നിര്‍മ്മാണം പൂര്‍ത്തിയാക്കി വരുന്ന ദേശീയപാതയുടെ കൂടുതലിടങ്ങളില്‍ വിള്ളല്‍ കണ്ടെത്തി. കോഴിക്കോട് തിരുവങ്ങൂർ, എലത്തൂർ അമ്പലപ്പടി മേൽപ്പാലങ്ങളിലും പയ്യന്നൂര്‍ കണ്ടോത്തും കോറോം അണ്ടര്‍പാസിന് സമീപത്തെ ടാറിങ് പൂര്‍ത്തിയായ ഭാഗത്തുമാണ് പുതിയതായി വിള്ളല്‍ കണ്ടെത്തിയത്. തിരുവങ്ങൂർ മേൽപ്പാലത്തിൽ 400 മീറ്റർ നീളത്തില്‍ റോഡ് വിണ്ടുകീറിയ നിലയിലാണ്. പാലത്തിന്റെ സ്ലാബ് തുടങ്ങുന്നതിന് മുമ്പാണ് വിള്ളൽ. വിണ്ടു കീറിയ ഭാഗത്ത് ടാർ ഇട്ട് അടച്ച നിലയിലാണ്. മഴ പെയ്ത സമയത്താണ് വിള്ളൽ ശ്രദ്ധയിൽ പെട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. നാട്ടുകാർ അറിയിച്ചതോടെ റോഡ് പൊളിഞ്ഞ ഭാഗം പരിശോധിക്കാതെ വിണ്ടുകീറിയ ഭാഗത്ത് ടാർ ഒഴിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രദേശവാസികൾ പറയുന്നു. ചിലയിടങ്ങളിൽ റോഡ് വിണ്ടുകീറിയ നിലയിലാണുള്ളത്. വിള്ളലുണ്ടായ വിവരം നിർമ്മാണ കമ്പനിയായ വാഗാഡിനെ അറിയിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നായിരുന്നു കമ്പനി അധികൃതരുടെ മറുപടി.
എലത്തൂർ അമ്പലപ്പടി മേൽപ്പാലത്തിന്റെ അണ്ടർപാസിലേക്ക് കോൺക്രീറ്റ് അടർന്നു വീഴുകയായിരുന്നു. നേരത്തെയുണ്ടായ പാലവും പുതിയ പാലവും ചേരുന്ന ഭാഗത്താണ് വിള്ളൽ. വിള്ളൽ കണ്ടപ്പോൾ അധികാരികളെ അറിയിച്ചെങ്കിലും അവർ പെയിന്റടിച്ച് മറയ്ക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. വ്യാഴാഴ്ച രാത്രിയാണ് ബൈക്ക് യാത്രികരുടെ ദേഹത്തേക്ക് കോൺക്രീറ്റ് പാളി അടർന്നു വീണത്. കണ്ടോത്ത് പഴയ ദേശീയപാതയില്‍ നിന്നും പുതിയ ദേശീയപാതയിലേക്ക് കയറുന്നതിന്റെ തെക്കുഭാഗത്തും കണ്ടോത്ത് അണ്ടര്‍ ബ്രിഡ്ജിന്റെ വടക്കുഭാഗത്തായുമാണ് നൂറടിയോളം നീളത്തില്‍ ടാറിങ് പൂര്‍ത്തിയായ ഭാഗം വിണ്ടുകീറിയിട്ടുള്ളത്. ഭൂനിരപ്പില്‍നിന്നും പത്തടിയോളം ഉയരത്തിലുള്ള റോഡിലാണ് വിള്ളല്‍. പാര്‍ശ്വഭിത്തിക്കായി കോണ്‍ക്രീറ്റ് പാനലുകള്‍ ഇറക്കിവെച്ചിരിക്കുന്നതിനിടയിലൂടെയാണ് നീളത്തിലുള്ള വിള്ളലുള്ളത്. കോണ്‍ക്രീറ്റ് പാനലുകളുടെ ഭാരത്തില്‍ ചിലയിടങ്ങള്‍ താഴ്ന്ന നിലയിലുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.