September 28, 2022 Wednesday

Related news

September 26, 2022
September 17, 2022
September 16, 2022
September 14, 2022
September 14, 2022
September 10, 2022
September 6, 2022
September 6, 2022
September 6, 2022
August 28, 2022

രണ്ടാം എല്‍ഡിഎഫ് മന്ത്രിസഭയിലെ സിപിഐഎം മന്ത്രിമാര്‍ ഇവരാണ്

Janayugom Webdesk
തിരുവനന്തപുരം
May 18, 2021 4:50 pm

രണ്ടാം എല്‍ഡിഎഫ് മന്ത്രിസഭയിലെ  സിപിഐ എം  മന്ത്രിമാരെ പ്രഖ്യാപിച്ചു. സിപിഐ എം പാർലമെന്ററി പാർട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.  മന്ത്രിമാരായി എംവി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെ എൻ ബാലഗോപാൽ ‚പി രാജീവ്, വി എൻ വാസവൻ, സജി ചെറിയാൻ, വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആർ ബിന്ദു, വീണാ ജോർജ്, വി അബ്ദുൾ റഹ്മാൻ എന്നിവരെ നിശ്ചയിച്ചു

പിണറായി വിജയന്‍

തിരപോലെയെത്തിയ പ്രതിസന്ധികൾക്കുമുന്നിൽ പ്രതിരോധത്തിന്റെ നെടുങ്കോട്ട കെട്ടിയ പടനായകൻ വീണ്ടും. കടന്നാക്രമണങ്ങളും വേട്ടയാടലുകളും അതിജീവിച്ച‌ പിണറായി വിജയനെന്ന കേരളത്തിന്റെ നായകന്‌ മുഖ്യമന്ത്രി പദത്തിൽ രണ്ടാം നിയോഗം. നിയമസഭയിലേക്കുള്ള  ആറാമങ്കത്തിൽ ധർമടത്ത് നിന്ന് റെക്കോഡ് ഭൂരിപക്ഷത്തിൽ തെരഞ്ഞടുക്കപ്പെട്ടത് രണ്ടാം തവണയും . മൂന്നുതവണ കൂത്തുപറമ്പിലും ഓരോ തവണ പയ്യന്നൂരിലും ഏകപക്ഷീയ വിജയവുമായി നിയമസഭയിലെത്തിയ അദ്ദേഹം അനുഭവങ്ങളുടെ തീച്ചൂളയിലാണ്‌ ഉരുകിത്തെളിഞ്ഞത്‌. നിശ്‌ചയദാർഢ്യത്തിന്റെയും പതറാത്ത കമ്യൂണിസ്‌റ്റ്‌ ധൈര്യത്തിന്റെയും പ്രതീകമായ അദ്ദേഹം 26ാം വയസിലാണ്‌ ആദ്യമായി നിയമസഭയിലെത്തിയത്‌. അടിയന്തരാവസ്ഥയിൽ ജനപ്രതിനിധിയായിട്ടും പൊലീസുകാരുടെ ക്രൂരമർദ്ദനത്തിനിരയായി. ചോരപുരണ്ട വസ്‌ത്രങ്ങൾ ഉയർത്തിക്കാട്ടി നിയമസഭയിൽ ആഭ്യന്തരമന്ത്രി കെ കരുണാകരനോട്‌ ചോദ്യമുതിർത്ത പിണറായി ജനാധിപത്യത്തിനുവേണ്ടിയുള്ള കേരളത്തിന്റെ പ്രതീകം കൂടിയായി.

1945 മെയ്‌ 24ന്‌ ചെത്തുതൊഴിലാളിയായ മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും മകനായാണ്‌ പിണറായി വിജയന്റെ ജനനം. ബാല്യ‐ കൗമാരം പൂർണമായും ദാരിദ്ര്യം നിറഞ്ഞതായിരുന്നു. പിണറായി യുപി സ്കൂളിലും പെരളശേരി ഹൈസ്കൂളിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഒരുവർഷം നെയ്ത്ത് തൊഴിലാളിയായി ജോലി ചെയ്തു. തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ പ്രീഡിഗ്രി‐ ബിരുദ പഠനം. കെഎസ്എഫ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, കെഎസ്‌വൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1968ൽ മാവിലായിയിൽ ചേർന്ന കണ്ണൂർ ജില്ലാ പ്ലീനത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

1972ൽ ജില്ലാ സെക്രട്ടറിയറ്റ് അംഗവും 1978ൽ സംസ്ഥാന കമ്മിറ്റി അംഗവുമായി. 1986‐ൽ  കണ്ണൂർ ജില്ലാ സെക്രട്ടറി. 88ൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. 1996ൽ സഹകരണ ‐ വൈദ്യുതി മന്ത്രിയായപ്പോഴാണ്‌ വൈദ്യുതി മേഖലയിൽ കേരളം കുതിച്ചത്‌. പിണറായി വിജയനെന്ന ഭരണതന്ത്രജ്‌ഞനെ കേരളം അനുഭവിച്ചറിയുകയായിരുന്നു അക്കാലം. 1998ൽ ചടയൻ ഗോവിന്ദന്റെ വിയോഗത്തെതുടർന്ന് പാർടി സംസ്ഥാന സെക്രട്ടറിയായി. കണ്ണൂർ, മലപ്പുറം, കോട്ടയം, തിരുവനന്തപുരം സമ്മേളനങ്ങളിലും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴ സമ്മേളനത്തിൽ സെക്രട്ടറി പദം ഒഴിഞ്ഞു.  കൊൽക്കത്തയിൽ ചേർന്ന പതിനാറാം പാർടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റി അംഗമായും തുടർന്ന് പൊളിറ്റ്ബ്യൂറോ അംഗമായും തെരഞ്ഞെടുക്കപ്പെട്ടു.

1971 ൽ തലശേരിയിൽ ആർഎസ്എസുകാർ വർഗീയകലാപം അഴിച്ചുവിട്ടപ്പോൾ  സംഘർഷമേഖലകളിലുടനീളം സഞ്ചരിച്ച് പിണറായിയും പാർടി പ്രവർത്തകരും നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളെ തലശേരി ലഹളയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വിതയത്തിൽ കമീഷൻ ശ്ലാഘിച്ചു.

കേരളത്തിന്റെ ചരിത്രത്തിൽ നിർണായകമായിരുന്നു കഴിഞ്ഞ അഞ്ചുവർഷം. 2016ൽ ധർമടത്തുനിന്ന്‌ റെക്കോഡ്‌ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കേരളത്തിന്റെ കപ്പിത്താനായി. ഓഖിയും രണ്ടുതവണയെത്തിയ പ്രളയവും കേരളത്തെ തകർത്തപ്പോൾ പണിയാം നമുക്ക്‌ പുതുകേരളമെന്ന സന്ദേശവുമായി അദ്ദേഹം മുന്നിൽനടന്നു. നിപ്പയും കോവിഡുമെത്തിയപ്പോഴും കരുതലിന്റെ മഹാസന്ദേശവുമായി അദ്ദേഹം മുന്നിൽനിന്നു നയിച്ചു. സമാനതകളില്ലാത്ത മുന്നേറ്റം സമസ്‌ത മേഖലകളിലും സാധ്യമാക്കിയതിനൊപ്പം പിണറായിയുടെ നേതൃത്വത്തിലുള്ള അഞ്ചുവർഷത്തെ ഭരണം അവശജനവിഭാഗങ്ങളെ മുമ്പെങ്ങുമില്ലാത്തവിധം ചേർത്തുപിടിച്ചു. റിട്ട. അധ്യാപിക കമലയാണ് ഭാര്യ. വിവേക്, വീണ മകള്‍

വീണാ ജോർജ്

രണ്ടാം തവണയും ആറൻമുളയിൽ നിന്ന്‌ വിജയിച്ച വീണാ ജോർജിന്റെ സ്ഥാനലബ്ദി മലയോര ജില്ലയുടെ വികസന നേട്ടങ്ങൾക്ക്‌ മുതൽക്കുട്ടാകും. നാല്പത്തി അഞ്ചുകാരിയായ വീണാ ജോർജ് എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. സിപിഐ എം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗമാണ്. 2012 ലെ അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ തെരഞ്ഞെടുക്കപ്പെട്ട അഞ്ച്‌ ഇൻഡ്യൻ മാധ്യമപ്രവർത്തകരിൽ ഒരാളാണ്‌. കൈരളി, ഇൻഡ്യാവിഷൻ, എം എംന്യൂസ്, റിപ്പോർട്ടർ ചാനലുകളിലെ സേവനത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടി. ജനപക്ഷ നിലപാടുകളാണ് ഈ യുവതിയെ ജനകീയയാക്കിയത്. മലയാള മാധ്യമ രംഗത്തെ പ്രഥമ വനിത എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനം അനുഷ്ടിച്ചു. നിലവിൽ സംസ്ഥാന സർക്കാരിന്റെ നാം മുന്നോട്ടെന്ന പരിപാടിയിൽ ആങ്കറാണ്.

കേരള സർവകലാശാലയിൽനിന്ന്‌ എംഎസ്‌‌സി ഫിസിക്‌സിനും, ബിഎഡിനും റാങ്ക് ജേതാവായി. ഏഷ്യാ വിഷൻ, ടി പി വ്യൂവേഴ്സ്, ശബാമതി, പി ഭാസ്‌കരൻ ഫൗണ്ടേഷൻ, സുരേന്ദ്രൻ നീലേശ്വരം, കേരള ടി വി അവാർഡ് (മികച്ച മലയാളം ന്യൂസ് റീഡർ ) രാജീവ് ഗാന്ധി ഫൗണ്ടേഷൻ, നോർത്ത് അമേരിക്കൻ പ്രസ് ക്ലബ്ബ്, യുഎഇ ഗ്രീൻ ചോയിസ് തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചു.

 

പി എ മുഹമ്മദ് റിയാസ്

2014‑ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ എം.കെ.രാഘവനെതിരെ മത്സരിച്ചു പരാജയപ്പെട്ടിരുന്നു റിയാസ്. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എന്ന നിലയിൽ രാജ്യത്തിന്റ് വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. യുവജനപ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് റിയാസിന് ഇടം ലഭിച്ചത്. സെയ്ന്റ് ജോസഫ് ബോയ്സ് ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐ.യിലുടെയാണ് രാഷ്ട്രീയസംഘടനാ പ്രവർത്തനമാരംഭിച്ചത്. കോഴിക്കോട് ലോ കോളേജിൽനിന്ന് നിയമബിരുദം നേടി. SFI യുടെയും DYFlയുടേയും യൂണിറ്റ് തലം മുതൽ ദേശീയ തലം വരെ ഭാരവാഹിത്വം വഹിച്ചു. പ്രക്ഷോഭങ്ങളിൽ നിരവധി തവണ ജയിൽവാസം അനുഭവിക്കേണ്ടി വന്നു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയായി മികവ് തെളിയിച്ചു. സെനറ്റ്, സിൻഡിക്കറ്റ് അംഗമായും പ്രവർത്തിച്ചു . CPM കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം, സെക്രട്ടറിയറ്റംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. നിലവിൽ CPM സംസ്ഥാന കമ്മിറ്റിയംഗമാണ്. 2017 ലാണ് ഡി.വൈ.എഫ്.ഐ. ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്

 

എം വി ഗോവിന്ദന്‍

സാമ്രാജ്യത്വ ശക്തികള്‍ക്കെതിരായ കര്‍ഷക പോരാട്ടത്തിന്റെ മണ്ണായ മോറാഴയില്‍ നിന്നും സിപിഐ എംകേന്ദ്രകമ്മറ്റിയിലേക്ക് ഉയര്‍ന്ന എം വി ഗോവിന്ദന്‍ കേരള മന്ത്രിസഭയിലേക്ക് എത്തുമ്പോള്‍ അരനൂറ്റാണ്ട് കാലത്തെ തെളിമയാര്‍ന്ന പൊതുപ്രവര്‍ത്തനത്തിലെ അനുഭവസമ്പത്താണ് മുതല്‍കൂട്ടാവുന്നത്. കെ എസ് എഫിന്റെ പ്രവര്‍ത്തകനും കണ്ണൂര്‍ ജില്ലാ യുവജന ഫെഡറേഷന്‍ ഭാരവാഹിയായിരുന്നു. കെ എസ് വൈ എഫ് രൂപീകരിച്ചപ്പോള്‍ നേതൃത്വത്തിലേക്ക് ഉയര്‍ന്നു. ഡി വൈ എഫ് ഐയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മറ്റി അംഗവും കേന്ദ്ര കമ്മറ്റി അംഗവുമായിരുന്നു. ഡി വൈ എഫ് ഐയുടെ സംസ്ഥാന സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചു.

നേരത്തെ പത്തുവര്‍ഷം എം എല്‍ എയായി പാര്‍ലമെന്ററി രംഗത്ത് കഴിവ് തെളിയിച്ചിട്ടുണ്ട്. തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയാണ് പതിനഞ്ചാം കേരള നിയമസഭയിലേക്ക് എത്തിയത്. 1969ല്‍ പാര്‍ടി അംഗമായി. 1980കളുടെ ആദ്യപകുതിയില്‍ അവിഭക്ത കണ്ണൂര്‍ ജില്ലയിലെ കാസര്‍കോട്‌ താലൂക്ക് സെക്രട്ടറിയായ അദ്ദേഹം ഉത്തരമലബാറിന് ചുവപ്പൻ അടിത്തറയുണ്ടാക്കി. 2002ല്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. എറണാകുളം ജില്ലാ സെക്രട്ടറിയായി ജില്ലയിലെ പാർട്ടിയെ ഒറ്റക്കെട്ടാക്കി ശക്തിപ്പെടുത്തി. 2006ല്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റിലും 2018ല്‍ പാര്‍ടി കേന്ദ്രകമ്മറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ദീര്‍ഘകാലം സിപിഐ എം കണ്ണൂര്‍ ജില്ലാ റെഡ് വളണ്ടിയര്‍ സേനയുടെ ക്യാപ്റ്റനുമായിരുന്നു അറുപത്തേഴുകാരനായ എം വി ഗോവിന്ദൻ. തളിപ്പറമ്പ്‌ പരിയാരം ഇരിങ്ങൽ യുപി സ്കൂളിൽ കായികാധ്യാപകനായിരിക്കേ രാഷ്ട്രീയരംഗത്ത് സജീവമായതോടെ ജോലിയിൽ നിന്ന് സ്വയം വിരമിച്ചു. 1986ൽ മോസ്‌കോ ലോക യുവജന സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

 

പി രാജീവ്

വിദ്യാർഥി, യുവജന പ്രസ്ഥാനത്തിലൂടെ മികച്ച സംഘാടകനും പോരാളിയുമായി മുൻനിരയിലേക്കുവന്ന പി രാജീവ്‌ കളമശേരിയിൽ

അഴിമതിയ്‌ക്കും കുടുംബവാഴ്‌ചയ്‌ക്കുമെതിരായ പോരാട്ടത്തിൽ ചരിത്രവിജയം നേടിയാണ്‌ മന്ത്രിപദത്തിലേക്കെത്തുന്നത്‌. യുഡിഎഫ്‌കോട്ടയെന്നു വിശേഷിപ്പിക്കാറുള്ള മണ്ഡലത്തിൽ പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രതി മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകനെ 15336 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ്‌ നിയമസഭയിലെത്തുന്നത്‌.

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗവും , ദേശാഭിമാനി ചീഫ്‌ എഡിറ്ററുമായ പി രാജീവ്‌ രാജ്യസഭാംഗമായിരിക്കെ മികച്ച പാർലമമെന്റേറിയൻ എന്ന ബഹുമതി നേടി.. 2015 മുതൽ 2018 വരെ സിപിഐ എം എറണാകുളം ജില്ലാസെക്രട്ടറിയായിരുന്ന രാജീവ്‌ എസ്‌എഫ്‌ഐ എറണാകുളം ജില്ലാസെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌, ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു. വിദ്യാർഥി നേതാവായിരിക്കെ കൂത്തുപറമ്പ്‌ വെടിവെയ്‌പ്‌ ദിവസം എറണാകുളത്ത്‌ മുൻ മുഖ്യമന്ത്രി കെ കരുണാകരനെ കരിങ്കൊടി കാണിച്ചതിന്‌ പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി.

2009 മുതൽ 2015 വരെ രാജ്യസഭാംഗവും അഷ്വറൻസ്‌ കമ്മിറ്റി ചെയർമാനും പാനൽ ഓഫ്‌ ചെയർമാനുമായിരുന്നു. സിപിഐ എം പാർലമെന്ററി പാർടി ഡെപ്യൂട്ടി ലീഡർ, രാജ്യസഭയിൽ ചീഫ്‌ വിപ്പ്‌ എന്നീ സ്ഥാനങ്ങളും വഹിച്ചു. 2001 മുതൽ 2010 വരെ ദേശാഭിമാനി റസിഡന്റ്‌ എഡിറ്ററായിരുന്നു. 2018 മുതൽ ചീഫ്‌ എഡിറ്റർ.‘ഭരണഘടന: ചരിത്രവും സംസ്‌കാരവും’, ‘ആഗോളവൽക്കരണകാലത്തെ ക്യാമ്പസ്’, ‘വിവാദങ്ങളിലെ വൈവിധ്യങ്ങൾ’, ‘കാഴ്ചവട്ടം’, ‘പുരയ്ക്കുമേൽ ചാഞ്ഞ മരം’ (മറ്റുള്ളവരുമായി ചേർന്ന്), ‘1957- ചരിത്രവും വർത്തമാനവും’ (എഡിറ്റർ) തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു. 2017ൽ മികച്ച എംപിക്കുള്ള സൻസത്‌ രത്ന പുരസ്‌കാരം, മികച്ച പൊതുപ്രവർത്തകനുള്ള പി കെ വി പുരസ്‌കാരം, പി പി ഷണ്മുഖദാസ്‌ അവാർഡ്‌, മികച്ച മുഖപ്രസംഗത്തിനുള്ള പന്തളം കേരളവർമ പുരസ്‌കാരം എന്നിവ ലഭിച്ചു.

 

ആർ ബിന്ദു

ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായ ആർ ബിന്ദു കന്നിയങ്കത്തിൽ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽനിന്നാണ് നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐ എം തൃശൂർ ജില്ലാകമ്മിറ്റി അംഗമാണ്. തൃശൂർ കേരളവർമ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും പ്രിൻസിപ്പൽ ഇൻ ചാർജുമായിരുന്നു. 2005–10ലാണ് തൃശൂർ കോർപറേഷനിൽ മേയറായിരുന്നത്. തൃശൂർ നഗരത്തിൽ മാതൃകാപരമായ വികസനം എങ്ങനെ നടപ്പാക്കാമെന്ന്‌ കാണിച്ചുതന്ന നാളുകളായിരുന്നു അത്‌. ആർ ബിന്ദു. തൃശൂർ കോർപ്പറേഷനിലെ ആദ്യ വനിതാ മേയർ. മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള സഹായവിതരണം. തൃശൂർ കോർപറേഷനാണ് ആ പദ്ധതി ആദ്യം നടപ്പാക്കിയത്.

മാടക്കത്തറയിലും വിൽവട്ടത്തുമായി നടപ്പാക്കിയ പുനരധിവാസപദ്ധതികൾ, മാലിന്യനിർമാർജനപദ്ധതി തുടങ്ങി ഒട്ടേറെ വികസനപദ്ധതികൾക്ക് നേതൃത്വം നൽകാനായി. കോളേജ് അധ്യാപകരുടെ സംഘടനയായ എകെപിസിടിഎ സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗമാണ്.

എസ്എഫ്ഐയുടെ സംസ്ഥാന വിദ്യാർഥിനി സബ് കമ്മിറ്റി കൺവീനറായിരുന്ന ബിന്ദു, കലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റംഗമായിരുന്നു. സർവകലാശാലാ സെനറ്റിലും അംഗമായി പ്രവർത്തിച്ചു. ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്കൂൾ, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ്, കലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് ഇംഗ്ലീഷ്, ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തിൽ റാങ്കോടുകൂടി ബിരുദാനന്തരബിരുദം, എംഫിൽ, പിഎച്ച്ഡി ബിരുദങ്ങളും നേടിയിട്ടുണ്ട്.

കെ രാധാകൃഷ്ണൻ

നാല് പതിറ്റാണ്ട് വികസനത്തിന്റെ മായാജാലം സൃഷ്ടിച്ച ചേലക്കരയുടെ രാധാകൃഷ്‌ണൻ വീണ്ടും സംസ്ഥാന മന്ത്രി സഭയിലേക്ക്‌. രണ്ടാംതവണയാണ്‌ മന്ത്രിയാവുന്നത്‌. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായ കെ രാധാകൃഷ്ണൻ അഞ്ചാം തവണയാണ് ചേലക്കരയിൽനിന്ന് നിയമസഭയിലേക്കെത്തുന്നത്‌. 1996‑ലാണ്‌ ആദ്യമായി ചേലക്കരയിൽ നിന്നും നിയമസഭാംഗമാവുന്നത്‌. അന്ന്‌ നായനാർ മന്ത്രിസഭയിൽ പട്ടികജാതി–-പട്ടികവർഗക്ഷേമ വകുപ്പ്‌ മന്ത്രിയായി. 2001, 2006, 2011 തെരഞ്ഞെടുപ്പുകളിലും ചേലക്കരയില്‍ നിന്നും വന്‍ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. 2001 പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായി. 2006ല്‍ നിയമസഭാ സ്പീക്കറായി 2011ല്‍ വീണ്ടും ചേലക്കരയില്‍ നിന്നും വിജയിച്ചു. 2016ലെ തെരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന്‍ മല്‍സരിച്ചില്ല. സംഘടനരംഗത്ത് സജീവമായ രാധാകൃഷ്ണന്‍ സിപിഐ എം ജില്ലാ സെക്രട്ടറിയായി. തുടര്‍ന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായ രാധാകൃഷ്ണന്‍ ദളിത്ശോഷന്‍ മുക്തി മഞ്ചിന്‍റ അഖിലേന്ത്യാ പ്രസിഡണ്ടായും തെരഞ്ഞെടുത്തു. എസ്എഫ്ഐയിലൂടെ പൊതുരംഗത്ത് വന്ന അദ്ദേഹം തൃശൂർ കേരളവർമ കോളേജിലെ ബിരുദ പഠനത്തിനുശേഷം മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. പ്രീഡിഗ്രിബോർഡ്‌ സമരത്തിനിടെ തൃശൂർ നഗരത്തിൽ കെ രാധാകൃഷ്‌ണനടക്കം രണ്ടുപേർ നഗരം സ്‌തംഭിപ്പിച്ചു. പൊലീസ്‌ എത്തി ഭീകര ലാത്തിപ്രയോഗം നടത്തി. അന്ന്‌ തോളെല്ലിന്‌ പരിക്കേറ്റതിന്റെ വേദന ഇന്നും നിലിനിൽക്കുന്നുണ്ട്‌. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.

കഷ്ടപ്പാടുകളുടെ ബാല്യകൗമാരങ്ങളോട് പൊരുതി പൊതുരംഗത്ത് ഉറച്ചുനിന്ന രാധാകൃഷ്ണൻ 1982ൽ സിപിഐ എം അംഗമായി. 1986ൽ ചേലക്കര ലോക്കൽ കമ്മിറ്റി അംഗം, 1991ൽ ചേലക്കര ഏരിയ കമ്മിറ്റി അംഗം, 2002ൽ തൃശൂർ ജില്ലാ കമ്മിറ്റി അംഗമായി. 2008ൽ സംസ്ഥാന കമ്മിറ്റി അംഗവും 2018ൽ കേന്ദ്രകമ്മിറ്റി അംഗവുമായി. 1991ൽ വള്ളത്തോൾ നഗർ ഡിവിഷനിൽ നിന്നും ആദ്യ ജില്ലാ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് പാർലമെന്ററി ജീവിതത്തിന് തുടക്കംകുറിച്ചു. തോന്നൂർക്കര യുപി സ്കൂൾ, ചേലക്കര എസ്എംടിഎച്ച്എസ്, വടക്കാഞ്ചേരി വ്യാസ എൻഎസ്എസ്‌ കോളേജ്, തൃശൂർ കേരളവർമ കോളേജ് എന്നിവിടങ്ങളിലാണ്‌ വിദ്യാഭ്യാസം.

 

കെ എൻ ബാലഗോപാൽ

ജോലി ഉപേക്ഷിച്ച് മുഴുവൻസമയ പൊതുപ്രവർത്തകനായ കെ എൻ ബാലഗോപാൽ ഇനി നാടിന്റെ ഭരണസാരഥി. മന്ത്രിയായി ബാലഗോപാലിനെ സിപിഐ എം സംസ്ഥാന കമ്മിറ്റി നിശ്‌ചയിച്ചപ്പോൾ മലയാളികളുടെ മനസിൽ തെളിഞ്ഞത്‌ പലതവണ ജയിൽവാസവും പൊലീസ് മർദനവും ഏറ്റുവാങ്ങിയ പഴയ വിദ്യാർഥി നേതാവിനെയാണ്‌. യുഡിഎഫ്‌ സർക്കാരിന്റെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെ ബാലഗോപാലിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ വടക്കേ അറ്റം മുതൽ തിരുവനന്തപുരം വരെ നടന്ന കാൽനടജാഥയും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത്‌ ഇങ്ങനെ കാൽനട ജാഥ നയിച്ച ആദ്യത്തെ വിദ്യാർത്ഥി ജാഥയുടെ ക്യാപ്റ്റനാണ്‌ ബാലഗോപാൽ.

പത്തനാപുരം കലഞ്ഞൂർ ശ്രീനികേതനിൽ പരേതരായ പി. കെ. നാരായണപ്പണിക്കരുടെയും ഒ.വി.രാധാമണി അമ്മയുടെയും മകൻ. എം. കോം, എൽ എൽ എം ബിരുദധാരി. ഭാര്യ: കോളജ് അധ്യാപികയായ ആശാ പ്രഭാകരൻ. മക്കൾ: വിദ്യാർഥികളായ കല്യാണി, ശ്രീഹരി. പുനലൂർ എസ് എൻ കോളേജ് യൂണിയൻ മാഗസിൻ എഡിറ്ററ്റായാണ്‌ വിദ്യാർഥി രാഷ്‌ട്രീയ രംഗത്ത്‌ തുടക്കം. പുനലൂർ എസ് എൻ കോളേജ് യൂണിയൻ ചെയർമാൻ, എസ്.എഫ്.ഐ പുനലൂർ ഏരിയ പ്രസിഡന്റ്, തിരുവനന്തപുരം എം.ജി കോളേജ് യൂണിയൻ ചെയർമാൻ, എസ്‌എഫ്‌ഐ കൊല്ലം ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങിയ ചുമതലകളിലും പ്രവർത്തിച്ചു.

 

എൻ വാസവന്‍

കർമോത്സുകമായ സംഘാടനമികവുകൊണ്ട്‌ കോട്ടയം ജില്ലയിൽ സിപിഐ എമ്മിനെ നയിക്കുകയും അശരണർക്ക്‌ കൈത്താങ്ങാകുകയും ചെയ്‌ത വി എൻ വാസവന്‌ ഇനി പുതിയ നിയോഗം. പിണറായി മന്ത്രിസഭയിൽ കന്നിക്കാരനായ അദ്ദേഹം ഏറ്റുമാനൂർ മണ്ഡലത്തിൽ നിന്ന്‌ 14,303 വോട്ടുകൾക്ക്‌ വിജയിച്ചു. 2006–-11ൽ കോട്ടയം എംഎൽഎയായിരുന്ന അദ്ദേഹം നിയമസഭയിൽ എത്തുന്നത്‌ രണ്ടാം വട്ടം. 1954ൽ ജനിച്ച വാസവൻ ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക്‌.

1974ൽ സിപിഐ എം അംഗമായി. 1991 ൽ പാർടി ജില്ലാ കമ്മിറ്റിയിലും 97ൽ ജില്ലാ സെക്രട്ടറിയേറ്റിലുമെത്തി. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം, സിഐടിയു ജില്ലാപ്രസിഡന്റ്‌, സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ സിഐടിയു അഖിലേന്ത്യാജനറൽ കൗൺസിൽ അംഗവും സംസ്ഥാനകമ്മിറ്റിയംഗവുമാണ്‌. കേരള പ്രൈവറ്റ്‌ ഹോസ്‌പിറ്റൽ എംപ്ലോയീസ്‌ ഫെഡറേഷൻ പ്രഥ സംസ്ഥാന ജനറൽ സെക്രട്ടറി, ഇന്ത്യൻ കോഫീഹൗസ്‌ എംപ്ലോയീസ്‌ യൂണിയൻ സ്ഥാപക പ്രസിഡന്റ്‌, കേരള സാറ്റ്‌കോം വർക്കേഴ്‌സ്‌ ആൻഡ്‌ അസോസിയേറ്റ്‌സ്‌ സ്ഥാപക സംസ്ഥാന പ്രസിഡന്റ്‌ അടക്കം നിരവധി ട്രേഡ്‌ യൂണിയനുകളുടെ ഭാരവാഹിയാണ്‌. കാലടി സംസ്‌കൃത സർവകലാശാല സിൻഡിക്കേറ്റംഗമായും പ്രവർത്തിച്ചു.

റബ്‌കോ സ്ഥാപക ഡയറക്ടർ, ചെയർമാൻ, കോട്ടയം ജില്ലാസഹകരണബാങ്ക്‌ പ്രസിഡന്റ്‌, സംസ്ഥാന സഹകരണബാങ്ക്‌ ഡയറക്ടർ, പാമ്പാടി ഹൗസിങ്‌ സൊസൈറ്റി പ്രസിഡന്റ്‌, പാമ്പാടി സർവീസ്‌ സഹകരണബാങ്ക്‌ ഭരണസമിതിയംഗം, പാമ്പാടി പഞ്ചായത്തംഗം എന്നീ നിലകളിലും വൈവിധ്യമാർന്ന കർമരംഗങ്ങളിലൂടെയാണ്‌ അദ്ദേഹം ശ്രദ്ധേയനായത്‌. നവലോകം സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ്‌, ടി കെ സ്‌മാരക പഠനകേന്ദ്രം രക്ഷാധികാരി, കോട്ടയം മെഡിക്കൽ കോളേജ്‌ ഹോസ്‌പിറ്റൽ ഡവലപ്പ്‌മെന്റ്‌ സൊസൈറ്റി എക്‌സിക്യൂട്ടീവ്‌ അംഗം എന്നീ പദവികളും വഹിക്കുന്നു.

വി അബ്ദുറഹ്‌മാൻ

കോട്ടപൊളിച്ച കരുത്തുമായാണ്‌ അബുദ്‌റഹ്‌മാൻ മന്ത്രിസഭയിലേക്ക്‌ എത്തുന്നത്‌. മുസ്ലിംലീഗിന്റെ കുത്തക മണ്ഡലമായിരുന്ന താനൂരിൽ നിന്ന്‌ 985 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ തുടർച്ചയായ രണ്ടാം തവണ വി അബ്ദുറഹ്‌മാൻ നിയമസഭയിലെത്തിയത്‌. തിരൂർ പൂക്കയിൽ സ്വദേശിയായ അബ്ദുറഹ്‌മാൻ കെഎസ്‌യുവിലൂടെയാണ്‌ പൊതുരംഗത്തെത്തുന്നത്‌. കെഎസ്‌യു താലൂക്ക് സെക്രട്ടറിയായിരുന്നു. യൂത്ത് കോൺഗ്രസ് തിരൂർ ബ്ലോക്ക് സെക്രട്ടറിയായും ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു.

ഐഎൻടിയുസി യൂത്ത്‌വിങ് സംസ്ഥാന സെക്രട്ടറിയുമായി. കെപിസിസി അംഗം, തിരൂർ നഗരസഭാ വൈസ് ചെയർമാൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. കോൺഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ച്‌ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ചു. മുസ്ലിംലീഗ്‌ സ്ഥാനാർഥി ഇ ടി മുഹമ്മദ്‌ ബഷീറിനെ വിറപ്പിച്ച പ്രകടനം. 2016ൽ ലീഗിലെ സിറ്റിങ് എഎൽഎ അബ്ദുറഹ്‌മാൻ രണ്ടത്താണിയെ തറപറ്റിച്ച്‌ സിപിഐ എം സ്വതന്ത്രനായി താനൂരിൽനിന്നും നിയമസഭയിലേക്ക്‌.

സജി ചെറിയാൻ

ചെങ്ങന്നൂരിന്റെ വികസനത്തിന്‌ ചുക്കാൻ പിടിച്ച ആത്മവിശാസവുമായാണ്‌ ‌ സജി ചെറിയാൻ (56) രണ്ടാമതും  നിയമസഭാംഗമായത്‌. 2018 ൽ കെ കെ രാമചന്ദ്രൻ നായരുടെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ സജി ചെറിയാൻ  20,956 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ആദ്യജയം നേടി.   ചെങ്ങന്നൂർ കൊഴുവല്ലൂർ തെങ്ങുംതറയിൽ പരേതനായ റിട്ട. സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫീസർ  ടി ടി ചെറിയാന്റെയും റിട്ട. പ്രധാനാധ്യാപിക ശോശാമ്മ ചെറിയാന്റെയും മകനാണ്. എസ്‌എഫ്‌ഐയിലൂടെ പൊതുരംഗത്ത്‌. 25 വർഷത്തെ കെഎസ്‌യു ഭരണം അവസാനിപ്പിച്ച് മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി.

എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സിഐടിയു ജില്ലാ പ്രസിഡന്റ്‌, സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച സജി നിലവിൽ സംസ്ഥാന കമ്മിറ്റി അംഗമാണ്‌. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കേരളസർവകലാശാല സിൻഡിക്കേറ്റംഗം, സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ്, ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

വി ശിവൻകുട്ടി

തലസ്ഥാനത്തിന്റെ ജനകീയ മുഖമാണ്‌ വി ശിവൻകുട്ടി. തൊഴിലാളികളുടെ പ്രിയ നേതാവ്‌, മികച്ച കായിക സംഘാടകൻ, ഭരണക്കർത്താവ്‌ എന്നിങ്ങനെ എന്തിലും ഏതിലും എവിടെയും ഒരു ‘ശിവൻകുട്ടി സ്‌പർശം’ തലസ്ഥാനത്ത്‌ ദൃശ്യം. കഴിഞ്ഞ അഞ്ചുവർഷം തെരഞ്ഞെടുക്കപ്പെടാത്ത എൽഎൽഎ ആയിരുന്നു നേമത്തുകാർക്ക്‌ ശിവൻകുട്ടി. ജനങ്ങൾക്കൊപ്പം നിൽക്കാൻ എന്തിന്‌ ഔദ്യോഗിക സ്ഥാനം എന്നായിരുന്നു ശിവൻകുട്ടിയുടെ മറുചോദ്യം. ആ സേവന തൽപരതയ്‌ക്കുള്ള അംഗീകാരമാണ്‌ ഇത്തണത്തെ മന്ത്രിസഭാ അംഗത്വം.

പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ ത്രസിപ്പിക്കുന്ന വിജയം ഉറപ്പാക്കിയാണ്‌ ശിവൻകുട്ടി നിയമസഭയിലേക്ക്‌ എത്തുന്നത്‌. രാജ്യം ശ്രദ്ധിച്ച ത്രികോണ പോരാട്ടത്തിൽ,  നേമത്ത്‌ കുമ്മനം രാജശേഖരൻ, കെ മുരളീധരൻ എന്നീ അതികായകരെ തറപറ്റിച്ച ‘ജയിന്റ്‌ കില്ലർ’‌.  നിയമസഭയിൽ ഇത്‌ മൂന്നാമൂഴം. 2011ൽ നേമത്തെയും, 2006ൽ തിരുവനന്തപുരം ഈസ്‌റ്റ് മണ്ഡലത്തെയും പ്രതിനിധീകരിച്ചു.

വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി. നിലവിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം‌. സിഐടിയു സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും. കെഎസ്‌ആർടി എംപ്ലോയീസ്‌ അസോസിയേഷൻ വർക്കിങ്‌ പ്രസിഡന്റ്‌. കിലെ ചെയർമാനും ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ്‌ ഡയറക്ടർ ബോർഡ്‌ അംഗവുമായിരുന്നു.

1954 നവംബർ 10ന്‌ എം വാസുദേവൻ പിള്ളയുടെയും പി കൃഷ്‌ണമ്മയുടെയും മകനായി ചെറുവക്കലിൽ ജനനം. ബിരുദധാരി. എൽഎൽബി പൂർത്തിയാക്കി. എസ്‌എഫ്ഐ ജില്ലാ പ്രസിഡന്റ്‌, സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്‌, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ചുമതലകൾ വഹിച്ചു.. ചെമ്പഴന്തി എസ്‌എൻ കോളേജിൽ വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്ത്‌‌ ജയിലിലായി. കേരള സർവകലാശാല സെനറ്റ്‌, കാർഷിക സർവകലാശാല ജനറൽ കൗൺസിൽ എന്നിവയിൽ  അംഗമായിട്ടുണ്ട്‌.

എം ബി രാജേഷ്

ത്രിത്താലയില്‍ നിന്ന് അട്ടിമറി ജയത്തോടെ നിയമസഭയിലെത്തിയ എം ബി രാജേഷാണ് പുതിയ സ്പീക്കര്‍. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗമായ രാജേഷ് ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ എസ്എഫ് യൂണിറ്റ് സെക്രട്ടറിയായാണ് സംഘടനാ പ്രവര്‍ത്തനം തുടങ്ങിയത്.  സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് നിയമബിരുദവും നേടി. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്കെത്തിയ എം ബി രാജേഷ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2009ലും 2014ലും പാലക്കാട് നിന്ന് പാര്‍ലമെന്റ് അംഗമായി. പാര്‍ലമെന്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

ദ വീക്കിന്റെ മികച്ച യുവ പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം, മനോരമ ന്യൂസിന്റെ കേരളത്തിലെ  മികച്ച പാര്‍ലമെന്റംഗത്തിനുള്ള  പുരസ്‌കാരം, ചെറിയാന്‍ ജെ കാപ്പന്‍ പുരസ്‌കാരം, കോട്ടയം ലയണ്‍സ് ക്ലബിന്റെ ഗ്ലോബല്‍ മലയാളം ഫൗണ്ടേഷന്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. എട്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. 1994 മുതല്‍ വിദ്യാര്‍ഥി നേതാവാണ്. 2002 ലും 2003 ലും പൊലീസ് മര്‍ദ്ദനത്തിനിരയായി. എംപി യായിരക്കെ ഡല്‍ഹിയില്‍വച്ചും അവിടത്തെ പൊലീസിന്റെ മര്‍ദ്ദനത്തിനിരായായി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുനേരെയുള്ള പൊലീസ് മര്‍ദ്ദനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിലാണ് ഡല്‍ഹിയില്‍ വച്ച് മര്‍ദ്ദനമേറ്റത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.