ബിജെപിക്കുവേണ്ടി വാര്‍ത്ത എഴുതിയാല്‍ 15,000 രൂപ പ്രതിഫലം

Web Desk
Posted on September 18, 2019, 3:35 pm

റാഞ്ചി: രഘുഭര്‍ ദാസ് മുഖ്യമന്ത്രിയായുള്ള ബിജെപി സര്‍ക്കാരിന് വേണ്ടി വാര്‍ത്ത എഴുതിയാല്‍ 15,000 രൂപ വരെ പ്രതിഫലം നല്‍കുന്നതിന് സര്‍ക്കാര്‍ പദ്ധതി. സംസ്ഥാനത്തെ ബിജെപി സര്‍ക്കാരാണ് ഇക്കാര്യം വിശദീകരിച്ച് പത്രപരസ്യം നല്‍കിയിരിക്കുന്നത്. പത്ര — ദൃശ്യ മാധ്യമങ്ങളിലെ ലേഖകര്‍ക്ക് ഇതിനായി അപേക്ഷിക്കാവുന്നതാണ്. സംസ്ഥാന വിവര സാങ്കേതിക വകുപ്പാണ് പരസ്യം നല്‍കിയിരിക്കുന്നത്.

ഈ വര്‍ഷാവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് പത്രപ്രവര്‍ത്തകരെ സ്വാധീനിച്ച് സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവ് സംബന്ധിച്ച വാര്‍ത്തകള്‍ വരുത്തിക്കുന്നതിന് ഇത്തരമൊരു പദ്ധതി സര്‍ക്കാര്‍ ചെലവില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. നടപടിക്കെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. പരസ്യത്തില്‍ പറയുന്നതനുസരിച്ച് ഓരോ ലേഖകരും ഇതിനായി അപേക്ഷ നല്‍കേണ്ടതാണ്. ഏത് മേഖലകളെ കുറിച്ച് വാര്‍ത്തകള്‍ നല്‍കാനാണ് താല്‍പര്യമെന്നും അപേക്ഷയില്‍ വ്യക്തമാക്കണം. 30 ലേഖകരെയാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കുക. ഓരോ മേഖലയെ കുറിച്ചും
തയ്യാറാക്കിപ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ക്ക് 15,000 രൂപ പ്രതിഫലം നല്‍കും. ഇങ്ങനെ പ്രസിദ്ധീകരിക്കപ്പെടുന്ന വാര്‍ത്തകളില്‍ നിന്നും കുറിപ്പുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 25 എണ്ണം ചേര്‍ത്ത് പ്രത്യേക പുസ്തകവും
പ്രസിദ്ധീകരിക്കും. ഇവയ്ക്ക് ഓരോന്നിനും 5,000 രൂപ വേറെയും പ്രതിഫലം നല്‍കും.

സംസ്ഥാന സര്‍ക്കാര്‍ എല്ലാ മര്യാദകളും ധാര്‍മ്മികതയും ലംഘിച്ചിരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ അഭിപ്രായപ്പെട്ടു. ഇത് അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാജീവ് രഞ്ചന്‍ പ്രസാദ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ സ്വാധീനിക്കുന്നതിന് സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്യുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ചില മാധ്യമപ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തിലൊരു ആവശ്യം ഏതെങ്കിലും പത്രപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് റാഞ്ചി പ്രസ്‌ക്ലബ്ബ് സെക്രട്ടറി ശംഭുനാഥ് പറഞ്ഞു.