മലയാളി ബാലിക കൊലചെയ്യപ്പെട്ടെന്ന് സൂചന; പിന്നിൽ വളർത്തച്ഛൻ

Web Desk
Posted on October 14, 2017, 9:41 am

ഡാലസ് (യുഎസ്): വടക്കൻ ടെക്സസിലെ റിച്ചർഡ്സണിൽ മലയാളി ബാലികയെ കാണാതായ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. കുഞ്ഞിനെ വീട്ടിനുള്ളിൽ തന്നെ കൊലപ്പെടുത്തി വാഹനത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ചതാവുമെന്നാണ് പോലീസ് നിഗമനം. കുട്ടിയെ കാണാതായെന്നു പറയുന്ന സമയത്ത് വീട്ടിലെ ഒരുവാഹനം പുറത്തുപോയി മടങ്ങിവന്നുവെന്ന നിർണായക തെളിവ് ലഭിച്ചിട്ടുണ്ട്.

ഇതാണ് ഇത്തരമൊരു നിഗമനത്തിലേക്ക് അന്വേഷണ സംഘത്തെ കൊണ്ടെത്തിച്ചത്.
കുട്ടിയുടെ വീടിനു സമീപത്തുള്ള വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇതില്‍ നിന്നുമാണ് സംഭവം നടന്ന അന്നുരാത്രി വീട്ടില്‍ നിന്നും ഒരു വാഹനം പുറത്തുപോയി മടങ്ങിവന്നെന്ന് കണ്ടെത്തിയത്.

കുഞ്ഞിന് സംസാര, വളര്‍ച്ചാ വൈകല്യങ്ങളുണ്ടായിരുന്നു. ഇതാകാം കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് കരുതുന്നത്.സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളായ വെസ്‌ലി മാത്യുവിനെയും ഭാര്യയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. വെസ്‌ലി അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

പാല് കുടിക്കാന്‍ വിസമതിച്ചതിന്റെ പേരില്‍ വീടിന്റെ പുറത്ത് നിര്‍ത്തിയ മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസിനെ ഒക്ടോബര്‍ ഏഴ് ശനിയാഴ്ചയാണ് കാണാതായത്.

ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് പാല്‍ കുടിക്കാന്‍ വിസമ്മതിച്ച കുഞ്ഞിനെ ശിക്ഷിക്കാന്‍ വീടിന് പിന്നാമ്പുറത്തുള്ള ഒരു മരത്തിന്റെ കീഴെ കൊണ്ടുനിര്‍ത്തിയെന്നും, പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമാണ് പിതാവ് വെസ്‌ലി മാത്യൂസ് റിച്ചാര്‍ഡ്സണ്‍ പോലീസിനോട് പറഞ്ഞത്.
എന്നാല്‍, പുലര്‍ച്ചെ 3 മണിക്ക് ആരെങ്കിലും മൂന്നു വയസ്സുള്ള പിഞ്ചുകുഞ്ഞിനെ ഇങ്ങനെ പുറത്തു നിര്‍ത്തുമോ എന്ന ചോദ്യത്തിന് വെസ്‌ലി മാത്യൂസിന് ഉത്തരമില്ലെന്ന് പോലീസ് വക്താവ് പറഞ്ഞിരുന്നു.
കുട്ടിയെ കാണാതായത് ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നെങ്കിലും പോലീസില്‍ വിവരമറിയിക്കുന്നത് രാവിലെ എട്ടു മണിയ്ക്കാണെന്നതും സംശയത്തിന് കാരണമായിരുന്നു. എന്തുകൊണ്ടാണ് അത്രയും താമസിച്ചതെന്ന ചോദ്യത്തിനും വെസ്‌ലി മാത്യൂസിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല.