മമതയുടെ ഐക്യാഹ്വാനത്തോട് സിപിഎമ്മിനും കോണ്‍ഗ്രസിനും മമതയില്ല

Web Desk
Posted on June 27, 2019, 4:05 pm

കൊല്‍ക്കത്ത:വിശ്യാസ്യതയില്ലാത്ത മമത വേണ്ടെന്ന് സിപിഎം,ഐക്യാഹ്വാനത്തോട് കോണ്‍ഗ്രസിനും മമതയില്ല. വെള്ളം ഒഴുകിപ്പോയശേഷം അണകെട്ടാനിറങ്ങിയപോലെയായി മമതയുടെ പ്രവര്‍ത്തി.

ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ക്ഷണിക്കുകയായിരുന്നു അവര്‍. എല്ലാവരും ഒരുമിച്ച് നിന്ന് ബിജെപിയെ ശക്തമായി എതിര്‍ക്കണമെന്ന് ബംഗാള്‍ നിയമസഭയില്‍ പ്രസംഗിക്കവെ മമത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മമതയുടെ ക്ഷണത്തോട് ആര്‍ക്കും താല്‍പര്യമില്ല.
ഫാസിസത്തിനെതിരെ പോരാടുന്ന വിഷയത്തില്‍ മമതയ്ക്ക് വിശ്വാസ്യതയില്ലെന്ന് സിപിഎം നേതാവും മുന്‍ എംപിയുമായ മുഹമ്മദ് സലീം പ്രതികരിച്ചു. ബിജെപിക്കെതിരെ പോരാടുന്നതിന് കൂട്ടായ്മ ഒരുക്കാന്‍ മമതയ്ക്ക് ധാര്‍മികമായ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ കാര്യം ഞങ്ങള്‍ക്ക് അറിയില്ല. എന്നാല്‍ മമതയെ പിന്തുണയ്ക്കാന്‍ സിപിഎമ്മിനെ കിട്ടില്ല.

ചില കാര്യങ്ങള്‍ അവര്‍ പറയും. പിന്നീട് പിന്‍മാറും. അത് മമതയുടെ സ്വഭാവമാണ്. കാര്യമായിട്ടാണ് അവര്‍ പറഞ്ഞതെങ്കില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തട്ടെ. ബംഗാളില്‍ ബിജെപി വളര്‍ന്നത് മമതയുടെ പരാജയമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

ആദ്യമായിട്ടാണ് ബിജെപിക്കെതിരായ പോരാട്ടത്തിന് മമത മറ്റു പാര്‍ട്ടികളെ ക്ഷണിക്കുന്നത്. നിങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്താല്‍ എന്താണ് സംഭവിക്കുക എന്ന് ഭത്പാരയിലെ അക്രമങ്ങളില്‍ നിന്ന് ബോധ്യമായല്ലോ എന്ന് മമത നിയമസഭയില്‍ പ്രസംഗിക്കവെ ചോദിച്ചിരുന്നു. ലോക്‌സഭാ തിറഞ്ഞെടുപ്പ് വേളയില്‍ തുടങ്ങിയ സംഘര്‍ഷം ഭത്പാരയില്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. കൊല്‍ക്കത്തയോട് ചേര്‍ന്ന പ്രദേശമായ ഇവിടെ കഴിഞ്ഞദിവസവും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യമാണ് മമത സൂചിപ്പിച്ചത്.

ബിജെപിക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ക്കണം. രാഷ്ട്രീയമായി ഒന്നിക്കണം എന്നതല്ല ഇതിന്റെ അര്‍ഥം. ദേശീയതലത്തില്‍ പൊതുവിഷയങ്ങളില്‍ ഒന്നിച്ചുനില്‍ക്കണമെന്നാണ് താന്‍ പറയുന്നതെന്നും മമത വിശദീകരിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപി ശക്തമായ മുന്നേറ്റമാണ്  നടത്തിയത്. ആകെയുള്ള 42 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 22 സീറ്റ് നേടി. 18 സീറ്റ് ബിജെപിക്കും ലഭിച്ചു. കോണ്‍ഗ്രസിന് രണ്ടു സീറ്റാണ് കിട്ടിയത്.