Tuesday
22 Oct 2019

വ്യാജ ഒസ്യത്തില്‍ ഒപ്പുവെച്ച സിപിഎം ലോക്കല്‍ സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി; മുസ്ലിം ലീഗ് പ്രാദേശിക നേതാവും സഹായിച്ചു

By: Web Desk | Tuesday 8 October 2019 10:15 PM IST


കോഴിക്കോട്: ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പുവെച്ച സിപിഐഎം പ്രാദേശിക നേതാവിനെ പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുന്ന വിധം പ്രവര്‍ത്തിച്ച കട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ മനോജിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജോളി തയ്യാറാക്കിയ വ്യാജ ഓസ്യത്തില്‍ സി. പി. ഐ. എം പ്രദേശിക നേതാവാണ് ഒപ്പുവെച്ചതെന്ന് നേരത്തെ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി. 2006 ലാണ് സിപിഐഎം ലോക്കല്‍ സെക്രട്ടറി മനോജ് ജോളിയെ പരിചയപ്പെടുന്നത്.

സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഇതിനായാണ് തനിക്ക് ഒരു ലക്ഷം രൂപ നല്‍കിയത്. പിന്നീട് ജോളി വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതുവരെ ആ ബന്ധം തുടര്‍ന്നു. തുടര്‍ന്ന് ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ മനോജ് ഒപ്പുവെയ്ക്കുകയായിരുന്നു. പിന്നീട് ഇതേകുറിച്ച് പൊലീസ് തന്നോട് ചോദിക്കുകയും ഇതിന് ശേഷം ജോളി തന്നെ സന്ദര്‍ശിച്ചപ്പോള്‍ എഗ്രിമെന്റില്‍ ഒപ്പുവെച്ച താന്‍ കുടുങ്ങിയല്ലോ എന്ന് ജോളിയോട് പറഞ്ഞതായും മനോജ് പറഞ്ഞു. ജോളിയെ വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ സഹായിച്ചത് മുസ്ലിം ലീഗ് പ്രാദേശിക നേതാവാണെന്നും ഇതില്‍ സാക്ഷിയായി ഒപ്പുവച്ചത് സിപിഐഎം പ്രാദേശിക നേതാവാണെന്നും നേരത്തെ െ്രെകംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സിപിഐഎം പ്രാദേശിക നേതാവ് ഒസ്യത്തില്‍ സാക്ഷിയായി ഒപ്പിട്ടു. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ ഇടപെടുകയും ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഒസ്യത്ത് തയ്യാറാക്കാന്‍ കൂട്ടുനിന്ന മുസ്ലിം ലീഗ് നേതാവിന് ജോളിയുമായും വീടുമായും ബന്ധമുണ്ടായിരുന്നു. ചില ഘട്ടത്തില്‍ ഇയാള്‍ക്ക് ജോളി സാമ്പത്തിക സഹായവും നല്‍കിയിരുന്നു. ഓമശ്ശേരി പഞ്ചായത്തില്‍ ഏറെ സ്വാധീനമുള്ള വ്യക്തിയാണ് പ്രാദേശിക മുസ്ലിം ലീഗ് നേതാവ്.

koodathai

സിലിക്ക് അന്ത്യ ചുംബനം നല്‍കിയത് ജോളിയും ഷാജുവും ഒരുമിച്ച്

കൊല്ലപ്പെട്ട സിലിയുടെ മൃതദേഹത്തില്‍ അന്ത്യ ചുംബനം നല്‍കിയത് ജോളിയും ഷാജുവും ഒരുമിച്ച്. അന്ത്യചുംബനം നല്‍കുന്ന ചിത്രവും ഇന്നലെ പുറത്തായി. താന്‍ അന്ത്യചുംബനം നല്‍കുമ്പോള്‍ തികച്ചും അപ്രതീക്ഷിതമായി ജോളിയും തനിക്കൊപ്പം അന്ത്യചുംബനം നല്‍കിയിരുന്നതായും ഷാജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഷാജുവിന്റെ ആദ്യഘട്ടത്തിലെ മൊഴികള്‍ക്ക് വിരുദ്ധമായിരുന്നു പുറത്തുവന്ന ചിത്രം. സിലി മരിക്കുന്നതിന് മുമ്പെ തന്നെ ജോളിയുമായി ഷാജു പ്രണയത്തിലായിരുന്നുവെന്ന സംശയങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് ചിത്രം. നേരത്തെ റോയിയുടെ സഹോദരി റെഞ്ചിയും ഈ ആരോപണം ഉന്നയിച്ചിരുന്നു. സിലിയുടെ മരണശേഷം ജോളിയെ ഷാജു വിവാഹം കഴിച്ചിരുന്നു. കൂടത്തായി കൊലപാതകങ്ങളില്‍ ഷാജു നേരത്തെ കുറ്റം ഏറ്റുപറഞ്ഞതായി വാര്‍ത്ത പുറത്തുവന്നിരുന്നു. ആദ്യ ഭാര്യയേയും മകളേയും കൊലപ്പെടുത്താന്‍ ജോളിക്ക് അവസരമൊരുക്കിയത് താനാണെന്നും ജോളിയെ സ്വന്തമാക്കാനാണ് ഇരുവരേയും കൊലപ്പെടുത്തിയതെന്നും ഷാജു അന്വേഷണസംഘത്തോടു പറഞ്ഞതായാണ് വാര്‍ത്ത പുറത്തുവന്നത്.

Related News