ഡിഐജി ഓഫിസ് മാര്‍ച്ചില്‍ പങ്കെടുത്ത സിപിഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

Web Desk
Posted on August 19, 2019, 3:08 pm

കൊച്ചി: ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ മധ്യ മേഖല ഡിഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. ലാത്തിച്ചാര്‍ജിന് നേതൃത്വം നല്‍കിയ എറണാകുളം സെന്‍ട്രല്‍ എസ്‌ഐ വിപിന്‍ദാസിനെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് സിപിഐ ലോക്കല്‍ കമ്മിറ്റിയംഗം അന്‍സാര്‍ അലിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസിനെ അക്രമിച്ചു എന്നതുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് അന്‍സാര്‍ അലിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വൈകിട്ട് കോടതിയില്‍ ഹാജരാക്കും. കേസന്വേഷിക്കുന്ന ക്രൈം ഡിറ്റാച്ച്‌മെന്റാണ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ മാസം 23 നാണ് സിപിഐയുടെ ഡിഐജി ഓഫീസ് മാര്‍ച്ച് നടന്നത്. വൈപ്പിന്‍ സര്‍ക്കാര്‍ ആര്‍ട്‌സ് കോളജിലെ എഐഎസ്എഫ് പ്രവര്‍ത്തകരെ ആക്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാവാതിരിക്കുകയും പിന്നീട് എഐഎസ്എഫ് പ്രവര്‍ത്തകരെ കാണാന്‍ ഞാറയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ സിപിഐ ജില്ലാ സെക്രട്ടറിയുടെ വാഹനം തടഞ്ഞ സംഭവത്തില്‍ നിഷ്‌ക്രിയത്വം പാലിക്കുകയും ചെയ്ത ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ടുമാണ് മാര്‍ച്ച് നടത്തിയത്.
മാര്‍ച്ചിന് നേതൃത്വം നല്‍കിയ ജില്ലാ സെക്രട്ടറി പി രാജു, എല്‍ദോ എബ്രഹാം എംഎല്‍എ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ എന്‍ സുഗതന്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റിരുന്നു.
മാര്‍ച്ചിന് നേരെ നടന്ന ലാത്തിച്ചാര്‍ജിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ഉത്തരവിടുകയും ജില്ലാ കളക്ടര്‍ എസ് സുഹാസ് അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസിന്റെ വീഴ്ചയെപ്പറ്റി പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. വകുപ്പ് തല അന്വേഷണം നടത്തിയ സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപിയും എസ്‌ഐയുടെ ജാഗ്രതക്കുറവ് ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐക്കെതിരായ നടപടി സ്വീകരിച്ചത്..