മാനന്തവാടി: വയനാടിനെ കണ്ണൂർ എയർപോർട്ടുമായി ബന്ധിപ്പിക്കുന്ന നാലുവരിപ്പാതയുടെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് സിപിഐ. വയനാടിന്റെ വികസനത്തിന് ഇത് അനിവാര്യമാണ്. ഇതിനെതിരെയുള്ള നിലപാടുകൾ പദ്ധതി വരുന്നതിന് തടസ്സമാകും. ചില ആളുകളുടെ സൗകര്യത്തിന് ചില ഭാഗത്ത് രണ്ട് വരിപ്പാതയും മറ്റ് സ്ഥലങ്ങളിൽ നാല് വരിപ്പാത മതിയെന്ന് പറയുന്നത് യുക്തിരഹിതമാണ്.
പാതയുടെ തുടക്കം മുതൽ അവസാനിക്കും വരെ മുഴുവൻ സ്ഥലങ്ങളിലും നാല് വരിപ്പാത തന്നെ വേണമെന്നാണ് സി.പി.ഐ യുടെ അഭിപ്രായമെന്ന് സിപിഐ മാനന്തവാടി മണ്ഡലം കമ്മറ്റി നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൊതുജനങ്ങളും നാല് വരിപ്പാത തന്നെ വേണമെന്നാണ് ആഗ്രഹിക്കുന്നത്. റോഡിന് വേണ്ടി സ്ഥലം വിട്ടുകൊടുക്കുന്ന എല്ലാവരും തുല്ല്യരാണ്. കൃക്ഷിക്കാരും തൊഴിലാളികളും കെട്ടിട ഉടമകളും ഒരേ പോലെയാണ്. സ്ഥലങ്ങൾ നഷ്ടപ്പെടുന്നവർക്ക് മൂല്യം കണക്കാക്കി പൊന്നുംവില കൊടുക്കണം. കച്ചവടം ചെയ്യുന്ന കച്ചവടക്കാർക്ക് പുനരധിവാസത്തിനുള്ള നഷ്ടപരിഹാരം കൊടുക്കണം. മൈസൂർ റോഡ്, കോഴിക്കോട് റോഡുമായി ബന്ധപ്പെടുത്തി കണക്റ്റിവിറ്റി റോഡും നിർമ്മിക്കണം.
ചില ആളുകളുടെ താൽപര്യത്തിനു വേണ്ടി റോഡ് മാറ്റി സ്ഥാപിക്കണം എന്ന് പറയുന്നത് അംഗീകരിക്കുന്നതിന് കഴിയില്ല. വർഷങ്ങളായി കെട്ടിടമുറികൾ വാടകക്കെടുത്ത് കച്ചവടം ചെയ്യുന്നവർക്ക് അവരുടെ സ്ഥാപനം നഷ്ടപ്പെടുമെന്ന ഭീതി സ്വാഭാവികമാണ്.ഇവരുടെ ഉപജീവന മാർഗ്ഗം നഷ്ടപ്പെടുത്തുവാൻ പാടില്ല. ഇവർക്ക് മതിയായ നഷ്ട പരിഹാരം ലഭിക്കുമെന്ന് ഉറപ്പ് കൊടുക്കുവാൻ അധികൃതർ തയ്യാറാകണം. റോഡ് വേണമെന്നും വേണ്ടെന്നും പറഞ്ഞ് ജനങ്ങൾ ചേരിതിരിയുന്നതും റോഡിലിറങ്ങുന്നതും ശരിയല്ല. നാല് വരിപ്പാത നിർമ്മാണത്തിലെ കാലതാമസം ഉണ്ടാക്കരുതെന്നും സിപിഐ നേതാക്കൾ ആവശ്യപ്പെട്ടു.
വാർത്താ സമ്മേളത്തിൽ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു, ജില്ലാ എക്സിക്യൂട്ടിവ് അംഗം ജോണി മറ്റത്തിലാനി, ജില്ലാ കമ്മറ്റി അംഗം രജിത്ത് കമ്മന,മണ്ഡലം സെക്രട്ടറി പി.കെ ശശിധരൻ, വി.വി ആന്റണി, കെ.പി വിജയൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.