ഫ്ളിപ്കാര്‍ട്ട് രാജ്യാന്തര വ്യാപാരഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്ത നടപടി വഞ്ചനയെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ

Web Desk
Posted on May 10, 2018, 6:09 pm

ദില്ലി: മേക്ക് ഇന്‍ ഇന്ത്യ എന്ന പേരില്‍ മോദി സര്‍ക്കാര്‍ നല്‍കിയ എല്ലാ വാഗ്ദാനങ്ങളും നഗ്‌നമായ വഞ്ചനയാണെന്ന് തുറന്നുകാട്ടുന്നതാണ് ഓണ്‍ലൈന്‍ ചില്ലറവ്യാപാരമേഖലയിലെ ഇന്ത്യന്‍ കമ്പ നിയായ ഫ്ളിപ്കാര്‍ട്ട് 1600 കോടി ഡോളറിനു രാജ്യാന്തര ഓണ്‍ലൈന്‍ വ്യാപാരഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്ത നടപടിയെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ.

മേക്ക് ഇന്‍ ഇന്ത്യ ഇപ്പോള്‍ മേക്ക് ഫോര്‍ ഇന്ത്യയായി മാറിയിരിക്കുന്നു. ശതകോടികളുടെ വ്യാപാരം നടക്കുന്ന ഇന്ത്യന്‍ ചെറുകിട വില്‍പനമേഖലയില്‍ പിന്‍വാതില്‍ വഴി കടന്നുവരാന്‍ വിദേശമൂലധനത്തിനു സൗകര്യം ഒരുക്കി.

ബഹുബ്രാന്‍ഡ് ചില്ലറവ്യാപാരമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) അനുവദിക്കുന്നതിന്റെ ഇടതുപാര്‍ട്ടികള്‍ ശക്തിയായി എതിര്‍ത്തിരുന്നു. പ്രതിപക്ഷത്തായിരിക്കെ ബിജെപിയും ഈ നീക്കത്തിനു എതിരായിരുന്നു.

ഇപ്പോള്‍ അധികാരം ലഭിച്ചപ്പോള്‍ ബിജെപി ഇകൊമേഴ്‌സ്  പാത വഴി വിദേശമൂലധനത്തിനു പ്രവേശനം അനുവദിക്കുകയാണ്. നേരിട്ട് തന്നെ നാലുകോടിയില്‍പരം പേരുടെ ഉപജീവനമാര്‍ഗമായ ഇന്ത്യന്‍ ചില്ലറവ്യാപാരമേഖലയെ ഇതു തകര്‍ക്കും. രാജ്യത്തെ ജനസംഖ്യയില്‍ അഞ്ചിലൊന്നുപേര്‍ ഈ മേഖലയില്‍നിന്നുള്ള വരവിനെ ആശ്രയിച്ചാണ് കഴിഞ്ഞുവരുന്നത്.

രാജ്യാന്തര വിപണികളില്‍നിന്നാണ് വാള്‍മാര്‍ട്ട് അവരുടെ ഉല്‍പന്നങ്ങള്‍ സംഭരിക്കുന്നതെന്നത് പൊതുവെ അറിയാവുന്നതാണ്. ഇവ ഇന്ത്യയില്‍ വില്‍ക്കുന്നത് രാജ്യത്തെ ചെറുകിടഇടത്തരം വ്യവസായമേഖലയെയും നശിപ്പിക്കും. കാര്‍ഷികമേഖല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തൊഴില്‍നല്‍കുന്നത് ഈ രംഗമാണ്.

രാജ്യത്തിനും ജനങ്ങള്‍ക്കും ഹാനികരമായ ഇത്തരമൊരു ഏറ്റെടുക്കലിനു അനുമതി നല്‍കിയ മോദി സര്‍ക്കാര്‍ നടപടിയെ പൊളിറ്റ്ബ്യൂറോ ശക്തിയായി അപലപിച്ചു. ഇതു അനുവദിച്ചുകൊടുക്കരുതെന്ന് പിബി ആവശ്യപ്പെട്ടു.