അംബേദ്കറുൾപ്പെടെ രൂപം നല്കിയ ഭരണഘടനയെ നാടുനീളെ നടന്ന് വെല്ലുവിളിക്കുകയും വിദ്വേഷ പ്രസംഗം നടത്തുകയും ചെയ്യുന്ന കേന്ദ്രമന്ത്രി മാലയിട്ട അംബേദ്കർ പ്രതിമ സിപിഐ, ആർ ജെ ഡി പ്രവർത്തകർ പ്രതിഷേധത്തിന്റെ ഭാഗമായി ശുചീകരിച്ചു. ഷഹീൻബാഗിൽ ദേശവിരുദ്ധരുടെ പരിശീലനമാണ് നടക്കുന്നതെന്നും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കെതിരെയും പ്രസംഗിച്ചു നടക്കുന്ന കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ഹാരാർപ്പണം നടത്തിയ അംബേദ്കർ പ്രതിമയാണ് പ്രവർത്തകർ ശുചീകരിച്ചത്.
സ്വന്തം മണ്ഡലമായ ബെഗുസരായിയിൽ പൗരത്വ ഭേദഗതി നിയമത്തിനനുകൂലമായ പൊതുയോഗത്തിൽ പ്രസംഗിക്കാനെത്തിയതായിരുന്നു ഗിരിരാജ് സിങ്. ബല്ലിയ ബ്ലോക്കിൽ പൊതുയോഗത്തിനെത്തിയപ്പോഴാണ് തൊട്ടടുത്ത പാർക്കിൽ സ്ഥാപിച്ചിട്ടുള്ള അംബേദ്കർ പ്രതിമയിൽ ഹാരാർപ്പണം നടത്തിയത്. പൊതുയോഗത്തിലാകട്ടെ പൗത്വഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട്, അബേദ്കർ ഉൾപ്പെടെയുള്ള ഭരണഘടനാ വിദഗ്ധരെയും ഭരണഘയനയുടെ മഹത്വത്തെയും വിമർശിച്ചാണ് ഗിരിരാജ് സിങ് ഉൾപ്പെടെയുള്ളവർ സംസാരിച്ചത്. ഇതേതുടർന്നാണ് ഗിരിരാജ് ഹാരാർപ്പണം നടത്തിയ അംബേദ്കർ പ്രതിമ മലിനമായി എന്നാരോപിച്ച് സിപിഐ, ആർജെഡി പ്രവർത്തകർ ശുചീകരിച്ചത്. ജയ്ഭീം മുദ്രാവാക്യങ്ങളുമായാണ് പ്രവർത്തകർ ശുചീകരണം നടത്തിയത്.
നാടുനീളെ നടന്ന് അംബേദ്കറുടെ ഭരണഘടനയെയും അവഹേളിക്കുന്ന കേന്ദ്രമന്ത്രി പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നത് കണ്ണിൽ പൊടിയിടാനാണെന്നും യഥാർഥത്തിൽ അത് അംബേദ്കറെ അവഹേളിക്കലാണെന്നും സിപിഐ നേതാവ് സനോജ് സരോജ് പറഞ്ഞു. അതുകൊണ്ടാണ് പ്രതീകാത്മകമായി ശുചീകരണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. എല്ലായ്പോഴും അംബേദ്കറെയും അദ്ദേഹമുൾപ്പെടെയുള്ള ഭരണഘടനാ ശില്പികളെയും അവഹേളിക്കുന്ന ബിജെപി നേതാക്കളിൽ പ്രമുഖനാണ് ഗിരിരാജ് സിങ്. വിദ്വേഷപ്രസംഗങ്ങളിലൂടെ വിവാദനായകനായ അദ്ദേഹം ബല്ലിയയിലെ റാലിയിൽ ഈ പ്രദേശം ഉടൻ മറ്റൊരു ചെറുപാക്കിസ്ഥാൻ ആയേക്കുമെന്നും അതിനെതിരെ ജാഗ്രത പാലിക്കണമെന്നും പ്രസംഗിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ENGLISH SUMMARY: CPI workers purified BR Ambedkar statue alleging that it was defiled by Union Minister Giriraj Singh
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.