ദ്രൻ

Web Desk
Posted on December 13, 2019, 8:55 pm

കോഴിക്കോട്: പൗരത്വനിയമ ഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ അസം കരാർ അട്ടിമറിച്ചിരിക്കുകയാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. അസമിൽ ഉയരുന്ന പ്രതിഷേധത്തിന്റെ മുഖ്യ കാരണം കരാർ അട്ടിമറിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിലെ കെ എം വിജയപ്പൻ  നഗറിൽ സർവ്വെ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ (എസ് എഫ് എസ് എ) 51-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1985‑ലാണ് അസം പ്രക്ഷോഭകരുമായി കേന്ദ്ര സർക്കാർ കരാർ ഉണ്ടാക്കിയത്. 1971 മാർച്ച് 24 വരെ ഇന്ത്യയിലേക്കു വന്ന പാക്കിസ്താൻകാർക്കും ബംഗ്ലാദേശികൾക്കുമെല്ലാം  ജാതിയും മതവും നോക്കാതെ ഇന്ത്യൻ പൗരത്വം നൽകുമെന്നായിരുന്നു കരാറിലെ വ്യവസ്ഥ.

you may also like this video

ഇതിനെ സി പി ഐ അടക്കമുള്ള പ്രധാന പാർട്ടികളെല്ലാം സ്വാഗതം ചെയ്തിരുന്നു. ഇപ്പോൾ കേന്ദ്ര സർക്കാർ ഇറക്കിയ പുതിയ പൗരത്വ രജിസ്റ്ററിൽ അസമിലെ 19 ലക്ഷം കുടിയേറ്റക്കാർ ഇല്ല. പരാതികൾ കേൾക്കാനായി 200 ട്രിബ്യൂണലുകൾ ഉണ്ടാക്കിയിരുന്നു. അവിടെ 200 മജിസ്ട്രേറ്റുമാരെയും നിയമിച്ചു. പൗരത്വ രജിസ്റ്ററിൽ ഇവരെ ഉൾപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് പുതിയ ഭേദഗതി നിയമം കേന്ദ്രസർക്കാർ  പാസാക്കിയിട്ടുള്ളത്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം ഉറപ്പുവരുത്താനാണ് സർക്കാർ തീരുമാനം. ഇതു അസം കരാറിന്റെ ലംഘനാമാണ്. പൗരത്വത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ ഉപയോഗിച്ചു തന്നെ രാജ്യത്തെ വിഭജിക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള സംഘപരിവാർ നീക്കത്തെ ചെറുത്തു തോൽപ്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ച്  പോരാടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൗരത്വനിയമം ഭേദഗതിചെയ്തുകൊണ്ടുള്ള പുതിയ നിയമത്തിനെതിരേ രാജ്യത്താകമാനം ഈ മാസം 19ന് ഇടതുപക്ഷം പ്രക്ഷോഭത്തിനു രൂപം നൽകിയിട്ടുണ്ട്.  ഭരണഘടനയുടെ സംരക്ഷണം പോലും ജനങ്ങൾക്കില്ല എന്ന സ്ഥിതിയിലേക്ക് മോഡി സർക്കാർ കാര്യങ്ങൾ എത്തിച്ചിരിക്കുകയാണ്.

തൊഴിലെടുക്കുന്നവന്റെ അവകാശങ്ങൾ പരിമിതപ്പെടുത്താനാണ് കേന്ദ്ര സർക്കാറിന്റെ നീക്കം. ഇതിനായി നിലവിലുള്ള തൊഴിൽ നിയമങ്ങൾ ക്രോഡീകരിച്ച് പുതിയതിനുള്ള ശ്രമമാണ് നടക്കുന്നത്. ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കുകയാണ്. കൊച്ചിയിലെ ബി പി സി എൽ ഓഹരി വിൽക്കാനും നീക്കം തുടങ്ങി. ഇതിനെതിരേ ജീവനക്കാർ സമരത്തിലാണ്. കേരളത്തിൽ പൊതുമേഖലാ നിക്ഷേപം രണ്ടുശതമാനത്തിലേക്ക് താഴ്ന്നു. സ്വകാര്യവൽക്കരണത്തിന് ആക്കം കൂട്ടുന്ന നയമാണ് കേന്ദ്രസർക്കാരിന്റേതെന്നും കാനം പറഞ്ഞു. സംസ്ഥാനവും സാമ്പത്തിക തകർച്ച നേരിടുകയാണ് എന്നത് യാഥാർത്ഥ്യമാണ്. പുതിയ തസ്തികകൾ അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതും ചെലവുകളിൽ മുൻഗണനാക്രമം നിശ്ചയിക്കുന്നതും ഇതുകൊണ്ടാണ്. രാജ്യത്താകെയുള്ള സാമ്പത്തിക തകർച്ചയുടെ ഭാഗമാണിത്. നികുതി വിഹിതമായി കോടിക്കണക്കിനു രൂപയാണ് കേന്ദ്രത്തിൽ നിന്നും സംസ്ഥാന സർക്കാരിന് ലഭിക്കാനുള്ളത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കുന്ന പ്രതിപക്ഷം രാജ്യത്തെ സാമ്പത്തിക തകർച്ചയെക്കുറിച്ചും കേന്ദ്ര സർക്കാരിന്റെ നയവൈകല്യങ്ങളെക്കുറിച്ചും സൗകര്യപൂർവം നിശ്ശബ്ദത പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്ക് സഹായകരമായ നിലപാട് സ്വീകരിക്കാനുള്ള ഉത്തരവാദിത്തം സർക്കാർ ജീവനക്കാർ കാട്ടണമെന്ന് കാനം ഓർമ്മിപ്പിച്ചു. ജോയിന്റ് കൗൺസിലിന്റെ നിലപാട് സാമൂഹ്യ  പ്രതിബദ്ധതയിൽ ഊന്നിയുള്ളതാണ്. അതു പൂർണമായും നിറവേറ്റണം. സംസ്ഥാനത്ത് റീ സർവേ നടപടികൾ പൂർത്തീകരിക്കാൻ സർവേ ജീവനക്കാർ അകമഴിഞ്ഞ പിന്തുണ  നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്വാഗതസംഘം ചെയർമാനും സി പി ഐ ജില്ലാ സെക്രട്ടറിയുമായ ടി വി ബാലൻ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  എസ് എഫ് എസ് എ സെക്രട്ടേറിയറ്റംഗങ്ങളായ റോയി ജോസഫ് രക്തസാക്ഷി പ്രമേയവും സി മണിയൻപിള്ള അനുശോചന പ്രമേയവും അവതരിപ്പിച്ചു.  എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി പങ്കജാക്ഷൻ, ജോയിന്റ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ജി മോട്ടിലാൽ, സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ, കോഴിക്കോട് കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശാ ശശാങ്കൻ, ജോയിന്റ് കൗൺസിൽ മുൻ ചെയർമാൻ അഹമ്മദ്കുട്ടി കുന്നത്ത്, ജോയിന്റ് കൗൺസിൽ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ രജിത് കുമാർ, പി എസ് സന്തോഷ് കുമാർ, ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി സംസ്ഥാന സെക്രട്ടറി സുഗൈദകുമാരി, ജോയിന്റ് കൗൺസിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി സി പി മണി, എസ് എഫ് എസ് എ സെക്രട്ടേറിയറ്റ് അംഗം വി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

എസ് എഫ് എസ് എ വൈസ് പ്രസിഡന്റ് വി പി വിനോദൻ സ്വാഗതവും എസ് എഫ് എസ് എ സംസ്ഥാന സെക്രട്ടറി ജി സജീബ്കുമാർ നന്ദിയും പറഞ്ഞു. സമ്മേളന നഗരിയിൽ എസ് എഫ് എസ് എ സംസ്ഥാന പ്രസിഡന്റ് നരേഷ് കുമാർ കുന്നിയൂർ പതാക ഉയർത്തി. പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ആർ അശോക് കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി സുധാകരൻ പിള്ള വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഇന്ന് രാവിലെ 11 മണിക്ക് നടക്കുന്ന സുഹൃദ് സമ്മേളനവും യാത്രയയപ്പും സി പി ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. വൈകീട്ട് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.