പ്രകൃതിയെ നശിപ്പിക്കുന്ന പദ്ധതിക്കെതിരെ സിപിഐ നിലകൊള്ളും: കാനം

Web Desk
Posted on March 11, 2018, 8:09 pm
കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് ഫെഡറേഷന്‍ (കെ ഇ ഒ എഫ്) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം സി പി ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

സ്വന്തം ലേഖകന്‍
കോഴിക്കോട്: ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പ്രകൃതിയെ നശിപ്പിക്കുന്ന പദ്ധതികളെ എതിര്‍ക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍. സിപിഐ അതിരപ്പള്ളി പദ്ധതിക്ക് എതിരാണ്. കമ്മ്യൂണിസ്റ്റുകാര്‍ പരിസ്ഥിതി സംരക്ഷകരാകണമെന്നാണ് സിപിഐയുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ചിന്താവളപ്പ് പേള്‍ ബാങ്ക്വറ്റ് ഹാളിലെ ഇ ചന്ദ്രശേഖരന്‍ നായര്‍ നഗറില്‍ കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് ഫെഡറേഷന്‍ (കെഇഒഎഫ്) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി പ്രധാന്യത്തെ കുറിച്ച് 14-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഐ രാഷ്ട്രീയപ്രമേയത്തിലൂടെ എടുത്തുപറഞ്ഞിട്ടുണ്ട്. പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതില്‍ സാമൂഹ്യ നിയന്ത്രണം വേണമെന്നാണ് കാറല്‍ മാക്‌സ് പറഞ്ഞത്. എംഗല്‍സും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞിട്ടുണ്ട്. ഇവരെല്ലാം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആണിക്കല്ലെന്നും കാനം പറഞ്ഞു.
അതിരപ്പള്ളിയില്‍ ആവശ്യത്തിനു വെള്ളമില്ല. വൈദ്യുതിവകുപ്പ് ചാലക്കുടി പുഴയുടെ തീരത്ത് എന്തിനാണ് ഓഫീസ് തുറന്നിരിക്കുന്നതെന്നും പദ്ധതി നടപ്പാക്കിയാല്‍ എത്രവൈദ്യുതി ഉത്പാദിപ്പാക്കാമെന്ന് ഉറപ്പുപറയാന്‍ കഴിയുമോയെന്നും കാനം ചോദിച്ചു. പദ്ധതിക്കായി ഇതുവരെ എത്ര തുക ചെലവഴിച്ചുവെന്ന് നോക്കേണ്ടതുണ്ട്. വൈദ്യുതി ഉത്പാദിപ്പിക്കാനായി ജല വൈദ്യുതി പദ്ധതികള്‍ക്കു പിന്നാലെ മാത്രം പോവാതെ പുതിയ സ്രോതസുകള്‍ കണ്ടെത്തുകയാണ് ചെയ്യേണ്ടത്. സൗരോര്‍ജ്ജമാണ് പലസംസ്ഥാനങ്ങളിലും വൈദ്യുതിയായി ഉപയോഗിക്കുന്നത്. സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സൗരോര്‍ജ്ജമുള്‍പ്പെടെയുള്ള ഊര്‍ജ്ജസ്രോതസുകള്‍ ഉപയോഗിക്കാന്‍ കഴിയണം. വികസനം എന്നത് വന്‍കിടഷോപ്പിങ് മാളോ, മേല്‍പ്പാലങ്ങളോ മത്രമല്ല . ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ജീവിതത്തിലുണ്ടാക്കുന്ന മാറ്റമാണ് യഥാര്‍ത്ഥ വികസനം. കേരളത്തിന്റെ വൈദ്യുതി മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ സാമൂഹ്യ ബാധ്യതയുടെ അടിസ്ഥാനത്തിലല്ല മറിച്ച് ലാഭേച്ഛയോടെയാണ് പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി ഉത്പാദന വിതരണ മേഖലയില്‍ കാലാനുസൃതമായ പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ ഇ ഒ എഫ് പ്രസിഡന്റ് എസ് വിജയന്‍ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, കെ ഇ ഡബ്ല്യു എഫ് ജനറല്‍ സെക്രട്ടറി എം പി ഗോപകുമാര്‍, പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി ബാലകൃഷ്ണപ്പിള്ള, ടി എം സജീന്ദ്രന്‍ (ജോയിന്റ് കൗണ്‍സില്‍), കെ വി സൂരി (എ ഐ ബി ഇ എ), കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ പ്രൊഫ. പി വിജയരാഘവന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എം നാരായണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ കെ ഇ ഒ എഫ് ജനറല്‍ സെക്രട്ടറി എം ജി അനന്തകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ നോബിള്‍ ഗുലാബ് എസ് ടി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വൈകീട്ട് നടന്ന സമാപന സമ്മേളനം റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ എം നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കഥ, കവിത, ലേഖന മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം സി പി ഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരി നിര്‍വ്വഹിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി ശ്രീഹരി സ്വാഗതവും കണ്‍വീനര്‍ കെ ജി മധുകുമാര്‍ നന്ദിയും പറഞ്ഞു.