പശ്ചിമബംഗാളില്‍ സിപി ഐ (എം) സ്ഥാനാര്‍ത്ഥി മുഹമ്മദ് സലീമിന്‍റെ വാഹനത്തിന് നേരെ ആക്രമണം

Web Desk
Posted on April 18, 2019, 3:29 pm

ഡല്‍ഹി : രാജ്യത്തെ 95 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുരോഗമിക്കുമ്പോള്‍ ആദ്യമണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗ് എന്ന റിപ്പോര്‍ട്ട് . അതേസമയം മഹാരാഷ്ട്രയില്‍ പോളിംഗ് സാവധാനത്തിലാണ് . പശ്ചിമബംഗാളില്‍ സിപി ഐ (എം) സ്ഥാനാര്‍ത്ഥി മുഹമ്മദ് സലീമിന്‍റെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായി. ബംഗാളില്‍ പലയിടത്തും സംഘര്‍ഷം തുടരുകയാണ്. ഇസ്ലാംപൂരിലെ ഒരു ബൂത്തില്‍ കയറുന്നതിനിടെയാണ് അക്രമം. അവിടെ ക്രമക്കേട് നടന്നിരുന്നുവെന്നും അക്രമത്തിന് പിന്നില്‍ തൃണമൂല്‍കോണ്‍ഗ്രസ് ആണെന്നും സലിം ആരോപിച്ചു.

മുഹമ്മദ് സലീമിന്‍റെ മേലുള്ള ആക്രമണത്തിന് പിന്നാലെ പോളിംഗ് പുരോഗമിക്കുന്നതിനിടെ ഡാര്‍ജിലിംഗില്‍ ബി.ജെ.പി-തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. വ്യാപക അക്രമങ്ങള്‍ക്കിടയിലും ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും കനത്ത പോളിംഗാണ് ആദ്യമണിക്കൂറുകളില്‍ ഉണ്ടായത്. വോട്ടെടുപ്പ് നടക്കുന്ന 10 മണ്ഡലങ്ങളില്‍ ഉച്ചവരെയുള്ള കണക്ക് അനുസരിച്ച്‌ വോട്ട് ചെയ്തതവര്‍ 25 മുതല്‍ 30 ശതമാനം വരെ പേര്‍ മാത്രം. അശോക് ചവാന്‍, സുശീല്‍ കുമാര്‍ ഷിന്‍ഡേ, പ്രീതംമുണ്ഡേ എന്നിവര്‍ ഈ ഘട്ടത്തിലെ പ്രമുഖ സ്ഥാനാര്‍ത്ഥികളാണ്. ബീഡ് മണ്ഡലത്തില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായത് പലയിടത്തും വോട്ടെടുപ്പ് വൈകിച്ചു.