Web Desk

കുന്നംകുളം

October 05, 2020, 7:42 pm

സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ കൊല: അന്വേഷണത്തിന് പ്രത്യേക സംഘം കൊലക്ക് പിന്നില്‍ സംഘ പരിവാറെന്ന് സി പി എം

Janayugom Online

സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി യു സനൂപാ(26)ണ് ഞായറാഴ്ച രാത്രി കൊല്ലചെയ്യപ്പെട്ടത്. കുന്നംകുളം എ സി പി യുടേ നേതൃത്വത്തില്‍ അന്വേഷിക്കും. അതേസമയം സനൂപിന്റേത് രാഷ്ട്രീയക്കൊലയെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. ആര്‍ എസ് എസ്, ബജ്‌റംഗ്ദള്‍ ബന്ധമുള്ളവരാണ് പ്രതികള്‍. ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും മന്ത്രി പറഞ്ഞു.
ഗവ. മെഡിക്കല്‍ കോളേജില്‍ ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉച്ചഭക്ഷണം തിങ്കളാഴ്ച വിതരണം ചെയ്യാനുള്ള ചുമതല ചൊവ്വന്നൂര്‍ മേഖലാ കമ്മിറ്റിക്ക് ആയിരുന്നു. ഇതിനായി ഞായറാഴ്ച രാത്രി വീടുകള്‍ കയറി പൊതിച്ചോറുകള്‍ ഉറപ്പിക്കുന്ന അവസാനവട്ട ശ്രമത്തിലായിരുന്നു സനൂപും പ്രവര്‍ത്തകരും. അതിനിടയിലാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സഹ പ്രവര്‍ത്തകനായ മിഥുനെ വീട്ടിലേക്ക് കൊണ്ടാക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. സംഭവസ്ഥലത്തു വെച്ച് തന്നെ സനൂപ് മരിച്ചു. ഒപ്പമുണ്ടായിരുന്ന വിപിന്‍, ജിത്തു, അഭിജിത്ത് എന്നിവര്‍ക്കും ഗുരുതര പരിക്കേറ്റു. വിപിനെ ജൂബിലി മിഷന്‍ ആശുപത്രിയിലും, ജിത്തുവിനെ കുന്നംകുളം റോയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രതികളെ കുറിച്ച് സൂചനകള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു. എട്ട് പ്രതികളെ കുറിച്ചാണ് വിവരം ലഭിച്ചത്. ഇതില്‍ നാല് പേരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതെന്നാണ് വിവരം. പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനം കുന്നംകുളത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തു. മേഖലയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പുതുശ്ശേരി കോളനിയില്‍ പേരാലില്‍ വീട്ടില്‍ പരേതരായ ഉണ്ണിയുടെയും സതിയുടെയും മകനായ സനൂപ് ഡി വൈ എഫ് ഐ ചൊവ്വന്നൂര്‍ മേഖലാ ജോ.സെക്രട്ടറി കൂടിയാണ്.

you may also like this video