നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ യെച്ചൂരി പരാതി നല്‍കി

Web Desk
Posted on March 27, 2019, 6:38 pm

ജനങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യാനുണ്ടെന്ന് നേരത്തെ അറിയിച്ച്‌  ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പരാതി നല്‍കി. തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാണിച്ചാണ് പരാതി

ഡിആര്‍ഡിഒ മേധാവിയാണ് ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണ വാര്‍ത്ത ജനങ്ങളെ അറിയിക്കേണ്ടത് . 2012ല്‍ ഇതേ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് രാജ്യത്തിന് മുന്നില്‍ വെളിപ്പെടുത്തിയത് ഡിആര്‍ഡിഒ മേധാവിയായിരുന്നുവെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. പെരുമാറ്റ ചട്ടം പുറപ്പെടുവിച്ചതിനും പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു പ്രഖ്യാപനം വരുന്നത്. ഇത് നഗ്നമായ ചട്ടലംഘനമാണ്. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിഞ്ഞിരുന്നോയെന്നും യെച്ചൂരി ചോദിക്കുന്നു