20 April 2024, Saturday

ബഹ്‌റൈനിലേക്ക് വരാനും പോകാനും പ്രവാസികള്‍ക്ക് സിപിആര്‍ കാര്‍ഡ്

Janayugom Webdesk
മനാമ
May 18, 2022 11:03 am

പ്രവാസികള്‍ക്ക് ബഹ്‌റൈനിലേക്ക് വരാനും പുറത്തേക്ക് പോകാനും സ്മാര്‍ട്ട് സിപിആര്‍ കാര്‍ഡ് ഉപയോഗിക്കാന്‍ അവസരമൊരുങ്ങുന്നു. ഇതിനുള്ള ശുപാര്‍ശ അധികൃതരുടെ പരിഗണനയിലാണെന്ന് പാര്‍ലമെന്റ് വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാസമിതി അധ്യക്ഷന്‍ മുഹമ്മദ് അല്‍ സീസി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പാര്‍ലമെന്റും ശൂറ കൗണ്‍സിലും നിര്‍ദേശത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. 1975ലെ പാസ്‌പോര്‍ട്ട് നിയമം ഭേദഗതി ചെയ്ത് രാജകീയ ഉത്തരവിറങ്ങുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവ് നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്.

നിലവില്‍ ബഹ്‌റൈനികള്‍ക്കും ജിസിസി പൗരന്‍മാര്‍ക്കും പാസ്‌പോര്‍ട്ടില്ലാതെ തിരിച്ചറിയല്‍ കാര്‍ഡ് മാത്രം ഉപയോഗിച്ച് അംഗരാജ്യങ്ങളില്‍ യാത്രചെയ്യാന്‍ സാധിക്കും. ഇവര്‍ക്ക് ഇലക്ട്രോണിക് ഗേറ്റ് വഴിയും സാധാരണ കൗണ്ടര്‍ വഴിയും പാസ്‌പോര്‍ട്ടില്ലാതെ കടന്നുപോകാന്‍ സാധിക്കും. കോവിഡ് കാലത്ത് പാസ്‌പോര്‍ട്ട് വേണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇപ്പോള്‍ പിന്‍വലിച്ചിട്ടുണ്ട്. ഭാവിയില്‍ എല്ലാവര്‍ക്കും ബാധകമായ ബയോമെട്രിക് സ്‌ക്രീനിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഹമ്മദ് അല്‍ സീസി പറഞ്ഞു.

ബഹ്‌റൈന്‍ വിമാനത്താവളത്തിലെ ഇലക്ട്രോണിക് ഗേറ്റ് വഴി സിപിആര്‍ കാര്‍ഡ് ഉപയോഗിച്ച് യാത്രചെയ്യാന്‍ കഴിയുന്ന സൗകര്യം ഇനിമുതല്‍ പ്രവാസികള്‍ക്കും ലഭിക്കാന്‍ വഴിയൊരുക്കുന്നതാണ് നിയമ ഭേദഗതി. അറൈവല്‍ ടെര്‍മിനലില്‍ 10 ഇലക്ട്രോണിക് ഗേറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലില്‍ ഇക്കണോമി ടിക്കറ്റുകാര്‍ക്ക് എട്ടും ഗള്‍ഫ് എയര്‍ ബിസിനസ് ക്ലാസ് ടിക്കറ്റുകാര്‍ക്ക് രണ്ടും മറ്റ് എയര്‍ലൈന്‍സ് ബിസിനസ് ക്ലാസുകാര്‍ക്ക് രണ്ടും ഇ‑ഗേറ്റുകളുണ്ട്. ബോര്‍ഡിങ് പാസ് കൗണ്ടറും ഇ‑ഗേറ്റും തമ്മില്‍ ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, സി.പി.ആര്‍ ഉപയോഗിച്ച് ബോര്‍ഡിങ് പാസ് എടുക്കുന്നവര്‍ക്ക് നേരിട്ട് ഇ‑ഗേറ്റ് വഴി പോകാന്‍ സാധിക്കും.

Eng­lish sum­ma­ry; CPR card for expa­tri­ates com­ing and going in Bahrain

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.