Saturday
23 Mar 2019

ഈ മണല്‍ത്തിട്ടില്‍ ചവിട്ടുന്നതിന്‍മുന്‍പ്…

By: Web Desk | Sunday 7 January 2018 10:17 PM IST


ഡിസംബര്‍ 21മുതല്‍ 31വരെ ഷൊര്‍ണൂരില്‍ ഭാരതപ്പുഴയുടെ മണല്‍പ്പുറത്ത് അരങ്ങേറിയ നാടന്‍കലകളുടെ പൂരത്തിന്റെ കഥയാണിത്. ഒരു ചെറുപ്പക്കാരന്റെ ഇച്ഛാശക്തിക്ക് എന്തെല്ലാം സാധിക്കുമെന്നതിന് ദൃഷ്ടാന്തമായിരുന്നു അത്. അധികമാരുമറിയാതെ നടന്ന ഒരു അത്ഭുതക്രിയ!
ഓര്‍മ്മയില്ലെ, ഞരളത്ത് ഹരിഗോവിന്ദന്‍ എന്നൊരു സോപാനസംഗീതകാരനെ, അവധൂതനെപ്പോലെ ഓടിനടന്ന് എവിടെയും സോപാനം പാടി ആ ഗാനശാഖയെ ജനകീയമാക്കി മാറ്റിയ ഒരു ധന്യാത്മാവിന്റെ മകനെ? ജാതിയില്‍ നായരായതിനാല്‍ സോപാനത്തില്‍ സംഗീതം വായിക്കരുതെന്ന് അമ്പലാധികാരികള്‍ വിധിച്ചതിനെത്തുടര്‍ന്ന് ജനങ്ങളാണ് ഈശ്വരന്‍ എന്നു തീരുമാനിച്ചവനെ? പരേതനായ അച്ഛന് എന്തെങ്കിലുമൊരു സ്മാരകം പണിയാന്‍ സര്‍ക്കാരുകളും അക്കാദമികളും സഹായിക്കില്ലെന്നു വന്നപ്പോള്‍ അച്ഛന്റെ ഇടക്ക പരസ്യലേലം ചെയ്യാന്‍ പുറപ്പെട്ട് അനങ്ങാപ്പാറകളെ അനക്കിയവനെ? ഇയാളാണ് ഞരളത്ത് കലാശ്രമം എന്ന സോപാനസംഗീത പഠനകേന്ദ്രവും ഇടക്കനിര്‍മ്മാണവാദനപരിശീലനകേന്ദ്രവും തുടങ്ങിയതും പാട്ടോളം എന്ന ഈ കലാപൂരം സംഘടിപ്പിച്ചതും. ഇത് ആ പൂരത്തിന്റെ രണ്ടാം വര്‍ഷം.
ഇത്തവണ നമ്മുടെ സാംസ്‌കാരികവകുപ്പ് സഹകരിക്കുന്നു എന്നത് സന്തോഷകരം.
കര്‍ണാടകസംഗീതവും ക്ലാസിക്കല്‍ കലകളും അവയോടു ബന്ധപ്പെട്ട വാദ്യങ്ങളും ലോകശ്രദ്ധതന്നെ ആകര്‍ഷിച്ചുകഴിഞ്ഞ കാലമാണല്ലൊ. അതു വളരെ നന്നായി. അതിനെങ്കിലും ചന്തനിലവാരം ഉയര്‍ന്ന് അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജീവിതോപായം കിട്ടിയല്ലോ.
പക്ഷേ, കേരളമെന്ന കലാസമൃദ്ധമായ നാട്ടിലെ സര്‍ഗസമുദ്രത്തിലെ ഏതാനും കൈക്കുടന്നകള്‍ മാത്രമാണ് ഇവ. നൂറുകണക്കിന് പാട്ടുകളും അത്രതന്നെ അനുഷ്ഠാനകലകളും കാലികങ്ങളും പ്രാദേശികങ്ങളുമായ നാടന്‍ കലാരൂപങ്ങളും കേരളത്തില്‍ ഉണ്ടെന്ന കാര്യം പരക്കെ അറിയപ്പെടുന്നുപോലുമില്ല. ചുരുക്കത്തില്‍, ആഢ്യരുടെ കലയും അയിത്തക്കാരുടെ കലയുമെന്ന അന്തരം ഇന്നും നിലനില്‍ക്കുന്നു, താഴ്ത്തിക്കെട്ടലും തിരസ്‌കാരവും തുടരുന്നു.
നാടന്‍കലകള്‍ ക്ഷയിച്ചാല്‍ ക്ലാസിക്കല്‍ കലകള്‍ക്ക് നിലനില്‍പില്ലാതാവും എന്ന വാസ്തവം വിസ്മൃതമായതെന്തേ ആവോ! ആദ്യമുണ്ടായതും കലാസാമ്രാജ്യത്തെ താങ്ങിനിര്‍ത്തുന്ന അടിത്തറയും നാടന്‍കലകളാണ്. വെറും ആള്‍ക്കൂട്ടമായിരുന്നതിനെ മനുഷ്യരെ സമൂഹമാക്കിയത് നാടന്‍ കലകളാണല്ലോ. ഇതിന്റെ രഹസ്യം, എല്ലാവര്‍ക്കും ചേരാവുന്ന അവതരണങ്ങളാണ് അവ എന്നതുതന്നെ. വിശേഷിച്ച് ശ്രമകരമായ ശിക്ഷണമോ അഭ്യാസമോ കൂടാതെ ഇവയ്ക്ക് അരങ്ങേറാം. പഠിച്ചു കളിക്കുകയല്ല, കളിച്ചു പഠിക്കുകയാണ് മുറ. ആര്‍ക്കും നിഷിദ്ധമല്ല.
കൊയ്ത്തു കഴിഞ്ഞ വയലില്‍ മണ്ണിന്റെ മക്കള്‍ ആണും പെണ്ണും ഇടകലര്‍ന്ന് വട്ടമിട്ടു നിന്ന് മടമ്പമര്‍ത്തിച്ചവിട്ടി ഭൂമി കുലുക്കി പാടുന്നു – ജനകോന്റെ മകളല്ലെ സീതമ്പ്ട്ട്യാറ്, ഓറെയല്ലെ രാവണച്ചന്‍ കട്ടുകൊണ്ടോയീ!….
തളരുംവരെ അഥവാ പുലരുംവരെ നീണ്ടാലും പാടിത്തീരാത്ത ഈ കഥ പിറ്റേന്നും അതിന്റെ പിറ്റേന്നും ആവര്‍ത്തിക്കുന്നു. മനുഷ്യരുടെ അദ്ധ്വാനക്ഷീണം പമ്പ കടക്കുന്നു, പുതിയ കൂട്ടായ്മകളും ഉറച്ച ബന്ധങ്ങളും ഉടലെടുക്കുന്നു.
കുറച്ചുകൂടി പൈതൃകപരിചയവും പരിശീലനവും ആവശ്യമായ കലകളാണ് അനുഷ്ഠാനകലകള്‍. ഇവ അടുത്ത പടിയിലെ ഇനങ്ങളാണ്. ഇവിടംമുതല്‍ വിശേഷകഴിവുകളുടെ ആവശ്യകത പ്രത്യക്ഷപ്പെടുന്നു. അധികസാധനയിലൂടെ ഉദാത്തതയിലേക്കുള്ള പുറപ്പാടായി.
തെയ്യവും തിറയും കൃഷ്ണനാട്ടവുംപോലുള്ള ഈ അനുഷുഠാനകലകളില്‍നിന്നാണ് കഥകളിയുടെയും നൃത്തനൃത്യങ്ങളുടെയും മുളകള്‍ കിളിര്‍ത്തത് എന്നതില്‍ സംശയമൊന്നുമില്ല. ക്ലാസിക്കല്‍ സംഗീതവും തഥൈവ. ഉയരം കൂടുന്തോറും വേരിന് ഏറെ ഉറപ്പുണ്ടായേ തീരൂ.
എന്നാലോ, കാലം പോയതോടെ മൂലം മറന്നുപോയി. സംഗീതോത്സവങ്ങളില്‍ നാടന്‍ പാട്ടുകളെ നാലയലത്ത് അടുപ്പിക്കില്ല. പാഠവും ശീലും കാലപ്രവാഹത്തില്‍ അലിഞ്ഞുപോയി നാമാവശേഷമാകുന്ന ഇനങ്ങള്‍ ധാരാളം. ഫോക്‌ലോര്‍ അക്കാഡമിയും സംഗീതനാടക അക്കാഡമിയും കഴിയുന്നതൊക്കെ ചെയ്യുമ്പോഴും സംരക്ഷയും ശാസ്ത്രീയപഠനവും ഇന്നും ശൈശവാവസ്ഥയിലേ ആയുള്ളൂ.

എന്തിനാണ് ഈ കലകള്‍ എന്നൊരു ചോദ്യം പരിഷ്‌കാരമുള്ള ചിലര്‍ ചോദിച്ചു കേള്‍പ്പുണ്ട്. അറിയായ്കകൊണ്ടാണെങ്കില്‍ പറയാം. കലയില്ലാത്തവന് കൊലയേ പിന്നെ ഉള്ളൂ! ഒരു മനുഷ്യനെ സര്‍വ്വകലകളില്‍നിന്നും അകറ്റി അന്യനാക്കിയാല്‍ അവന്‍ സമുദായദ്രോഹിയോ ഭീകരവാദിപോലുമോ ആയിത്തീരുമെന്നു നിശ്ചയം. അഥവാ, അങ്ങനെയൊരു പരിണതി വരാതിരിക്കാന്‍ വേണ്ടത് അവനെ കൂട്ടായ്മക്കലകളില്‍ അണിചേര്‍ത്ത് മനുഷ്യനാക്കുകയാണ്. കലകളില്‍ അഭിരമിക്കുന്നവന്‍ എന്ന നിര്‍വചനമാണ് മനുഷ്യന് തീര്‍ത്തും ഇണങ്ങുക.
ഷൊര്‍ണൂര്‍ പാലത്തിനു താഴെ, ശാന്തികൂടീരത്തിനു മുന്നിലുള്ള മണല്‍ത്തിട്ട പെരിയാര്‍ ഇങ്ങനെയൊരു കലാപൂരത്തിനായി ഒരുക്കിയതാണ് എന്നേ ആര്‍ക്കും തോന്നൂ. ആയിരക്കണക്കിന് ആളുകള്‍ ഒരു വിഷമവും ഉച്ചനീചത്വവും കൂടാതെ അവിടെ ചൊരിമണലില്‍ ഇരുന്ന് പരിപാടികള്‍ ആസ്വദിക്കുന്ന കാഴ്ച മനുഷ്യനന്‍മയില്‍ വിശ്വാസം പുനഃസൃഷ്ടിക്കുന്ന ദൃശ്യമാണ്. കുറച്ചു ചെറുപ്പക്കാര്‍ അവരുടെ ആവശ്യങ്ങളും സൗകര്യങ്ങളും അന്വേഷിച്ച് നടക്കുന്നു. വേറെ ചില ചെറുപ്പക്കാര്‍ അണിയറയിലുള്ളവരുടെ കാര്യം തിരക്കുന്നു. പരിപാടി കഴിഞ്ഞാല്‍ ഹരിഗോവിന്ദനുള്‍പ്പെടെ ഇവരെല്ലാരുംകൂടി മണല്‍പ്പരപ്പിലെ കടലാസും പ്ലാസ്റ്റിക്കുമുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്യുന്നു. പിറ്റേന്നാളും മണല്‍പ്പുറം കന്യകാത്വവിശുദ്ധിയോടെ പ്രേക്ഷകരെ വരവേല്‍ക്കുന്നു.
ഒരു സ്ഥിരം സ്‌റ്റേജോ അണിയറയോ ടോയ്‌ലറ്റു പോലുമോ ഇവിടെ ഇല്ല. വെളിച്ചവും സ്ഥിരമായി കിട്ടാന്‍ മാര്‍ഗമില്ല. ഇവിടം സ്ഥിരം കലാവേദിയായി വികസിപ്പിക്കാന്‍ വേണ്ടതെല്ലാം അധികാരികള്‍ ഉടനെ ചെയ്യണം – പുരാതനഗ്രീസിലും മറ്റും ഉണ്ടായിരുന്നപോലെ. ചെലവേറിയ സംവിധാനങ്ങളൊന്നും വേണമെന്നില്ല. ഒരു സ്ഥിരം രംഗവേദി. അതിന് മേലപ്പുരപോലും വേണ്ട, അണിയറയേ വേണ്ടൂ, കുറച്ചു മാറി കലാകാരന്‍മാര്‍ക്കു താമസിക്കാന്‍ ഏതാനും മുറികളും. അഞ്ചാറ് ഹൈമാസ്റ്റ് വിളക്കുകള്‍ പുഴയില്‍ നാട്ടാം. മഴക്കാലത്ത് ഇവ കത്തേണ്ടതുമില്ല.
അവിടേക്കുള്ള നിരത്ത് വീതി കൂട്ടി നന്നായി പരിപാലിക്കുകയേ പിന്നെ വേണ്ടൂ. അക്കാദമികളും നാട്ടുകാരും സഹകരിച്ച് ഇവിടെ കാലംകൊണ്ട് ഒരു നാടന്‍കലാഗ്രാമം വളര്‍ത്തിയെടുക്കാം. അങ്ങനെ കലാമണ്ഡലത്തിന് ഒരു വിളിപ്പാടകലെ ഒരു മാതൃസ്ഥാപനം നിലവില്‍ വരട്ടെ. നാടന്‍കലകളുടെ ഡോക്യുമെന്‍േറഷനും വിമര്‍ശനപഠനങ്ങളും നടത്താന്‍ ലോകത്തുള്ള ആര്‍ക്കും സൗകര്യം ഒരുക്കിയാല്‍ നമ്മുടെ കലകള്‍ ലോകപ്രശസ്തങ്ങളാവും. ഇതിനൊക്കെ വരാവുന്ന ചെലവുകളുടെ എത്രയോ ഇരട്ടി ആര്‍ട്ട് ടൂറിസം എന്ന ഒരേ ഒരു ഇനത്തിലൂടെ വര്‍ഷാവര്‍ഷം അനായാസം സംഭരിക്കാം. വേണ്ടത് ഇച്ഛാശക്തിയാണ്. മറ്റുള്ളവര്‍ക്ക് അത് മതിയാവോളമില്ലെങ്കില്‍ അവിടെയൊരു ഹരിഗോവിന്ദനുണ്ട്. അയാളെ ഏല്പിക്കുക.
ഈ മണല്‍ത്തിട്ടില്‍ ചവിട്ടുന്നതിന്‍മുന്‍പു നാമിതിന്നൊന്നു നമോവാകമോതുക! …. തദീയേന്ദ്രജാലം നിമേഷനേരത്താല്‍ നിരങ്കുശം ഏതത്ഭുതക്രിയ ചെയ്‌വീല, വന്‍മരുഭൂതലം കാണാമവരാവതിയായി! – മഹാകവി ജി.