വിധിയെഴുത്ത് അംഗീകരിക്കുന്നുവെന്ന് സിപിഐ

Web Desk
Posted on May 23, 2019, 7:08 pm

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ ബിജെപിക്ക് അനുകൂലമായി നടത്തിയ വിധിയെഴുത്ത് അംഗീകരിക്കുന്നുവെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. എന്നാല്‍ നരേന്ദ്രമോഡി സര്‍ക്കാരും ആര്‍എസ്എസും ബിജെപിയും കൈക്കൊണ്ട അനധികൃത നടപടികളും വോട്ടര്‍മാരുടെ ധ്രുവീകരണത്തിനായി സായുധസേനയുടെയും മതങ്ങളുടെയും പേര് ഉപയോഗിച്ച് നടത്തിയ കുതന്ത്രങ്ങളും മറന്നുകൂടാത്തതാണ്. തൊഴിലില്ലായ്മ, ഗ്രാമീണമേഖലയിലെ തകര്‍ച്ച, നോട്ടുനിരോധനവും ചരക്കുസേവന നികുതിയും പോലുള്ള വിനാശകാരിയായ നടപടികള്‍ എന്നിങ്ങനെയുള്ള ജീവല്‍പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നതില്‍ അവര്‍ക്ക് ജയിക്കാനായി. മാത്രവുമല്ല തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒരിടത്ത് പോലും ബിജെപിക്ക് ജയിക്കാനായില്ലെന്നതും എടുത്തുപറയേണ്ടതാണെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, തൊഴിലാളികള്‍ എന്നിങ്ങനെ ജീവിതത്തിന്റെ നാനാതുറകളിലുള്ള വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുനേരെ കഴിഞ്ഞ അഞ്ചുവര്‍ഷവും തുടര്‍ച്ചയായുണ്ടായ കടന്നാക്രമണങ്ങള്‍ക്കെതിരെ പുലര്‍ത്തിയ ജാഗ്രത അതേ നിലവാരത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ തുടരേണ്ടതുണ്ടെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സമ്പദ്ഘടന ഇപ്പോള്‍തന്നെ സ്തംഭനാവസ്ഥയിലാണ്. ഇന്ധനവിലയിലുണ്ടാകുന്ന വര്‍ധനവ് ആഗോള സമ്പദ്ഘടനയെയും സമ്മര്‍ദത്തിലാക്കിയിരിക്കുന്നു. ഇതെല്ലാം സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുമെന്നുറപ്പാണ്. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇടത് — മതേതര — ജനാധിപത്യ ശക്തികളുടെ യോജിപ്പ് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും തൊഴിലാളിവര്‍ഗത്തിന്റെ നിശ്ചയദാര്‍ഢ്യമുള്ള പോരാട്ടങ്ങള്‍ തുടരേണ്ടതുണ്ടെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.