Web Desk

കോഴിക്കോട്

January 19, 2020, 8:42 pm

അലൻ ഷുഹൈബിനെതിരേ വീണ്ടും സിപിഎം നേതാവ് പി. ജയരാജൻ

Janayugom Online

മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിനെതിരേ വീണ്ടും സിപിഎം നേതാവ് പി. ജയരാജൻ. ഫെയ്സ്ബുക്കിൽ അലന്റെ അമ്മ വായിച്ചറിയുവാൻ എന്നു തുടങ്ങുന്ന കുറിപ്പിലാണ് ജയരാജൻ വീണ്ടും അലനെതിരേ പരാമർശം നടത്തിയിരിക്കുന്നത്. ഒരു പാർട്ടി മെമ്പർ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തുവെന്നെങ്കിലും സമ്മതിക്കണമെന്ന് കുറിപ്പിൽ പി. ജയരാജൻ ആവശ്യപ്പെടുന്നു. കോഴിക്കോട് നടക്കുന്ന കെഎൽഎഫ് വേദിയിൽ സംവാദത്തിനിടയിൽ താൻ പറഞ്ഞ കാര്യങ്ങളെ എതിർത്തു കൊണ്ട് ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് മാധ്യമങ്ങൾ വലിയ ചർച്ചയാക്കി തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിച്ചതു കൊണ്ടാണ് ഇങ്ങനെ എഴുതാൻ നിർബന്ധിതനായതെന്ന് പോസ്റ്റിൽ ജയരാജൻ വ്യക്തമാക്കുന്നു.

അലൻ എസ്എഫ്ഐ നേതാവാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ജയരാജൻ പറഞ്ഞു. പാർട്ടി മെമ്പറായിരുന്നു കൊണ്ട് മറ്റൊരു പ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിച്ചുവെന്നാണ് താൻ പറഞ്ഞത്. പൊലീസ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയല്ല അത് പറഞ്ഞത്. പാലയാട് യൂണിവേഴ്സിറ്റി സെന്ററിൽ ഫ്രട്ടേണിറ്റിയുമായി യോജിച്ച് പൊതുവേദിയുണ്ടാക്കാൻ അലൻ ശ്രമിച്ചു. പൊലീസ് എത്തിയപ്പോൾ ഓടി രക്ഷപ്പെട്ട, ഇപ്പൊഴും പിടിയിലാവാത്ത മാവോയിസ്റ്റ്, അലൻ താമസിക്കുന്ന മുറിയിൽ എത്തിയിരുന്നുവെന്നും രാത്രി അവിടെ താമസിച്ച് പുലർച്ചെ സ്ഥലം വിട്ടിരിന്നുവെന്നും സഹവിദ്യാർഥികൾ അറിയിച്ചിരുന്നു. ഈ വിവരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു തന്റെ പരാമർശമെന്നും ജയരാജൻ വ്യക്തമാക്കി. എൻഐഎ ഏറ്റെടുത്ത കേസെന്ന നിലയിൽ കൂടുതൽ വിഷമിപ്പിക്കുന്നില്ലെന്നും ജയരാജൻ പറയുന്നു. അലന്റെ അച്ഛനും അമ്മയ്ക്കും ആശംസകൾ അറിയിച്ചു കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. മതനിരപേക്ഷമായി ജീവിക്കുന്ന അമ്മയ്ക്കും അച്ഛനും ആശംസകൾ… ! . അതിനെ അംഗീകരിക്കാത്ത, മുസ്ലിം പേരുകാരായത് കൊണ്ടാണ് പ്രതികളാക്കപ്പെട്ടത് എന്ന നുണ ഇപ്പോഴും പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ കെണിയിൽ വീഴാതിരിക്കാൻ അപേക്ഷിക്കുന്നെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലനും താഹയും എസ്എഫ്ഐയെ മറയാക്കി മാവോയിസവും പ്രചരിപ്പിച്ചവരാണ് എന്ന പി ജയരാജന്റെ ആരോപണത്തിനെതിരെ അലന്റെ അമ്മ സബിത രംഗത്തുവന്നിരുന്നു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിലാണ് എസ്എഫ്ഐക്കുളളിൽ അലനും താഹയും മാവോവാദ ആശയപ്രചാരണം നടത്തിയെന്ന് പി ജയരാജൻ ആരോപിച്ചത്.

Eng­lish sum­ma­ry: Cpm leader p jayara­jan against alan shuhaib

YOU MAY ALSO LIKE THIS VIDEO