Thursday
21 Mar 2019

ജില്ലാസെക്രട്ടറി വിജയന്‍ ചെറുകര സ്വയം സ്ഥാനമൊഴിഞ്ഞു

By: Web Desk | Tuesday 3 April 2018 10:04 PM IST


Vijayan Cherukara

*പാര്‍ട്ടിതല അന്വേഷണത്തിന് സംസ്ഥാന സെന്ററിനോട് ശുപാര്‍ശ
*വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്തു

കല്‍പറ്റ: ഭൂമിവിവാദത്തെ തുടര്‍ന്ന് സിപിഐ വയനാട് ജില്ലാസെക്രട്ടറി വിജയന്‍ ചെറുകര സ്വയം സ്ഥാനമൊഴിഞ്ഞു. സംഭവത്തെ കുറിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തു. പാര്‍ട്ടി തല അന്വഷണം പൂര്‍ത്തിയാകുന്നത് വരെ സിപിഐ ദേശീയ കൗണ്‍സില്‍ അംഗം കെ രാജന്‍ എംഎല്‍എ ജില്ലാ സെക്രട്ടറി സ്ഥാനം വഹിക്കും.

സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ജില്ലാസെക്രട്ടറി സ്ഥാനത്ത് തുടരുന്നത് തന്റെ ധാര്‍മ്മികതക്ക് ചേരുന്നതല്ലെന്ന നിലപാട് ഇന്നലെ നടന്ന കൗണ്‍സിലില്‍ വിജയന്‍ ചെറുകര അറിയിക്കുകയും, കൗണ്‍സില്‍ അത് അംഗീകരിക്കുകയുമായിരുന്നു. ഭൂമിവിവാദം പാര്‍ട്ടിക്കെതിരായ ബോധപൂര്‍വമായ ആക്രമണമാണെന്ന് ജില്ലാ കൗണ്‍സില്‍ ഐക്യകണ്‌ഠേന കുറ്റപ്പെടുത്തി.

പാര്‍ട്ടിക്കെതിരായി നടക്കുന്ന ഇത്തരം അസൂത്രിത അക്രമങ്ങളെ ഗൗരവമായി കാണുമെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി കൗണ്‍സിലിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയെന്ന നിലക്ക് ശത്രുക്കളുണ്ടാകുന്നത് സ്വാഭാവികമാണ്. സംഭവത്തിന്റെ നിജസ്ഥിതി പാര്‍ട്ടി സംസ്ഥാന സെന്റര്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരും.

ഇത്തരം വാര്‍ത്ത സൃഷ്ടിച്ച ചാനലിനെതിരെ എല്ലാത്തരത്തിലുമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ സത്യന്‍ മൊകേരി വ്യക്തമാക്കി. കെ രാജന്‍ എംഎല്‍എ, വിജയന്‍ ചെറുകര, പികെ മൂര്‍ത്തി, ഇജെ ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.