18 April 2024, Thursday

ജീവിതം ജനങ്ങളുടെ ക്ഷേമത്തിനായി മാറ്റി വെക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍: പന്ന്യന്‍ രവീന്ദ്രന്‍

Janayugom Webdesk
തൃക്കരിപ്പൂര്‍
October 23, 2021 7:57 pm

തന്റെ ജീവിതം ജനങ്ങളുടെ ക്ഷേമത്തിനായി മാറ്റി വെക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാരെന്ന് സി പി ഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍. സി പി ഐ തൃക്കരിപ്പൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസും പി കുഞ്ഞമ്പു സ്മാരക ഹാളിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിത്തെടുത്ത് കുത്തി ഭക്ഷിക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ആറ് ലക്ഷം കോടി രൂപയുടെ രാഷ്ട്രത്തിന്റെ പൊതു ആസ്തിയാണ് കുത്തകമുതലാളിമാര്‍ക്ക് തുച്ഛമായ തുകയ്ക്ക് ഈ സാമ്പത്തികവര്‍ഷം മോഡിസര്‍ക്കാര്‍ വിറ്റഴിക്കുവാന്‍ നിശ്ചയിച്ചിരിക്കുന്നത്. ദേശസാല്‍കൃത ബാങ്കുകളെ പരസ്പരം ലയിപ്പിച്ചും സ്വകാര്യ മുതലാളിമാര്‍ക്ക് കൈമാറിയും സാമ്പത്തികാടിമത്തത്തെ മാറോടണച്ചുപിടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. റയില്‍വേസ്റ്റേഷനുകളും റയില്‍വേയെ ആകെത്തന്നെയും വില്‍ക്കുന്നു. അതേ സമയം കേരളത്തില്‍ ഇടതുപക്ഷം ജനഹൃദയങ്ങളില്‍ നിറഞ്ഞ പ്രസ്ഥാനമാണെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ എം ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന നേതാക്കളായ പി എ നായര്‍, കെ കുഞ്ഞിരാമന്‍ ഇടയിലെക്കാട് എന്നിവരെ ചങ്ങെില്‍ ആദരിച്ചു.
ദേശീയ കൗണ്‍സില്‍ അംഗം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ പി കുഞ്ഞമ്പുവിന്റെ ഫോട്ടോ അനാഛാദനം ചെയ്തു. സംസ്ഥാന കൗണ്‍സില്‍ അംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എ ഐ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറി കെ വി കൃഷ്ണന്‍, മണ്ഡലം സെക്രട്ടറി പി വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പി കുഞ്ഞമ്പു അനുസ്മരണത്തിന്റെ ഭാഗമായി ബ്ലഡ് ഡൊണേള്‍സ് കേരളയുടെ സഹകരത്തോടെ രക്തദാന ക്യാമ്പ് നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം മനു ഉദ്ഘാടനം ചെയ്തു. എം വി രാജന്‍ അധ്യക്ഷത വഹിച്ചു.

സി പി ഐ തൃക്കരിപ്പൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസും പി കുഞ്ഞമ്പു സ്മാരക ഹാളിന്റെയും ഉദ്ഘാടനം ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ നിര്‍വഹിക്കുന്നു

പി കുഞ്ഞമ്പു ജനഹൃദയങ്ങളില്‍ ഇടംപിടിച്ച കമ്മ്യൂണിസ്റ്റുകാരന്‍: ഇ ചന്ദ്രശേഖരന്‍ എംഎല്‍എ
സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞു നിന്ന് ജനഹൃദയങ്ങളില്‍ ഇടംപിടിച്ച ഉത്തമനായ കമ്മ്യൂണിസ്റ്റുകാരനായിരുന്നു പി കുഞ്ഞമ്പുവെന്ന് ദേശീയ കൗണ്‍സില്‍ അംഗം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ പി കുഞ്ഞമ്പു അനുസ്മരണത്തിന്റെ ഭാഗമായി ഫോട്ടോ അനാഛാദനം ചെയ്ത് സംംസാരിക്കുകയായിരുന്നു അദ്ദേഹം. തൃക്കരിപ്പൂരിലും സമീപ പ്രദേശങ്ങളിലും പാര്‍ട്ടിയുടെയുടെ വളര്‍ച്ചക്ക് പി കുഞ്ഞമ്പുവിന്റെ നേതൃത്വപരമായ ഇടപെടലുകള്‍ മികച്ചതായിരുന്നു. പാര്‍ട്ടി എല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങള്‍ അച്ചടക്കത്തോടെ നടപ്പിലാക്കാനുള്ള നേതൃത്വ പാടവം പ്രവര്‍ത്തകര്‍ മാതൃകയാക്കി പിന്‍തുടരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.