സിപിഎംഎസ് ഇന്ത്യ തൊഴില്‍ വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥികളെ വഞ്ചിച്ചതായി പരാതി

Web Desk
Posted on May 28, 2019, 8:10 pm
കൊച്ചി
സിപിഎംഎസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തൊഴില്‍ വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥികളെ വഞ്ചിച്ചതായി പരാതി. സ്ഥാപനം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തുന്ന മെഡിക്കല്‍ സ്‌ക്രൈബിങ് കോഴ്‌സ് പഠിച്ച വിദ്യാര്‍ഥികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 38000 രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് കോഴ്‌സ് ഫീസായി ഒരു ലക്ഷം മുതല്‍ 158000 രൂപ വരെ തട്ടിയെടുത്തെന്ന് വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മൂന്നുഘട്ടങ്ങളിലായി നടത്തുന്ന ഒമ്പതുമാസത്തെ കോഴ്‌സിനും പരിശീലനത്തിനും ശേഷം ജോലി ലഭിക്കുമെന്നാണ് സ്ഥാപനം വാഗ്ദാനം ചെയ്തിരുന്നത്. കോഴ്‌സ് പഠിക്കണമെങ്കില്‍ അസാറ്റ് ടെസ്റ്റില്‍ വിജയിക്കണമെന്നും പറഞ്ഞിരുന്നു. അസാറ്റ് പ്രവേശന പരീക്ഷ നടത്തിയെങ്കിലും ഭൂരിഭാഗവും പരാജയപ്പെട്ടു. പക്ഷേ, പണം ലക്ഷ്യമിട്ട് പരാജയപ്പെട്ട ഭൂരിഭാഗത്തിനും സ്ഥാപനം കോഴ്‌സില്‍ പ്രവേശനം നല്‍കി. ഇത് പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ വിജയിക്കാനാവില്ലെന്ന ഉറപ്പോടെയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഇതേ രീതി തന്നെയാണ് സ്ഥാപനത്തിന്റെ എല്ലാ ബ്രാഞ്ചുകളിലും തുടരുന്നതെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. കോഴ്‌സിന് അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റും ജോലിയും നല്‍കാത്ത സാഹചര്യത്തില്‍ ഫീസായി നല്‍കിയ തുക തിരിച്ചുനല്‍കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.  സ്ഥാപനത്തിന്റെ വഞ്ചന ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും എല്ലാ ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. അനസ്, റിഷാദ്, അഫ്‌സല്‍, ചിഞ്ചു തുടങ്ങീ നിരവധി വിദ്യാര്‍ഥികളും വിഷ്ണുപ്രസാദിന്റെ അച്ഛന്‍ പ്രസാദ്, വിഖ്യാതിന്റെ അമ്മ രേഖ പ്രേംകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.